|

ധന സമ്പാദനത്തിന് മാര്‍ഗമാക്കുന്ന ലവ് ജിഹാദ്; ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷനില്‍ നിന്നുള്ള കാഴ്ച

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ജി. രാഘവന്‍ സംവിധാനം ചെയ്ത് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് തുടരുന്ന വെബ് സീരീസാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന വിനോദ് എന്ന കഥാപാത്രത്തെയാണ് സീരീസില്‍ നീരജ് അവതരിപ്പിക്കുന്നത്. നാട്ടില്‍ സ്വന്തമായി ഒരു വീട് പണിയാനുള്ള വിനോദിന്റെ ശ്രമമാണ് സീരീസിന്റെ ഇതിവൃത്തം.

വീടുപണിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞു തുടങ്ങുന്ന കഥയില്‍ പ്രണയത്തിലുപരി കേരളത്തിലെ സദാചാര ഗുണ്ടായിസവും ലവ് ജിഹാദുമെല്ലാം കടന്നുവരുന്നുണ്ട്. ലവ് ജിഹാദ് എന്ന വിഷയത്തെ വളരെ കൃത്യമായി ചിലയിടങ്ങളില്‍ സീരീസ് അടയാളപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍ വീണ്ടും സദാചാര ഗുണ്ടായിസം നടന്നെന്നും പാര്‍ക്കില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാവും യുവതിയും സദാചാര ആക്രമണത്തിന് ഇരയായെന്നുമുള്ള വാര്‍ത്ത തന്റെ ഫോണില്‍ കാണുന്ന പപ്പനെ(അജു വര്‍ഗീസ്) സീരിസിന്റെ തുടക്കത്തില്‍ കാണിക്കുന്നുണ്ട്.

ഈ വാര്‍ത്തയ്ക്ക് താഴെ പപ്പന്‍ കമന്റിടുന്നത്, നന്നായെന്നും ഇപ്പോഴത്തെ പിള്ളേര്‍ക്ക് ഇത് കിട്ടിയാല്‍ പോരെന്നും നാലെണ്ണം കൂടി കിട്ടണമെന്നുമാണ്.

ധാര്‍മിക ബോധമുള്ള ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും പാര്‍ക്കിലാണ് അവന്റെ അഴിഞ്ഞാട്ടമെന്നും പപ്പന്റെ കഥാപാത്രം പറയുന്നിടത്ത് കേരളത്തില്‍ തീവ്രവലതു സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സദാചാര ആക്രമണങ്ങളെയാണ് സംവിധായകന്‍ ഓര്‍മിപ്പിക്കുന്നത്.

സീരീസില്‍ കുലപുരുഷനായ, തീവ്ര വലത് ആശയങ്ങള്‍ പേറുന്ന, പിന്തിരിപ്പിനായ കഥാപാത്രമായാണ് അജുവിന്റെ പപ്പന്‍ എന്ന കഥാപാത്രം തുടക്കത്തില്‍ എത്തുന്നത്.

സീരിസില്‍ മറ്റൊരിടത്ത് ഗൗരിയുമായുള്ള തന്റെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്റ്റാര്‍ ഓഫീസില്‍ വിനോദും പപ്പനും എത്തുന്ന രംഗമുണ്ട്.

നോട്ടീസ് ബോര്‍ഡില്‍ തന്റേയും ഗൗരിയുടേയും വിവാഹ രജിസ്‌ട്രേഷന്‍ ഫോമിന്റെ കോപ്പി ഒരു മാസം പ്രദര്‍ശിപ്പിക്കുമെന്ന് രജിസ്ട്രാര്‍ പറയുന്നുണ്ട്.

