| Friday, 13th January 2023, 12:52 pm

ലൂയിസ് എന്റിക്വ് ബ്രസീലിലേക്ക്?; ഇങ്ങനെയൊരു കോച്ചിനെയാണ് ടീമിന് ആവശ്യമെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്ക്ക് പകരക്കാരനെ തേടിയുള്ള അന്വേഷണത്തിലാണ് ബ്രസീല്‍ ദേശീയ ടീം. ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട്‌ തോല്‍വി വഴങ്ങി ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തു പോയതിനു പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു.

നിരവധി പേരുകള്‍ ബ്രസീല്‍ മാനേജര്‍ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം വന്നിട്ടില്ല.

ഇപ്പോള്‍ ബ്രസീലിന്റെ റഡാറിലുള്ള പുതിയ പരിശീലകന്‍ ബാഴ്സലോണയുടെയും സ്‌പെയിനിന്റെയും മുന്‍ മാനേജരായ ലൂയിസ് എന്റിക്വ് ആണെന്നാണ് റിപ്പോര്‍ട്ട്. ബാഴ്സക്കൊപ്പം ഒരു സീസണില്‍ ആറ് കിരീടങ്ങള്‍ ഉള്‍പ്പെടെ നിരവധി ഗംഭീര നേട്ടങ്ങള്‍ സ്വന്തമാക്കിയ പരിശീലകനാണ് എന്റിക്വ്.

സ്‌പെയ്‌നിനെ മികച്ച നിലയിലെത്തിക്കാന്‍ സഹായിച്ച എന്റിക്വ് ലോകകപ്പ് തോല്‍വിക്ക് ശേഷം പരിശീലകസ്ഥാനം ഒഴിയുകയായിരുന്നു. ഇപ്പോള്‍ ചില ക്ലബുകളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തി അഭ്യൂഹങ്ങള്‍ കേള്‍ക്കുന്നതിനിടെയാണ് ബ്രസീലും നോട്ടമിട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ വരുന്നത്.

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായ എഡ്‌നാള്‍ഡോ റോഡ്രിഗസ് ഏതാനും ദിവസത്തെ അവധി കഴിഞ്ഞ് തന്റെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. അദ്ദേഹത്തിനാണ് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ചുമതല.

പെപ് ഗ്വാര്‍ഡിയോള, കാര്‍ലോ ആന്‍സലോട്ടി, മൗറീന്യോ, സിദാന്‍ തുടങ്ങിയവരെ നേരത്തെ തന്നെ ബ്രസീല്‍ ബന്ധപ്പെട്ടെങ്കിലും അവരൊന്നും അതിനു സമ്മതം മൂളിയില്ല. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ലൂയിസ് എന്റിക്വയിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്.

നിലവില്‍ ഫ്രീ ഏജന്റായ ലൂയിസ് എന്റിക്വക്ക് ക്ലബ് ഫുട്‌ബോളില്‍ നില്‍ക്കാനാണ് താല്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡീഗോ സിമിയോണി സ്ഥാനമൊഴിഞ്ഞാല്‍ അത്‌ലറ്റികോ മാഡ്രിഡ് അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ബ്രസീലിനെപ്പോലൊരു ടീമിന്റെ ക്ഷണം വന്നാല്‍ അദ്ദേഹം അതിനെ നിരസിക്കാനുള്ള സാധ്യത കുറവാണ്.

ഖത്തര്‍ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളായിരുന്നിട്ടും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു മടങ്ങുകയാണ് ബ്രസീല്‍ ചെയ്തത്. ക്രൊയേഷ്യക്കെതിരെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്.

തോല്‍വിയെ തുടര്‍ന്ന് ടിറ്റെ പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു. മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് താന്‍ കോച്ച് സ്ഥാനത്ത് നിന്നും രാജിവെക്കുന്ന കാര്യം ടിറ്റെ വ്യക്തമാക്കിയത്. ഇത് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് തീരുന്നത് വരെയേ താന്‍ കോച്ചായി തുടരുകയുള്ളുവെന്ന് ടിറ്റെ പറഞ്ഞിരുന്നു. ‘ലോകകപ്പ് തീരുന്നത് വരെ ഞാന്‍ ഇവിടെ കാണും. നുണയൊന്നും പറയേണ്ട കാര്യമില്ലല്ലോ.

എനിക്ക് ഇനിയൊന്നും നേടണമെന്നില്ല. കരിയറില്‍ നേടാനുള്ളതെല്ലാം ഞാന്‍ നേടിക്കഴിഞ്ഞു. വേള്‍ഡ് കപ്പ് മാത്രമാണ് ബാക്കിയുള്ളത്,’ എന്നായിരുന്നു ടിറ്റെ പറഞ്ഞിരുന്നത്.

61കാരനായ ടിറ്റെ 2016 മുതല്‍ ബ്രസീലിന്റെ പരിശീലകനായിരുന്നു. ടിറ്റെയുടെ പരിശീലനത്തിലാണ് 2018ല്‍ കോപ്പ അമേരിക്ക കിരീടം നേടിയത്. എന്നാല്‍ 2018, 2022 ലോകകപ്പില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാനായില്ല.

ലോകകപ്പ് മത്സരങ്ങളിലെ ടീം സെലക്ഷനിലും ക്രൊയേഷ്യക്കെതിരായ ഷൂട്ടൗട്ടില്‍ കിക്കെടുക്കാന്‍ താരങ്ങളെ തെരഞ്ഞെടുത്തതിലും ടിറ്റെക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു.

Content Highlights: Louis Enrique will coach Brazil national team

Latest Stories

We use cookies to give you the best possible experience. Learn more