| Saturday, 11th June 2022, 9:24 pm

ബാക്കി എല്ലാവരും അങ്ങോട്ട് മാറി ഇരി, ലോകകപ്പ് ഈ രണ്ട് ടീമുകളില്‍ ആരേലും നേടും; ലോകകപ്പ് ഫേവറെയ്റ്റുകളെ പ്രഖ്യാപിച്ച് സ്‌പെയിന്‍ കോച്ച് ലൂയിസ് എന്റിക്വസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകകപ്പ് ഓരോ ദിവസം അടുക്കുമ്പോള്‍ ലോകം മുഴുവന്‍ അതിന്റെ ആവേശത്തില്‍ വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുക. ഓരോ ടീമുകളുടേയും ആരാധകര്‍ അവരുടേതായ വെല്ലുവിളികളും പ്രവചനങ്ങളും നടത്താന്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്.

സ്പാനിഷ് കോച്ചായ ലൂയിസ് എന്റിക്വസിന്റെ അഭിപ്രായത്തില്‍ ഈ കൊല്ലത്തെ ഏറ്റവും മികച്ച ടീമുകള്‍ ലാറ്റിന്‍ അമേരിക്കന്‍ ടീമുകളായ ബ്രസീലും, അര്‍ജന്റീനയുമാണ്. ബാക്കി എല്ലാ ടീമുകളെക്കാള്‍ മികച്ചതാണ് അവര്‍ എന്നാണ് സ്പാനിഷ് കോച്ചിന്റെ അഭിപ്രായം.

‘ബാക്കി എല്ലാ ടീമുകളേക്കാള്‍ വലുതായി ഒരു ടീമിനെ കാണുന്നുണ്ടോ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, എനിക്ക് തോന്നുന്നത് അര്‍ജന്റീനയാണ്. കൂടാതെ ബ്രസീലും മികച്ച ടീമാണ്. ഞാന്‍ അത് പറഞ്ഞില്ലെങ്കില്‍, മാധ്യമപ്രവര്‍ത്തകര്‍ എന്റെ നേരെ ചാടിവരും. പക്ഷെ സത്യം ഇതുതന്നെയാണ്,’ എന്റിക്വസ് പറഞ്ഞു.

2002ന് ശേഷം ഒരു ലാറ്റിന്‍ അമേരിക്കന്‍ ടീമും ലോകകപ്പ് നേടിയിട്ടില്ല എന്ന ചീത്തപ്പേര് മാറ്റാനാണ് ഇത്തവണ ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീനയും ബ്രസീലും കച്ചക്കെട്ടുന്നത്. എന്നാല്‍ യൂറോപ്യന്‍ ടീമുകളും ഒന്നിനൊന്ന് മെച്ചമാണ്.

മികച്ച പ്രകടനങ്ങളാണ് ഇരു ടീമുകളും രണ്ട് വര്‍ഷങ്ങളായി കാഴ്ചവെക്കുന്നത്. വ്യക്തികത പ്രകടനങ്ങള്‍ കൊണ്ട് ബ്രസീല്‍ വിജയങ്ങള്‍ കൊയ്യുമ്പോള്‍ അര്‍ജന്റീന ഒരു ടീമെന്ന നിലയില്‍ മികവാര്‍ന്ന പ്രകടനം നടത്തുന്നതിനാണ് ഫുട്‌ബോള്‍ ലോകം കാഴ്ചക്കാരാകുന്നത്.

ലയണല്‍ മെസിയുടെ കൂടെ എന്തിനും പോന്ന യുവനിരയാണ് അര്‍ജന്റൈന്‍ ശക്തി. കഴിഞ്ഞ കോപ്പ അമേരിക്കയും ഫൈനലിസിമയും വിജയിച്ചത് ഇത്തരത്തില്‍ ടീം ഗെയിം കളിച്ചുകൊണ്ടാണ്. നെയ്മറും, വിനിഷ്യസും, ഡി സില്‍വയൊക്കെ അടങ്ങുന്ന ബ്രസീല്‍ അവരുടെ പ്രതാപകാലത്തെ തിരിച്ചുകൊണ്ടുവരാനുള്ള പുറപ്പാടിലാണ്.

നേരത്തെ ബ്രസീലും അര്‍ജന്റീനയും മികച്ച ടീമുകളാണെങ്കിലും യൂറോപ്യന്‍ ടീമുകളുടെ മുന്നില്‍ ഏറ്റുമുട്ടുമ്പോള്‍ തകരുമെന്നായിരുന്നു ഫ്രാന്‍സിന്റെ യുവതാരമായ കിലിയന്‍ എബാപെയുടെ വാദം. അമേരിക്കന്‍ ഫുട്ബോള്‍ വളരെ എളുപ്പമാണെന്നും യുറോപ്യന്‍ ഫുട്ബോള്‍ മൈലുകള്‍ മുമ്പിലാണെന്നും എംബാപെ പറഞ്ഞിരുന്നു.

ബ്രസീല്‍ ലോകകപ്പില്‍ ഫേവറിറ്റുകളില്‍ ഒന്നാണെന്നും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ള എതിരാളികള്‍ക്കെതിരെ അവര്‍ സ്ഥിരമായി കളിക്കാറില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അര്‍ജന്റീന ഉള്‍പ്പെടെയുള്ള ദക്ഷിണ അമേരിക്കന്‍ ടീമുകള്‍ക്ക് ടൂര്‍ണമെന്റില്‍ അത് ദോഷകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പിന്നീട് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ ഫൈനലിസിമയില്‍ തോല്‍പ്പിച്ചുകൊണ്ടാണ് അര്‍ജന്റീന എംബാപെയുടെ വാക്കുകള്‍ക്ക് മറുപടി കൊടുത്തത്.

എന്തായാലും ലാറ്റിന്‍ ശക്തികളും യൂറോപ്യന്‍ വമ്പന്‍മാരും ഏറ്റുമുട്ടുന്ന ലോകകപ്പില്‍ മികച്ച മത്സരങ്ങള്‍ തന്നെ പ്രതീക്ഷിക്കാം.

Content Highlights: Louis Enriques says Argentina and Brazil are best team in worldcup

We use cookies to give you the best possible experience. Learn more