ലൗവും ആക്ഷനും ഡ്രാമയും മാത്രമല്ല പൊട്ടിച്ചിരിയും കൂടി നല്‍കുന്ന ലൗ ആക്ഷന്‍ ഡ്രാമ
Film Review
ലൗവും ആക്ഷനും ഡ്രാമയും മാത്രമല്ല പൊട്ടിച്ചിരിയും കൂടി നല്‍കുന്ന ലൗ ആക്ഷന്‍ ഡ്രാമ
അശ്വിന്‍ രാജ്
Thursday, 5th September 2019, 7:28 pm

വീണ്ടുമൊരു ഓണക്കാലം… വെള്ളിത്തിരയിലെ ഓണാഘോഷങ്ങള്‍ ഒരാഴ്ചമുമ്പ് തന്നെ ആരംഭിച്ചിരിക്കുകയാണ്. നിവിനെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലൗ ആക്ഷന്‍ ഡ്രാമയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രണയവും ആക്ഷനും ഡ്രാമയും ഉള്ള ആഘോഷ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ.

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്നു, ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ സംവിധാനം ചെയ്യുന്നു, നടന്‍ അജു വര്‍ഗീസ് നിര്‍മ്മിക്കുന്നു, കുടെ ഒരിടവേളക്ക് ശേഷം നിവിന്‍ തന്റെ ഏറ്റവും സേഫ് സോണില്‍ ഒരു ചിത്രം ചെയ്യുന്നു എന്നീ പ്രത്യേകതകള്‍ ചിത്രത്തിനെ ശ്രദ്ധേയയിരുന്നു.

തട്ടത്തിന്‍ മറയത്തില്‍ ചേട്ടന്‍ വിനീത് പരീക്ഷിച്ച ഫോര്‍മുല ഉപയോഗിച്ച് തന്നെയാണ് ലൗ ആക്ഷന്‍ ഡ്രാമയും ഒരുക്കിയിരിക്കുന്നത് മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ ദിനേശന്റെയും ശോഭയുടെയും പേര് തന്നെയാണ് ചിത്രത്തിലെ നായകനായ നിവിനും നായികയായ നയന്‍താരയ്ക്കും.

ഒരു മധ്യവര്‍ഗ കുടുംബത്തിലെ അംഗമായ അച്ഛന്‍ മരിച്ചത് കൊണ്ട് പ്രസ് ഏറ്റെടുത്ത് നടത്തേണ്ടി വന്ന ദിനേശനായിരുന്നു വടക്കുനോക്കി യന്ത്രത്തിലെങ്കില്‍ അതി സമ്പന്നനും അലസനുമായ ഒരു യുവാവാണ് പുതിയ ചിത്രത്തിലെ ദിനേശന്‍.

കഴിഞ്ഞ ഏതാനും സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായി തനിക്ക് ഏറ്റവും സേഫ് ആയ തൊഴില്‍ ഇല്ലാത്ത, അലസനായ, പ്രേമരോഗിയായ ചെറുപ്പക്കാരനായി നിവിന്‍ തന്റെ വേഷം കലക്കി.

ലേഡി സൂപ്പര്‍ സ്റ്റാര്‍ ഒരിടവേളക്ക് ശേഷമാണ് മലയാളത്തില്‍ ഒരു ചിത്രം ചെയ്യുന്നത്. പഴയ ശോഭയില്‍ നിന്ന് പുതിയ ശോഭ വളരെയധികം വ്യത്യസ്ഥയാണ്. സ്വന്തമായി ബിസിനസ് നടത്തുന്ന ഉറച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരാള്‍. നയന്‍താരയുടെ സ്‌ക്രീന്‍ പ്രസന്‍സ് അസാധ്യമാണ്. ഒട്ടും ബോര്‍ അടിപ്പിക്കാതെ അവര്‍ തന്റെ റോള്‍ മികച്ചതാക്കി.

മുന്‍ കാല ചിത്രങ്ങളെ പോലെ തന്നെ അജു-നിവിന്‍ കോമ്പോ ഈ ചിത്രത്തിലും നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു. തുടക്കം മുതല്‍ അവസാനം വരെ കോമഡി ട്രാക്കിലാണ് ചിത്രം പോകുന്നത് ഇടയ്ക്ക് ആക്ഷനും ഡ്രാമയും കടന്നുവരുന്നുണ്ട്.

അലസനും തൊഴില്‍ രഹിതനും സമ്പന്നനുമായ ദിനേശനും ബിസിനസ് വുമണ്‍ ആയ ശോഭയും കണ്ട് മുട്ടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ആകെ തുക. ആദ്യ സംവിധാന സംരംഭം മികച്ചതാക്കാന്‍ ധ്യാനിന് കഴിഞ്ഞിട്ടുണ്ട്.

ധ്യാനിന്റെ കഥപറച്ചില്‍ രീതി ചിത്രത്തിന് നന്നായി അനുയോജ്യമായിരുന്നു. നാടകീയത നല്‍കാന്‍ ധ്യാനിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതി പൂര്‍ണമായും കോമഡി ട്രാക്കില്‍ ഉള്ള ചിത്രം രണ്ടാം പകുതിയില്‍ ഒരല്‍പം സീരിയസ് ആവുന്നുണ്ട്. ചില കല്ലുകടികള്‍ രണ്ടാം പകുതിയില്‍ ഉണ്ടെങ്കിലും ഒരു ഫെസ്റ്റിവല്‍ എന്റര്‍ടൈനര്‍ എന്ന നിലയില്‍ ചിത്രം നീതി പുലര്‍ത്തുന്നുണ്ട്.

ശോഭയുടെ സുഹൃത്തുകളായി അഭിനയിച്ച താരങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചു. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായ മല്ലിക സുകുമാരനും രഞ്ജിപണിക്കറും കോമഡി ടൈമിംഗില്‍ മികച്ചതായിരുന്നു. നിവിനും രഞ്ജി പണിക്കറും തമ്മിലുള്ള സീനുകള്‍ തിയേറ്ററില്‍ നന്നായി ചിരിയുണര്‍ത്തി.വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു വേഷത്തില്‍ എത്തുന്നുണ്ട്.

ശ്രീനിവാസനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ എടുത്ത് പറയേണ്ട ചിലര്‍ സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാനും ക്യാമറ കൈകാര്യം ചെയ്ത ജോമോന്‍ ടി ജോണും റോബി വര്‍ഗീസ് രാജുമാണ്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം മികച്ചതാണ് എന്ന് പറയാന്‍ പറ്റില്ല. പക്ഷേ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്ന ഗാനങ്ങളും ഹിന്ദി ഗാനവും മികച്ചു നിന്നു.

ഛായാഗ്രഹണവും സിനിമയെ മികച്ചതാക്കുന്നുണ്ട്. രാത്രി ദൃശ്യങ്ങളും നിവിന്റെ യാത്രയില്‍ കാണിക്കുന്ന ദൃശ്യങ്ങളുമെല്ലാം മികച്ചതായിരുന്നു. നിവിന്റെ ഇന്‍ട്രോ സീനും വളരെയധികം മികച്ചതായി.

അജുവിന്റെ കൂടെ വൈശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പേര് പോലെ തന്നെ ലൗ ആക്ഷനും ഡ്രാമയും കൂടെ പൊട്ടിച്ചിരിയും നല്‍കുന്ന, ആഘോഷകാലത്ത് കുടുംബമായി പോയി ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം തന്നെയാണ് ലൗ ആക്ഷന്‍ ഡ്രാമ.

DoolNews Video

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.