ഖത്തര്‍ ലോകകപ്പിലെ റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ഡിസംബര്‍ ഒമ്പതിനാണ് ക്വാര്‍ട്ടര്‍ പോരാട്ടം ആരംഭിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാമത് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന ഹോളണ്ടിനെയാണ് നേരിടുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മത്സരമാണിത്.
2014 ലോകകപ്പില്‍ ഏറ്റുമുട്ടിയതിന് ശേഷം പിന്നീടിതുവരെ അര്‍ജന്റീനയും ഹോളണ്ടും പരസ്പരം കൊമ്പുകോര്‍ത്തിട്ടില്ല. അന്ന് ഏറ്റുമുട്ടിയതാകട്ടെ ലോകകപ്പിന്റെ സെമി ഫൈനലിലും.
2010ല്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ട് കിരീടം നഷ്ടപ്പെടുത്തിയതിന്റെ കണക്ക് തീര്‍ക്കാന്‍ ഒരുങ്ങിയെത്തിയ ഹോളണ്ടിന് മുമ്പില്‍ പ്രതിബന്ധമായി നിന്നത് അര്‍ജന്റീനയായിരുന്നു.
ഇരുടീമുകളും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറിയ 2014 സെമി ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു. ഇതിന് ശേഷം 2022 ഖത്തറിലെ ക്വാര്‍ട്ടറിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നത്.
ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന് വേണ്ടി തയ്യാറെടുക്കുമ്പോള്‍ നെതര്‍ലന്‍ഡ്‌സിന്റെ പ്രധാന ഭീഷണി അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയാണ്. എന്നാല്‍ മെസിയെ തടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് വാന്‍ ഗാല്‍ പറയുന്നത്.
‘മെസി ഏറ്റവും മികച്ച ക്രിയേറ്റീവ് പ്ലെയറാണ്. ഒരുപാട് അവസരങ്ങള്‍ സൃഷ്ടിക്കുന്ന താരത്തിന് നിരവധി ഗോളുകള്‍ നേടാനും സാധിക്കുന്നു. എന്നാല്‍ മത്സരത്തിനിടയില്‍ പന്ത് നഷ്ടമായാല്‍ മെസി പിന്നീട് കളിയില്‍ അധികം പങ്കെടുക്കില്ല. അതാണ് ഞങ്ങള്‍ കാത്തിരിക്കുന്ന അവസരം. ബാക്കി നിങ്ങള്‍ വെള്ളിയാഴ്ച കാണൂ,’ വാന്‍ ഗാല്‍ വ്യക്തമാക്കി.
അതേസമയം ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയപ്പോള്‍ യു.എസ്.എയെ കീഴ്പ്പെടുത്തിയാണ് നെതര്‍ലന്‍ഡ്‌സിന്റെ മുന്നേറ്റം.
ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ വിജയം. മെസിയും ജൂലിയോ അല്‍വാരസുമായിരുന്നു അര്‍ജന്റീനക്കായി ഗോള്‍ നേടിയത്.
ഒരു ഗോള്‍ വഴങ്ങി മൂന്നെണ്ണം തിരിച്ചടിച്ചാണ് നെതര്‍ലന്‍ഡ്‌സ് വിജയം സ്വന്തമാക്കിയത്. മെംഫിസ് ഡീപേ, ഡേലി ബ്ലൈന്‍ഡ്, ഡെന്‍സല്‍ ഡംഫ്രിസ് എന്നിവരാണ് ഓറഞ്ച് ആര്‍മിക്കായി സ്‌കോര്‍ ചെയ്തത്.
അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ഏറ്റുമുട്ടലിലെ വിജയിയുമായി സെമി ഫൈനലില്‍ ബ്രസീല്‍-ക്രൊയേഷ്യ വിജയികള്‍ ഏറ്റുമുട്ടും.