ഇതൊന്നും ആരും കാണാന്‍ പോകുന്നില്ലെന്നും നാട്ടുകാര്‍ക്കൊന്നും വേറെ പണിയില്ലേയെന്നും വിനോദ് പറയുമ്പോള്‍ ഇത് ദുബായ് അല്ലെന്നും ഇവിടുത്തെ ആള്‍ക്കാര്‍ക്കാര്‍ ഇങ്ങനെ ആണെന്നും പപ്പന്‍ തിരുത്തുന്നുണ്ട്.

തൊട്ടടുത്ത രംഗത്തില്‍ തന്നെ സുരേഷ് എന്ന് പേരുള്ള ഒരാള്‍ വിനോദിനെ കണ്ട്, മനസിലാക്കി അടുത്തെത്തുന്നു.

ഇതേ വ്യക്തി വിനോദും ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയാണെന്ന് അറിഞ്ഞപ്പോള്‍ വിനോദിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്.

രജിസ്റ്റര്‍ ചെയ്യുകയാണെന്ന വിവരം മറ്റുള്ളവരെ അറിയിക്കാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.

കുറച്ച് നാള്‍ മുന്‍പ് 21 വയസുള്ള ഒരു മുസ്‌ലിം പയ്യന്‍ നമ്മുടെ കൂട്ടത്തിലുള്ള 19 വയസുകാരി പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ പോകുകയാണെന്ന ഒരു നോട്ടീസ് രജിസ്റ്റര്‍ ഓഫീസില്‍ കണ്ടെന്ന് സുരേഷിന്റെ കഥാപാത്രം പറയുന്നുണ്ട്..

‘ഈ ലവ്…..’..അറിയാല്ലോ എന്ന് പറയുന്നതിലൂടെ ലവ് ജിഹാദാണ് നടന്നതെന്ന് ഇയാള്‍ ഉറപ്പിക്കുകയാണ്.

നമ്മുടെ ഒരു പയ്യനാണ് ഇത് കണ്ടതെന്നും അവന്‍ അപ്പോള്‍ തന്നെ ഫോട്ടോ എടുത്ത് ഗ്രൂപ്പുകളില്‍ ഇട്ടെന്നും അതുകൊണ്ട് ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ കൃത്യമായി കാര്യങ്ങള്‍ അറിയിക്കാന്‍ പറ്റിയെന്നും ഒരു വലിയ ദുരന്തം തങ്ങള്‍ അങ്ങ് ഒഴിവാക്കിയെന്നുമാണ് ഇയാള്‍ അഭിമാനത്തോടെ പറയുന്നത്.

മുസ്‌ലിം യുവാവും ഹിന്ദു യുവതിയും വിവാഹം ചെയ്യുമ്പോള്‍ അതിനെ ലവ് ജിഹാദാക്കുന്ന ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും രാഷ്ട്രീയത്തേയാണ് സംവിധായകന്‍ ഇവിടെ തുറന്നുകാണിക്കുന്നത്.

ഇങ്ങനെയുള്ള ഏര്‍പ്പാടുകള്‍ വീണ്ടും നടക്കുന്നുണ്ടോ എന്നറിയാന്‍ ഇപ്പോള്‍ എല്ലാവരും രജിസ്ട്രാഫീസിലെ നോട്ടീസ് ബോര്‍ഡില്‍ ഒരു കണ്ണുവെക്കുന്നുണ്ടാണ് ഇയാള് പറയുന്നത്. കേരളത്തിലെ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തെ തന്നെയാണ് ഈ രംഗങ്ങളിലൂടെ സംവിധായകന്‍ കാണിക്കുന്നത്.

താനല്ല മറ്റൊരാളായിരുന്നു ഫോട്ടോ കണ്ടതെങ്കില്‍ മോന്‍ ഇപ്പോള്‍ ഗ്രൂപ്പില്‍ കിടന്ന് കറങ്ങുമായിരുന്നു എന്നും ഇയാള്‍ വിനോദിനെ ഭീഷണിപ്പെടുന്നുണ്ട്.

