ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുടെ പരിശീലകനായി ലൂയിസ് എന്റിക്വ് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സീസണിന്റെ അവസാനത്തോടെ കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ പി.എസ്.ജിയുമായി പിരിയുകയാണെന്ന വിവരം അറിയിച്ചിരുന്നു. ഗാള്‍ട്ടിയറിന് പകരക്കാരനായി മുന്‍ ബയേണ്‍ മ്യൂണിക്ക് കോച്ച് ജൂലിയന്‍ നഗല്‍സ്മാനെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തിയിരുന്നെങ്കിലും സാധ്യമായില്ല.
തുടര്‍ന്നാണ് എന്റിക്വിനെ പാരീസിയന്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചത്. ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മൊറോക്കോക്കെതിരെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എന്റിക്വ് സ്‌പെയ്ന്‍ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു.
2014 മുതല്‍ 2017 വരെ ബാഴ്‌സലോണക്കായി മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞതോടെയാണ് എന്റിക്വിനെ സ്‌പെയ്ന്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ കൊണ്ട് വരുന്നത്.
അതേസമയം ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ പി.എസ്.ജിയുടെ പരിശീലകനാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. റയല്‍ മാഡ്രിഡിന്റെ കോച്ചായിരുന്ന മുന്‍ താരം കഴിഞ്ഞ സീസണിലാണ് പരിശീലക സ്ഥാനമൊഴിയുന്നത്.
അദ്ദേഹത്തെ ക്ലബ്ബിലെത്തിക്കാന്‍ കഴിഞ്ഞ സീസണിലും പി.എസ്.ജി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ലെന്നും ഈ സീസണില്‍ സിദാനെ പാരീസിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പി.എസ്.ജിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.