| Saturday, 31st August 2019, 10:14 pm

'എന്റെ കരിയര്‍, എന്റെ ആംബീഷന്‍, അതാണെനിക്ക് വലുത്, വെറുതെ പ്രേമിച്ചു കളയാന്‍ ഇപ്പൊ സമയമില്ല'; ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് സോങ് ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

കുടുക്ക് സോങ് എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം ഷാന്‍ റഹ്മാന്‍. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

ഒമ്പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ കൂട്ടുകാര്‍ വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകത കൂടി ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്. നിവിന്‍, ശ്രാവണ്‍, ഹരികൃഷ്ണന്‍, ഭഗത്, അജു എന്നിവരാണ് വീണ്ടുമൊന്നിക്കുന്നത്. ധ്യാനിന്റെ ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടിയായിരുന്നു ഇവരുടെയൊക്കെ ആദ്യ സിനിമ എന്നതു ശ്രദ്ധേയമാണ്.

ശ്രീനിവാസനും പാര്‍വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകളാണ് ധ്യാന്‍ തന്റെ ആദ്യ സംവിധാന സംരംഭമായ ലവ് ആക്ഷന്‍ ഡ്രാമയിലെ കഥാപാത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. ദിനേശന്‍ എന്ന പേരില്‍ നിവിന്‍ പോളിയും ശോഭയായി നയന്‍താരയുമാണ് അഭിനയിക്കുന്നത്.

ശ്രീനിവാസന്‍, ഉര്‍വശി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി എന്നിവരും സിനിമയിലുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ നയന്‍താര മലയാള സിനിമയില്‍ അഭിനയിക്കുന്നത്. 2016-ല്‍ പുറത്തിറങ്ങിയ ‘പുതിയ നിയമം’ ആയിരുന്നു നയന്‍സിന്റെ അവസാന മലയാള സിനിമ.

Latest Stories

We use cookies to give you the best possible experience. Learn more