തങ്ങള്‍ ഒരേ മതത്തില്‍പ്പെട്ടവരാണല്ലോ എന്ന് വിനോദ് ചോദിക്കുമ്പോള്‍ പോലും പിന്മാറാന്‍ ഇയാള്‍ തയ്യാറാകുന്നില്ല. ലവ് ജിഹാദ് പോലെയുള്ള തീവ്ര വലതുപക്ഷ ക്യാമ്പയിനുകള്‍ പിന്നീട് അതത് മതത്തിലെ ദുര്‍ബലര്‍ക്ക് നേരെ തന്നെ തിരിയുന്നത് എങ്ങനെയാണെന്നാണ് ഈ രംഗത്തിലൂടെ കാണിക്കുന്നത്.

ടൗണില്‍ തന്റെ കടയിരിക്കുന്ന സ്ഥലം ഒന്നേകാല്‍ കോടി രൂപ കൊടുത്താല്‍ വാങ്ങാന്‍ കഴിയുമെന്നും അതിലേക്കായി ഒരു ലക്ഷം രൂപയെങ്കിലും തനിക്ക് കിട്ടണമെന്നുമാണ് സുരേഷ് വിനോദിനോട് പറയുന്നത്.

ഇന്ത്യയൊട്ടുക്കും എങ്ങനെയാണ് ലവ് ജിഹാദ് പോലെയുള്ള വലതുപക്ഷ ക്യാമ്പയിനുകള്‍ സാമ്പത്തിക ധനാര്‍ജ്ജനത്തിനുള്ള മാതൃകയാക്കി തീര്‍ക്കുന്നതെന്നും സീരീസ് കാണിക്കുന്നുണ്ട്.

പണമൊന്നും ലഭിക്കില്ലെന്ന് മനസിലാക്കുന്നതോടെ വിനോദിന്റെ കയ്യില്‍ കിടക്കുന്ന വാച്ച് ഊരിവാങ്ങിക്കുകയാണ് സുരേഷ്.

ലവ് ജിഹാദ് പോലെയുള്ള ക്യാമ്പയിനുകള്‍ ആയുധമാക്കി വളരുന്ന വലതുപക്ഷം എങ്ങനെയാണ് സാമ്പത്തിക നേട്ടത്തിനുള്ള വഴിയാക്കി ഇത്തരം കാര്യങ്ങളെ ഉപയോഗപ്പെടുത്തുന്നതെന്ന് സീരിസ് വ്യക്തമാക്കുന്നുണ്ട്.

കാലങ്ങളായി ഹിന്ദു ദേശീയവാദികള്‍ പ്രചരിപ്പിക്കുന്ന ഒരു ഗൂഢാലോചന സിദ്ധാന്തമാണ് ലവ് ജിഹാദ്. ഇസ്‌ലാമിലേക്ക് മതം മാറ്റുന്നതിനായി മുസ്‌ലിം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ വശീകരിച്ച് വിവാഹം ചെയ്യുന്നുവെന്നാണ് ഈ സിദ്ധാന്തം അവകാശപ്പെടുന്നത്.

ഹിന്ദു തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും, വലതുപക്ഷ മാധ്യമങ്ങളും, ബി.ജെ.പിയുമാണ് ലവ് ജിഹാദ് പ്രചരണത്തിന് ചൂട്ടുപിടിച്ചത്.

എന്നാല്‍ കേരളത്തിലോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ ലവ് ജിഹാദുകള്‍ നടന്നിട്ടില്ലെന്ന് കോടതികള്‍ തന്ന വ്യക്തമാക്കിയതാണ്. ലവ് ജിഹാദ് എന്ന് ആരോപിക്കപ്പെട്ട ഒരു കേസുകളിലും അത്തരമൊരു തെളിവുകളും കണ്ടെത്താന്‍ പൊലീസിനും സാധിച്ചിട്ടില്ല.

Content Highlight: Love Jihad Conspiracy discussed in Love Under Construction