ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള ബന്ധത്തെ പരിഹസിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. മോദിയും നിതീഷും തമ്മിലുള്ള ബന്ധം ലൈല മജ്‌നു പ്രണയത്തേക്കാള്‍ തീവ്രമാണെന്നായിരുന്നു ഒവൈസിയുടെ പരിഹാസം.
” നിതീഷ് കുമാറും മോദിയും തമ്മിലുള്ള പ്രണയം വളരെ ശക്താണ്. അത് ലൈല മജ്‌നു ബന്ധത്തേക്കാള്‍ തീവ്രമാണെന്നാണ് തോന്നുന്നത്”- എന്നായിരുന്നു ഒവൈസി പറഞ്ഞത്.
നിതീഷ് കുമാര്‍ മോദി പ്രണയബന്ധം ഒരു കഥയായി എഴുതുകയാണെങ്കില്‍ അതില്‍ ആരാണ് ലൈല ആരാണ് മജ്‌നു എന്ന് എന്നോട് ചോദിക്കരുത്. അത് നിങ്ങള്‍ക്ക് തീരുമാനിക്കാം- ഒവൈസി പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് നടമാടിയ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരിലായിരിക്കും രാജ്യം നരേന്ദ്ര മോദിയെ ഓര്‍മിക്കുകയെന്ന് അസദുദ്ദീന്‍ ഒവൈസി കഴിഞ്ഞ ദിവസം പറഞ്ഞു. ഈ കൊലപാതകങ്ങള്‍ ജീവിതത്തിലുടനീളം മോദിയെ വേട്ടയാടുമെന്നും പ്രധാനമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹത്തിന് ഇത്തരം സംഭവങ്ങള്‍ തടയാന്‍ കഴിഞ്ഞില്ലെന്നും ഒവൈസി പറഞ്ഞു.
ആള്‍ക്കൂട്ട കൊലപാതകികളെല്ലാം മോദിയെ പിന്തുണയ്ക്കുന്നവരാണ്. 2014 ല്‍ മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളും ലവ് ജിഹാദും ഘര്‍ വാപസിയും ശക്തമായത്. മോദിയ്ക്ക് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഈ സംഭവങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും ഒവൈസി പറഞ്ഞിരുന്നു.
രാജ്യത്തിന് വേണ്ടത് പാവപ്പെട്ടവരെയും അധസ്ഥിതരെയും പിന്തുണയ്ക്കുകയും അവര്‍ക്ക് ജോലിയും സംരക്ഷണവും നല്‍കുകയും ചെയ്യുന്ന പ്രധാനമന്ത്രിയെയാണ്. പക്ഷെ ഈ പ്രധാനമന്ത്രി ആളുകള്‍ ലവ് ജിഹാദിന്റെയും പശുവിന്റെയും പേരില്‍ ആളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ നിശബ്ദനായി നില്‍ക്കുകയാണ് ചെയ്തത് ഒവൈസി കുറ്റപ്പെടുത്തിയിരുന്നു.
നരേന്ദ്രമോദി അസത്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയുടെ ചെയര്‍മാനാണെന്നും കുട്ടികളുടേത് പോലെ മോദി കള്ളക്കഥകളുണ്ടാക്കുകയാണെന്നും ഒവൈസി പറഞ്ഞിരുന്നു.