| Sunday, 1st October 2023, 7:54 pm

മെസിയോ റോണോയോ അല്ല; ലോകത്തെ ഏറ്റവും മികച്ച താരത്തെ കുറിച്ച് ലൂയിസ് എന്റിക്വ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വാനോളും പ്രശംസിച്ച് പി.എസ്.ജി പരിശീലകന്‍ ലൂയിസ് എന്റിക്വ്. ഒരു മികച്ച കളിക്കാരനെന്ന നിലയില്‍ തനിക്ക് കിലിയനെ നേരത്തെ അറിയാമെന്നും നേരിട്ട് കണ്ടറിഞ്ഞ കാര്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റിക്വിന്റെ വാക്കുകള്‍ ഉദ്ധരിച്ച് പി.എസ്.ജി ഹബ്ബ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘പി.എസ്.ജിയിലേക്ക് വരുന്നതിന് മുമ്പുതന്നെ ഒരു മികച്ച ഫുട്‌ബോളര്‍ എന്ന നിലയില്‍ എനിക്ക് കിലിയനെ അറിയാമായിരുന്നു. ടെക്‌നിക്കലിയും ഫിസിക്കലിയുമായിട്ടുള്ള അദ്ദേഹത്തിന്റെ കഴിവുകളെ കുറിച്ച് മാത്രമാണ് എനിക്ക് കൂട്ടിച്ചേര്‍ക്കാനുള്ളത്. അതാണ് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാക്കുന്നത്. ഞാന്‍ കിലിയന്റെ പരിശീലകനായത് കൊണ്ട് മാത്രമല്ല ഇത് പറയുന്നത്. നേരിട്ട് കണ്ടറിഞ്ഞ കാര്യങ്ങളാണ് പറയുന്നത്.

അവന് ഒര് മത്സരം ഒറ്റക്ക് നയിക്കാനും ടീമിനെ വിജയത്തിലേക്ക് നയിക്കാനും അനായാസം സാധിക്കും. അതുകൊണ്ടാണ് കിലിയന്‍ ലോകത്തെ നമ്പര്‍ വണ്‍ ആണെന്ന് ഞാന്‍ പറയുന്നത്,’ എന്റിക്വ് പറഞ്ഞു.

അതേസമയം, എംബാപ്പെക്ക് ഈ സീസണില്‍ ലോസ് ബ്ലാങ്കോസിനൊപ്പം ചേരാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും പി.എസ്.ജി താരത്തെ വിട്ടുനല്‍കാന്‍ ഒരുക്കമായിരുന്നില്ല. പാരീസിയന്‍സുമായി 2024 വരെയാണ് എംബാപ്പെക്ക് കരാറുള്ളത്. കരാര്‍ അവസാനിക്കാതെ താരത്തെ ഫ്രീ ഏജന്റായ അയക്കാന്‍ പി.എസ്.ജി ഒരുക്കമായിരുന്നില്ല.

എംബാപ്പെയുടെ ആവശ്യം ശക്തമായപ്പോള്‍ താരത്തെ വിട്ടയക്കാന്‍ 250 ദശലക്ഷം യൂറോ പി.എസ്.ജി റയല്‍ മാഡ്രിഡിനോട് ആവശ്യപ്പെടുകയായിരുന്നു. കരാര്‍ സംബന്ധിച്ച് തടസങ്ങള്‍ നേരിട്ടതിനാല്‍ ഒരു വര്‍ഷത്തേക്ക് കൂടി പി.എസ്.ജിയില്‍ തുടരാന്‍ എംബാപ്പെ നിര്‍ബന്ധിതനാവുകയായിരുന്നു.

എന്നാല്‍ കരാര്‍ അവസാനിച്ചതിന് ശേഷവും എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്തുന്നതിനായി പി.എസ്.ജി താരത്തിന്റെ വേതനത്തില്‍ വലിയ വര്‍ധനവുണ്ടാക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്തുന്നതിനായി പി.എസ്.ജി എന്ത് സൗകര്യവും ഒരുക്കാന്‍ തയ്യാറാണെന്നാണ് ഡിഫന്‍സ സെന്‍ട്രല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

എംബാപ്പെക്കായി 120 മില്യണ്‍ യൂറോ മുടക്കാന്‍ റയല്‍ ഡയറക്ടര്‍ ബോര്‍ഡും അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത സീസണിനൊടുവില്‍ എംബാപ്പെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമെന്നതിനാല്‍ 120 മില്യണ്‍ യൂറോക്ക് തന്നെ എംബാപ്പെയെ നല്‍കാന്‍ പി.എസ്.ജി നിര്‍ബന്ധിതരാകുമെന്നാണ് റയലിന്റെ കണക്കുകൂട്ടല്‍.

Content Highlights: Louise Enrique praises Kylian Mbappe

We use cookies to give you the best possible experience. Learn more