ആക്റ്റിവിസ്റ്റും സൗദിയിലെ മനുഷ്യാവകാശ പോരാട്ടത്തിലെ ശ്രദ്ധേയ മുഖവുമായ ലൗജെയ്ന്‍ അല്‍ ഹധ് ലൂലിനെ ഭരണകൂടം മോചിപ്പിക്കുന്നതായാണ് വാര്‍ത്തകള്‍. വ്യാഴാഴ്ച അവര്‍ മോചിതരാവുമെന്ന് അവരുടെ സഹോദരിയെ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍ പറയുന്നു. ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ ഒരു തട്ടിക്കൂട് കേസിലെ 6 വര്‍ഷ ശിക്ഷാ കാലാവധിയില്‍ 1000 ദിവസം മാത്രം പൂര്‍ത്തിയാക്കുമ്പോഴാണ് ഏറെ സന്തോഷം നല്‍കുന്ന ഈ മോചനം.
നിരപരാധികളായ രാഷ്ട്രീയ തടവുകാരെയും ആക്റ്റിവിസ്റ്റുകളേയും പതിവായി പാര്‍പ്പിച്ച് കുപ്രസിദ്ധിയാര്‍ജിച്ച റിയാദിലെ ‘അല്‍ ഖൈര്‍’ തടവറയിലായിരുന്നു അവര്‍. സൗദി-അമേരിക്കന്‍ വംശജരായ സലാഹ് അല്‍ ഹൈദര്‍, ബദര്‍ അല്‍ ഇബ്രാഹിം എന്നീ രണ്ട് ആക്റ്റിവിസ്റ്റുകളേയും 300 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞയാഴ്ച മോചിപ്പിച്ചതിന്റെ തുടര്‍ച്ചയാണിതും.
ഒരു ധീര പോരാളി അര്‍ഹിക്കുന്ന സ്വാതന്ത്ര്യം എന്നതിനപ്പുറം ഒരു പാട് സാമൂഹിക, രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുടെ സൂചന കൂടിയാണ് ഈ വാര്‍ത്ത. അല്‍ സഊദ് ഭരണകൂടത്തിന്റെ സമഗ്രാധിപത്യത്തില്‍ ഏതെങ്കിലും രീതിയിലുള്ള ആശയ പ്രചാരണത്തിന് അവസരം ലഭിക്കാതിരുന്ന പഴയ സൗദിയില്‍ നിന്ന് വ്യത്യസ്തമായി (ഏറെ നിയന്ത്രണങ്ങള്‍ മറി കടന്നാണെങ്കിലും) ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന പുതുതലമുറ ആക്റ്റിവിസ്റ്റുകളാണ് ഇന്ന് ശരിക്കും ഈ ഭീകര ഭരണകൂടത്തെ വിറപ്പിക്കുന്നത്.
ഭ്രാന്തന്‍ ആശയങ്ങള്‍ക്കടിമപ്പെട്ട് ചാവേര്‍ സ്ഫോടനങ്ങളും മണ്ടന്‍ നിലപാടുകളും വഴി അല്‍ സഊദിന്റെ ഭീകരമായ അധികാര ശേഷിയോട് മല്ലിടാന്‍ നോക്കുന്ന ‘അല്‍ഖ്വയ്ദ’ യെ നേരിടുന്ന പോലെ എളുപ്പമല്ല ഇവരെ നേരിടുന്നത്. മനുഷ്യര്‍ക്ക് മനസ്സിലാവുന്ന രീതിയിലും ഭാഷയിലും കറ കളഞ്ഞ നീതി ബോധത്തെ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്.
