ഫുട്‌ബോള്‍ ലോകത്തെ മികച്ച താരങ്ങളില്‍ ഒരാളാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ. നിലവില്‍ അല്‍ നസറിന് വേണ്ടിയാണ് താരം കളിക്കുന്നത്. സൂപ്പര്‍ കപ്പ് ഫൈനലില്‍ റൊണാള്‍ഡോക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. അല്‍ ഹിലാലിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടീമിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
2024 സൗദി സൂപ്പര്‍ കപ്പില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും ഒരു അസിസ്റ്റും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. സൗദി പ്രോ ലീഗില്‍ 31 മത്സരങ്ങളില്‍ നിന്നും 35 ഗോളുകള്‍ നേടിയ റൊണാള്‍ഡോ 11 അസിസ്റ്റ് ഗോളുകളും സ്വന്തമാക്കി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 2003- 24 എസ്.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ 9 മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളും നേടിയിരുന്നു.
ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിച്ചു രംഗത്ത് വന്നിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ലൂയിസ് സാഹ. 2021ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലേക്ക് റൊണാള്‍ഡോ വീണ്ടും തിരിച്ചെത്തിയതും ക്ലബ്ബിലെ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം വീണ്ടും ക്ലബ് വിട്ടതും താരം പറഞ്ഞു. മാത്രമല്ല റൊണാള്‍ഡോക്ക് ഭാവിയില്‍ മാഞ്ചസ്റ്ററിന്റെ പരിശീലകനാന്‍ കഴിയുമെന്നും താരം പറഞ്ഞു.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഭാവിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ലേക്ക് മടങ്ങിവരാനുള്ള പാഷനും ഡെഡിക്കേഷനുമുണ്ട്. ഭാവിയില്‍ ഒരു പരിശീലകനായി അദ്ദേഹം മടങ്ങിയെത്തിയേക്കാം. അദ്ദേഹത്തിന്റെ രണ്ടാമത്തെ സ്‌പെല്ല് പ്രതീക്ഷിച്ച രൂപത്തിലല്ല അവസാനിച്ചത്. പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം തന്റെ നിരാശ പ്രകടിപ്പിച്ചത് എന്നത് വ്യക്തമാണ്. യുണൈറ്റഡില്‍ പഴയ ഫോര്‍മുല ഇല്ലായിരുന്നു, താരങ്ങള്‍ക്ക് പഴയ ഡെഡിക്കേഷനും ഇല്ലായിരുന്നു.
പക്ഷേ ഒരു പരിശീലകന്‍ എന്ന നിലയില്‍ എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യണം എന്നത് റൊണാള്‍ഡോക്ക് ഇപ്പോള്‍ അറിയാം. അദ്ദേഹം തന്റെ അറിവ് ഉപയോഗിച്ചാല്‍ തീര്‍ച്ചയായും യുണൈറ്റഡില്‍ ഒരു നല്ല പരിശീലകനായി മാറും. റോയ് കീന്‍ പരിശീലകനായതും വിജയങ്ങള്‍ കൈവരിച്ചതും നമ്മള്‍ കണ്ടതാണ്. ഒരു പരിശീലകന് എന്തൊക്കെയാണ് ആവശ്യം എന്നത് റൊണാള്‍ഡോക്ക് അറിയാം. അദ്ദേഹം അതില്‍ സക്‌സസ് ആവും,’ലൂയിസ് സാഹ പറഞ്ഞു.
Content Highlight: Louis Saha Talking About Cristiano Ronaldo