| Wednesday, 13th April 2022, 11:51 am

നാക്കുപിഴയാണ്, ഇ.എം.എസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ടല്ലോ; പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു; ലവ് ജിഹാദ് പരാമര്‍ശത്തില്‍ ജോര്‍ജ് എം. തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ ഷെജിനും ജോയ്സനയും തമ്മിലുള്ള വിവാഹം ലൗ ജിഹാദാണെന്ന രീതിയിലുള്ള തന്റെ പ്രസ്താവന നാക്കുപിഴയാണന്ന് മുന്‍ എം.എല്‍.എ ജോര്‍ജ് എം.തോമസ്.

ലവ് ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടത്. താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. വിഷയം പാര്‍ട്ടി സെക്രട്ടറിയെ അപ്പോള്‍ത്തന്നെ അറിയിച്ചിരുന്നു. ഇ.എം.എസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്നലെ ഒരു ചാനലില്‍ ഞാന്‍ അങ്ങനെ പറഞ്ഞതായിട്ടാണ് വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാല്‍ ലൗ ജിഹാദ് എന്ന് പറയുന്ന പദം ഞങ്ങളുടെതല്ല, ആര്‍.എസ്.എസ് ഉണ്ടാക്കിയിട്ടുള്ള വിഷയമാണ്. കേരളത്തില്‍ അങ്ങനെ പ്രതിഭാസം നിലനില്‍ക്കുന്നില്ല എന്ന് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും എന്‍.ഐ.എ അന്വേഷണ ഏജന്‍സിയുമെല്ലാം വ്യക്തമാക്കിയതാണ്. അതിനപ്പുറം ഞാന്‍ എന്ത് പറയാനാണ്. എന്നാല്‍ അങ്ങനെ തെറ്റിദ്ധരിക്കാവുന്ന വിധത്തിലാണ് സംഭാഷണം പുറത്ത് വന്നത്.

തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുന്ന വിധത്തില്‍ ആ കാര്യം അവതരിപ്പിക്കേണ്ടിയിരുന്നില്ല പിന്നീട് തോന്നിയിരുന്നു. അത് ഉണ്ടാക്കിയിട്ടുള്ള ഒരു വിവാദം ചില്ലറയല്ല. കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന് പാര്‍ട്ടി നേതാവ് പറഞ്ഞു എന്നുള്ള നിലയില്‍ കാര്യങ്ങള്‍ വന്നപ്പോള്‍ അത് സമൂഹത്തില്‍ ആകെ വലിയ വിമര്‍ശനത്തിനും ഇടവന്നിട്ടുണ്ട്. എന്നെ നേരിട്ടും ഒരുപാട് പേര്‍ വിളിച്ചു. ഇന്ത്യക്ക് പുറത്ത് കുവൈറ്റിന്നും യു.എ.ഇയില്‍ നിന്നും അമേരിക്കയില്‍ നിന്ന് വരെ ആളുകള്‍ വിളിച്ചിരുന്നുവെന്നും ജോര്‍ജ്.എം.തോമസ് പറഞ്ഞു.

ഷെജിനും ജോയ്സനയും തമ്മിലുള്ള വിവാഹം ലൗ ജിഹാദമാണെന്ന രീതിയില്‍ കഴിഞ്ഞ ദിവസം ജോര്‍ജ് എം തോമസ് പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ജോര്‍ജ് എം. തോമസിനെ തള്ളി ഡി.വൈ.എഫ്.ഐയും സി.പി.ഐ.എമ്മും നേരിട്ട് രംഗത്തെത്തിയിരുന്നു.

കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ അസ്വഭാവികതയില്ലെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. വിഷയം വ്യക്തിപരമാണ്. പാര്‍ട്ടിയെ ബാധിക്കുന്നതല്ല. എന്നാല്‍ അവര്‍ ഒളിച്ചോടിയെന്ന് പത്രങ്ങള്‍ പറയുന്നു. അത് വേണ്ടിയിരുന്നില്ല. എല്ലാവരെയും ബോധ്യപ്പെടുത്തി വിവാഹം കഴിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. യുവതിയുടെ നിലപാട് കോടതിയും അംഗീകരിച്ചു. അതോടെ ആ അധ്യായം അടഞ്ഞുവെഞ്ഞും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

രാഷ്ട്രീയ താത്പര്യം വെച്ച് സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അത് അംഗീകരിക്കില്ല. പാര്‍ട്ടി അതിനെ ശക്തമായി എതിര്‍ക്കും. ജോര്‍ജ് എം. തോമസ് ചില പരാമര്‍ശങ്ങള്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടു. ലവ് ജിഹാദ് ഉള്‍പ്പെട്ടിട്ടില്ല. മതന്യൂനപക്ഷങ്ങളെ ആക്രമിക്കാന്‍ ആര്‍. എസ്.എസ് നിര്‍മിക്കുന്നതാണ് ലവ് ജിഹാദ്. ജോര്‍ജ് എം. തോമസിന് പിശക് പറ്റി.

പിശക് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പാര്‍ട്ടിയെ അത് അറിയിച്ചിട്ടുണ്ട്. നാക്കുപിഴയായി കണക്കാക്കിയാല്‍ മതി. ആ അധ്യായം അവസാനിച്ചു. സംഭവത്തില്‍ ഷെജിനോട് വിശദീകരണം ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ പാര്‍ട്ടി ബോധ്യപ്പെടുത്തുമായിരുന്നു. ഷെജിനെതിരെ നടപടിയെടുക്കുന്നത് ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നില്‍ ഇല്ലെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം കേരളത്തില്‍ ലവ് ജിഹാദ് എന്നൊന്നില്ലെന്നും ജോര്‍ജ് എം. തോമസിന് നാക്കുപിഴച്ചതാകാമെന്നും സ്പീക്കര്‍ എം.ബി രാജേഷും പറഞ്ഞു. ലവ് ജിഹാദ് അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഗീയ വിഭജനത്തിനു ഉള്ള ശ്രമങ്ങളെ എല്ലാ ജനാധിപത്യ മതേതര വാദികളും ചെറുക്കണം. പൊലീസിന്റെ ഭാഗത്തുനിന്ന് നിഷേധാത്മകമായ നിലപാട് ഉണ്ടായി എന്ന് കരുതുന്നില്ലെന്നും’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more