അവരുടെ മതവും രാഷ്ട്രീയവുമെല്ലാം അവരുടെ ചിന്താശേഷിയെ ഉദ്ദീപിപ്പിക്കുന്നതാണ്, നശിപ്പിക്കുന്നതല്ല. അവരെ അലട്ടുന്നത് നീതി നിഷേധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ്. അല്ലാതെ പെണ്ണുങ്ങള്‍ എങ്ങനെയുള്ള വസ്ത്രം ധരിക്കണമെന്നതോ ‘ഇസ്‌ലാമിക രാജ്യം’ നിലവില്‍ വന്നാല്‍ പെണ്ണുങ്ങള്‍ക്കും മുസ്‌ലിങ്ങളല്ലാത്തവര്‍ക്കും പ്രസിഡന്റാവാന്‍ പറ്റുമോ എന്നത് പോലുള്ള ചിന്തകളല്ല. എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശങ്ങളാണെന്ന കാര്യം വളച്ചു കെട്ടില്ലാതെയാണ് അവര്‍ സ്വീകരിക്കുന്നതും പറയുന്നതും.
ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ പോരാട്ടത്തിലെ വമ്പിച്ച പെണ്‍ പങ്കാളിത്തവും നേതൃത്വവുമാണ്. ജയിലിലും പുറത്തും, നാട്ടിലും വിദേശത്തുമായി അല്‍ സഊദ് തേര്‍വാഴ്ചക്കെതിരെ പോരാടുന്നവരില്‍ ഒരു പാട് പെണ്ണുങ്ങളുണ്ട്.
പെണ്ണുങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് നിരോധനത്തിനും ആണുങ്ങളുടെ കീഴില്‍ രണ്ടാം കിട പൗരന്‍മാരായി മാത്രം ജീവിക്കാന്‍ സാഹചര്യമൊരുക്കുന്ന ‘ആണ്‍ രക്ഷാകര്‍തൃ സമ്പ്രദായത്തിനും’ എതിരായി അവര്‍ നിരന്തരം പോരാടി, അക്ഷരാര്‍ത്ഥത്തില്‍ ജീവന്‍ പണയം വെച്ച് തന്നെ.
മനാല്‍ അല്‍ ശരീഫ്, ഈമാന്‍ അല്‍ നഫ് ജാന്‍, അസീസാ അല്‍ യൂസുഫ്, ആയിഷാ അല്‍മനാ തുടങ്ങി നിരവധി പേരുകള്‍ ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന സൗദി മനുഷ്യാവകാശ പോരാളികളാണ്. ഒരു പക്ഷേ ഇവരിലേറ്റവുമധികം സൗദി പോരാട്ടത്തേയും അതിന്റെ വ്യത്യസ്ത തലങ്ങളേയും അടയാളപ്പെടുത്തിയത് ലൗജെയ്ന്‍ അല്‍ ഹധ് ലൂല്‍ ആയിരിക്കും.
ഈ പെണ്ണുങ്ങളും അവരുടെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്ന ചില ആണുങ്ങളും ചേര്‍ന്ന് രാജ്യത്തിനകത്തും പുറത്തും നടത്തിയ പോരാട്ടങ്ങളാണ് സൗദിയിലെ പെണ്ണുങ്ങളുടെ സ്ഥിതി അല്‍പമെങ്കിലും മെച്ചപ്പെടുത്തിയത്.
വഹാബിസം എടുക്കാച്ചരക്കായതോടെ അധികാരമുറപ്പിക്കാന്‍ പുതിയ ഉരുപ്പടികള്‍ തേടിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ ‘സ്ത്രീ സ്വാതന്ത്രം’ തന്ത്രപരമായി ഉപയോഗിക്കാന്‍ ശ്രമിച്ചു. പെണ്ണുങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനും രക്ഷാകര്‍തൃ സമ്പ്രദായം ഭാഗികമായി നിര്‍ത്തലാക്കാനും തീരുമാനിച്ചു.
പക്ഷേ ഈ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്തിരുന്ന പെണ്ണുങ്ങളുടെ രാഷ്ട്രീയത്തിലെ അപകടം തിരിച്ചറിഞ്ഞ് അവരെ ഒന്നൊന്നായി ജയിലിലേക്കയച്ചു, മനാലിനെ പോലെ ചുരുക്കം ചിലര്‍ അറസ്റ്റിന് മുമ്പേ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറി പോരാട്ടം തുടര്‍ന്നു.
