ഈ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടുമെന്ന് മുന്‍ മാഞ്ചസ്റ്റര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സാഹ. യുണൈറ്റഡ് ഇത്തവണ മികച്ച ഫോമിലാണെന്നും കോച്ച് എറിക് ടെന്‍ ഹാഗിന്റെ ടീമിന് ടൈറ്റില്‍ സ്വന്തമാക്കാനാകുമെന്നും സാഹ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് മാറിയെന്നും അതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്ലസ് പോയിന്റെന്നും സാഹ പറഞ്ഞു. ലോര്‍ഡ് പിങ്ങുമായി നടത്തിയ അഭിമുഖത്തിലാണ് സാഹ ഇക്കാര്യം പറഞ്ഞത്.
‘കണക്കുകള്‍ പ്രകാരം നിലവില്‍ ഒരു ടീമും ഫോമിലല്ല തുടരുന്നത്. ഇന്ന് ലോകത്തിലെ മികച്ച താരമെന്ന് വിളിക്കാനാകുന്ന മാര്‍ക്കസ് റാഷ്‌ഫോര്‍ഡും യുണൈറ്റഡിന്റെ തന്നെ മറ്റുതാരങ്ങളുമാണ് പ്രതീക്ഷ.
അതുകൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് തങ്ങളുടെ ടൈറ്റില്‍ പേരിലാക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
നിലവില്‍ ആഴ്‌സണിലേക്കാള്‍ എട്ട് പോയിന്റുകള്‍ക്ക് പിറകില്‍ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡെങ്കിലും ഇനിയും 16 മത്സരങ്ങള്‍ ബാക്കി കിടക്കുന്നുണ്ടെന്നുള്ളത് ടെന്‍ ഹാഗിന്റെ ടീമിന് പ്രതീക്ഷയാണ്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാലണ്ട് മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും മാര്‍ച്ച് വരെയുള്ള സമയം വളരെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും വരുന്ന കൊല്ലം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫേവറിറ്റുകളില്‍ ഒന്നാകുമെന്നുള്ള കാര്യം തീര്‍ച്ചയാണ്,’ സാഹ പറഞ്ഞു.
അതേസമയം, ലോകകപ്പിന് ശേഷം മിന്നുന്ന പ്രകടനമാണ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് പുറത്തെടുക്കുന്നത്. 18 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.
വേള്‍ഡ് കപ്പിന് ശേഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് റാഷ്ഫോര്‍ഡ്. നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്ന യുണൈറ്റഡിനെ റാഷ്ഫോര്‍ഡ് കരക്കെത്തിക്കുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.
യൂറോപ്പ ലീഗില്‍ ബാഴ്‌സലോണക്കെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടാം പാദ അടുത്ത മത്സരം. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മത്സരം നടക്കുക.
Content Highlights: Louis Saha backs Manchester United to win the Premier League title