| Sunday, 30th July 2023, 10:32 am

രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കണം; മിശ്ര വിവാഹത്തിനെതിരെ ഹിമന്ത ബിശ്വ ശര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: സംസ്ഥാനത്തെ മിശ്ര വിവാഹത്തിനെതിരെ മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശര്‍മ. സംസ്ഥാനത്ത് ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പൊലീസ് സൂപ്രണ്ടുമാരുടെ ദ്വിദിന കണ്‍വെന്‍ഷന് ശേഷം ബോംഗൈഗാവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ലൗ ജിഹാദ്’ സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും, അത് അവസാനിപ്പിക്കണം.
ഭൂരിഭാഗം ലൗ ജിഹാദ് കേസുകളിലും പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് കൊണ്ടുപോകുകയും അവരുടെ വീഡിയോ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് കാണാറുള്ളത്. പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ടോയെന്നത് ശ്രദ്ധിക്കണം. അത്തരത്തിലുള്ള വിവാഹങ്ങള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരണം,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിവാഹം കഴിക്കണമെങ്കില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു മുസ്‌ലിം മതപണ്ഡിതന് ഹിന്ദു, മുസ്‌ലിം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. ഹിന്ദുപുരോഹിതനും നിയമപരമായി ഇതിന് സാധിക്കില്ല. വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും വിവാഹം കഴിക്കണമെങ്കില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ചെയ്യണം,’ അദ്ദേഹം പറഞ്ഞു.

ഇരുമതങ്ങള്‍ക്കുമിടയില്‍ സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഉള്ളതിനാല്‍ ഇത്തരം വിവാഹങ്ങള്‍ നടക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള വിവാഹങ്ങളില്‍ പൊരുത്തപ്പെടാന്‍ പെണ്‍കുട്ടികള്‍ ബുദ്ധിമുട്ട് അനുഭവിക്കുമെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

‘ലൗ ജിഹാദ്’ കേസുകളില്‍ സമഗ്ര അന്വേഷണം നടത്തുന്നതിനെ കുറിച്ച് കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു. ‘ലൗ ജിഹാദ്’ കേസുകള്‍ അന്വേഷിക്കുന്നതിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസീജിയര്‍ ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോല്‍ഘട്ടില്‍ 25കാരനായ യുവാവ് ഭാര്യയെയും അവളുടെ രക്ഷിതാക്കളെയും കൊന്നതിന് പിന്നില്‍ ലൗ ജിഹാദ് ആണെന്നാണാണ് ഹിമന്ത ബിശ്വ ശര്‍മ ആരോപിക്കുന്നത്.

ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്നും ഇക്കാര്യം കണ്‍വെന്‍ഷനില്‍ വിശദമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു. ശൈശവ വിവാഹങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ഇവ പൂജ്യം ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘സംസ്ഥാനത്ത് ശൈശവ വിവാഹവും ബഹുഭാര്യത്വവും പൂര്‍ണമായും നിരോധിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതിനായി നിയമം കൊണ്ടുവരും. ബഹുഭാര്യത്വം നിരോധിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്, ഞങ്ങളത് ചെയ്യും,’ അദ്ദേഹം പറഞ്ഞു.

വിരമിച്ച ജസ്റ്റിസ് റൂമി ഫുകന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതി സംസ്ഥാനത്ത് ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിനുള്ള നിയമനിര്‍മാണത്തെ കുറിച്ച് പരിശോധിച്ച് വരികയാണ്. അവര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. സംസ്ഥാനത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Content Highlight: ‘Love Jihad’ creates tension in society: Himanta Biswa sharma

We use cookies to give you the best possible experience. Learn more