അവരെ ഇപ്പോഴും സൗദി ഭരണകൂടം വേട്ടയാടുന്നു. വേറെ പലരേയും ഭീഷണിയിലൂടെയും കുതന്ത്രങ്ങളിലൂടെയും നാട്ടിലെത്തിച്ച് ജയിലിലിട്ടു.(അങ്ങനെ നാട്ടിലേക്ക് എത്തിക്കാന്‍ പറ്റാത്തതിനാല്‍ ഖഷോഗ്ജിയെ തുര്‍ക്കി കോണ്‍സുലേറ്റില്‍ വെച്ച് പൈശാചികമായി വെട്ടി നുറുക്കി !.
മനുഷ്യാവകാശത്തോടൊന്നും തരിമ്പും യോജിപ്പില്ലെങ്കിലും അധികാര വടം വലിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ എതിര്‍ പക്ഷത്തായതിനാല്‍ അമേരിക്കയില്‍ നിന്ന് സൗദിയിലേക്ക് കൈമാറുന്നതിനെതിരായി പോരാടുന്ന സാദ് അല്‍ ജാബിരിയുടെ കേസ് വലിയ ശ്രദ്ധ പിടിച്ചു പറ്റിയതാണ്. പഴയ സി.ഐ.എ തോഴനായതാണ് സാദിന് പിടി വളളിയായത്.)
ഇന്നത്തെ ലോകത്ത് ഏറ്റവും എളുപ്പത്തില്‍ വിറ്റഴിക്കാന്‍ പറ്റുന്ന ‘ഭീകരത’ യും ‘വിദേശ ബന്ധവും’ ആയിരുന്നു ലൗജെയ്നെതിരായ കള്ളക്കേസുകളുടെ അടിസ്ഥാനം. ഭേദപ്പെട്ട നീതിന്യായ വ്യവസ്ഥ ഉള്ള രാജ്യങ്ങളില്‍ പോലും എളുപ്പം ചാമ്പാവുന്ന ഈ വക ഐറ്റംസ് അങ്ങനെയൊന്ന് ഇല്ലാത്ത സൗദിയിലാവുമ്പോള്‍ തീര്‍ത്തും പ്രഹസനമാവുന്നു.
കേസിനെ അതിന്റെ തുടക്കം തൊട്ട് അല്‍ക്വസ്റ്റ് (ALQST ), ‘Priosners of conscience’ തുടങ്ങിയ സൗദി മനുഷ്യാവകാശ കൂട്ടായ്മകള്‍ തുറന്ന് കാട്ടി. ആംനസ്റ്റിയും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും നിരന്തരമായി ശബ്ദിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. സ്വാഭാവികമായും അമേരിക്കന്‍, യൂറോപ്യന്‍ രാഷ്ടീയക്കാരും സര്‍ക്കാരുകളും പരിമിതമായ തോതിലെങ്കിലും വിഷയം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരായി.
ലൗജെയ്ന്‍ ആണെങ്കില്‍ വളരെ പെട്ടെന്ന് ആഗോള തലത്തില്‍ അറിയപ്പെടുന്ന സൗദി പോരാട്ട മുഖമായി മാറി. ജയിലില്‍ വെച്ചവര്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെട്ടുവെന്നതും ബലാല്‍സംഗ ഭീഷണി നേരിട്ടുവെന്നതുമായ വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തു.
വിഷയമായപ്പോള്‍ അവരെ ജയിലില്‍ നിന്ന് പീഡനമേറ്റില്ലെന്ന കള്ളം പറയിപ്പിച്ച് വീഡിയോവിലാക്കി ജയില്‍ മോചിതയാക്കാനുള്ള ശ്രമം നടത്തി. അവരുടെ നിസ്സഹകരണം മൂലം അതും നടന്നില്ല. പിന്നീട് ഏകാന്ത തടവിലായപ്പോള്‍ കുടുംബത്തെ പോലും കാണാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് അവര്‍ നിരാഹാരമാരംഭിച്ചു. ഈ അവസരത്തില്‍ നിരവധി അവാര്‍ഡുകള്‍ അവരെ തേടി എത്തുകയും ചെയ്തു.
