| Friday, 27th September 2019, 8:18 am

ലൗ ജിഹാദ് ആരോപണം നിഷേധിച്ച് ദല്‍ഹിയില്‍ നിന്നുള്ള മലയാളി യുവതി; 'അബുദാബിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹിയില്‍ നിന്ന് അബുദാബിയിലേക്ക് വന്നത് ലൗ ജിഹാദ് ഓപ്പറേഷന്റെ ഭാഗമായാണെന്നുള്ള ആരോപണം തള്ളി ദല്‍ഹിയില്‍ നിന്നുള്ള മലയാളി പെണ്‍കുട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയിലേക്ക് വന്നതെന്നും പ്രണയിച്ച വ്യക്തിയെ വിവാഹം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും യുവതി ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു.

മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡല്‍ഹി ഡിഫന്‍സ് കോളനി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യുവതിയെയും ഒപ്പമുള്ള യുവാവിനെയും ഇന്ത്യന്‍ എംബസിയിലേക്ക് വിളിച്ചു വരുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡല്‍ഹി ചാണക്യപുരിയിലെ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടി ഏതാനും ദിവസം മുന്‍പാണ് യു.എ.ഇയിലെത്തിയത്. താന്‍ വന്ന രീതിയും ഉദ്ദേശവും യുവതി ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല അബുദാബിയിലേക്ക് എത്തിയതെന്നും ലവ് ജിഹാദ് ഓപ്പറേഷന്റെ ഭാഗമായാണ് ഇവിടേക്ക് എത്തിയതെന്ന വാദത്തെ യുവതി നിരാകരിക്കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രായപൂര്‍ത്തിയായ യുവതിയെ പിന്നീട് യുവാവിനോടൊപ്പം തന്നെ തിരിച്ചയച്ചു. യുവതി നല്‍കിയ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും മാതാപിതാക്കള്‍ക്കും ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

യുവതിയുടേയും യുവാവിന്റെയും സുരക്ഷ ഉറപ്പുവരുത്തിനുള്ള നടപടികള്‍ എംബസി സ്വീകരിച്ചിട്ടുണ്ട്. മറ്റേതെങ്കിലും രാജ്യത്തേക്ക് പോവാനാണ് ഇവര്‍ എംബസിയിലെത്തിയതെന്ന പ്രചരണം എംബസി അധികൃതര്‍ നിഷേധിച്ചു.

We use cookies to give you the best possible experience. Learn more