ഖഷോഗ്ജി വധവും ഈ പോരാട്ടങ്ങളും ഭീകരമായ പണക്കൊഴുപ്പിലൂടെ കെട്ടിപ്പടുത്ത മുഹമ്മദ് ബിന്‍ സല്‍മാന്റെ പാശ്ചാത്യ നാടുകളിലെ ഇമേജിനെ തകര്‍ത്തു. ഖഷോഗ്ജി വധത്തിന്റെ സൂത്രധാരനായി സൗദി വിമതരും അന്താരാഷ്ട്ര മാധ്യമങ്ങളും വിലയിരുത്തുന്ന മുഹമ്മദ് അല്‍ ഖഹ്ത്താനി തന്നെയാണ് ലൗജെയ്നെതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും വാര്‍ത്ത വന്നു. ഖശോഗ്ജി വധത്തെ തുടര്‍ന്ന് കണ്ണില്‍ പൊടിയിടാനായി ഖഹ്ത്താനിയെ സ്ഥാനങ്ങളില്‍ നിന്ന് ‘നീക്കി’ യിരുന്നെങ്കിലും ഖഹ്ത്താനി ഇന്നും മുഹമ്മദ് ബിന്‍ സല്‍മാന്റെ വലം കൈ ആയി തുടരുന്നു.
പക്ഷേ എല്ലാ സമ്മര്‍ദങ്ങളേയും വിമര്‍ശനങ്ങളേയും അതിജീവിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന് രണ്ടേ രണ്ട് ആയുധങ്ങളേ വേണ്ടി വന്നിരുന്നുള്ളൂ. ഡൊണാള്‍ഡ് ട്രംപും ആയുധക്കച്ചവടവും. അതിലൊന്നാണ് ഇപ്പോള്‍ ഇല്ലാതായത്.
പകരം വന്ന ബൈഡനാണെങ്കില്‍ ട്രംപിന്റെ സൗദി നയങ്ങള്‍ കൂടി വിമര്‍ശിച്ചാണ് ജയിച്ചത്. പാര്‍ട്ടിക്കകത്താണെങ്കില്‍ ‘സ്‌ക്വാഡ്’ പോലുള്ള ശബ്ദങ്ങള്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറിക്കഴിഞ്ഞു. അടിസ്ഥാനപരമായി ഒരു ശരാശരി മുഖ്യധാരാ അമേരിക്കന്‍ ഡെമോക്രാറ്റ് മാത്രമായ ബൈഡന്‍ എങ്ങനെ ആയുധക്കച്ചവടത്തെ കാണുന്നു എന്നതിനനുസരിച്ചായിരിക്കും മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭാവി.
ബൈഡന്‍ പിന്തുണച്ചാലും ഇല്ലെങ്കിലും നിലനില്‍പ്പിനായി പോരാടുന്ന സൗദി ആക്റ്റിവിസ്റ്റുകള്‍ പോരാട്ടം തുടരും. പക്ഷേ അതിന്റെ സമീപ ഭാവിയിലെ ഗതിയില്‍ നിര്‍ണായകമാവാന്‍ പോവുന്നത് ബൈഡന്റെ നിലപാടുകളായിരിക്കും.
2014-19 കാലഘട്ടത്തിലെ അമേരിക്കന്‍ ആയുധ കച്ചവടത്തിന്റെ നാലിലൊരു ഭാഗം സൗദിയിലേക്കായിരുന്നു. അതിന് മുമ്പുള്ള സമാന കാലയളവിനേക്കാള്‍ മൂന്നിരട്ടിയിലധികം. ഏകാധിപത്യവും യുദ്ധങ്ങളും മേഖലയില്‍ എത്രത്തോളം ശക്തമാവുന്നോ അത്രത്തോളം അമേരിക്കന്‍ സമ്പദ് വ്യവസ്ഥക്ക്(=ബഹുരാഷ്ട്ര കുത്തകകള്‍ക്ക്) മെച്ചമാണെന്നര്‍ത്ഥം.
ബൈഡന്‍ ഭരണകൂടം നേരത്തേ പ്രഖ്യാപിച്ച പോലെ യെമന്‍ വിഷയത്തിലും മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലും സൗദി ഭരണകൂടത്തെ ഓഡിറ്റ് ചെയ്യുമോ? ചെയ്യുമെങ്കില്‍ എത്രത്തോളം? യെമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കൃത്യമായി എന്ത് നിലപാടെടുക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.
ഖഷോഗ്ജി വധം സംബന്ധിച്ച സി.ഐ.എ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞതും കാണാനിരിക്കുന്നതേ ഉള്ളൂ. മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധങ്ങളുടെയും മൊത്ത കച്ചവടക്കാരായ അമേരിക്കന്‍ ഭരണകൂടം ഇക്കാര്യങ്ങള്‍ പറയുന്നതിലെ ധാര്‍മികതയും കാപട്യവുമൊക്കെ തല്‍ക്കാലം വിടാം. പക്ഷേ പ്രായോഗിക തലത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ വലുതാവും. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണായകമാകാന്‍ പോവുന്നത് ഈ നിലപടുകളായിരിക്കാം.
അപകടം തിരിച്ചറിഞ്ഞ മുഹമ്മദ് ബിന്‍ സല്‍മാന്‍ നിലനില്‍പ്പിനായി നടത്തുന്ന പോരാട്ടങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ഡോണാള്‍ഡ് ട്രംപെന്ന ഭ്രാന്തനെ മാത്രം ആശ്രയിച്ച് രൂപപ്പെടുത്തിയെടുത്ത ഭ്രാന്തന്‍ നയങ്ങളുടെ സ്വാഭാവിക പരിണിതികളുടെ തുടക്കമാണ് സംഭവിക്കുന്നത്.
ആയുധക്കച്ചവടം എന്ന ഒറ്റ ഉമ്മാക്കി കാണിച്ച് എല്ലാ മനുഷ്യാവകാശ ലംഘനങ്ങളേയും മറികടക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന് പ്രയാസകരമായിരിക്കും. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭരണം അട്ടിമറിച്ച് ‘കൂടുതല്‍ വിധേയനും സ്വീകാര്യനും’ ആയ ഒരാളെ പ്രതിഷ്ഠിക്കുന്ന പഴയ സി.ഐ.എ രീതിയൊന്നും ഇപ്പോള്‍ പ്രായോഗികമല്ല. പോരെങ്കില്‍ മിക്കവാറും രണ്ടാം നിരക്കാരെയൊക്കെ മുഹമ്മദ് ജയിലിലോ വീട്ട് തടങ്കലിലോ ആക്കിയിട്ടുമുണ്ട്. അവസാന നിമിഷം വരെ സമ്പൂര്‍ണാധികാരം നിലനിര്‍ത്താനായി പോരാടുക എന്നതില്‍ കുറഞ്ഞതൊന്നും മുഹമ്മദിന് സ്വീകാര്യമാവാന്‍ വഴിയില്ല.
മേഖലയില്‍ സ്വാഭാവികമായി വരേണ്ട ജനാധിപത്യത്തെ വരാന്‍ അനുവദിക്കുക എന്നത് മാത്രമാണ് ബൈഡന്റെ മുന്നിലുള്ള ശരിയായ മാര്‍ഗം. ശിങ്കിടികളായ ഏകാധിപതികളെ വെച്ച് അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പോന്ന പരമ്പരാഗത ശൈലി മറക്കാനും ഇസ്രഈല്‍ എന്ന ഒറ്റക്കണ്ണിലൂടെ പശ്ചിമേഷ്യയെ നോക്കി കാണുന്ന വികല രാഷ്ട്രീയം ഉപേക്ഷിക്കാനും ബൈഡന്‍ തയ്യാറായാലേ അതിന് സാധിക്കൂ. ലൗജെയ്നെ പോലുള്ള ഐതിഹാസിക പോരാളികളുടെ സമര ജീവിതം പറയുന്നതും ജനാധിപത്യം വരുന്നത് വരെ അതിനായുള്ള പോരാട്ടം തുടരുമെന്നാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Loujain al-Hathloul, Saudi Arabia and Muhammed Bin Salman