'പി.എസ്.ജിയില്‍ പരിശീലനം നടത്തണമെങ്കില്‍ അവന്‍ അവിടെയുണ്ടായിരിക്കണം'; സൂപ്പര്‍താരത്തിനായി വാദിച്ച് എന്റിക്വ്
Football
'പി.എസ്.ജിയില്‍ പരിശീലനം നടത്തണമെങ്കില്‍ അവന്‍ അവിടെയുണ്ടായിരിക്കണം'; സൂപ്പര്‍താരത്തിനായി വാദിച്ച് എന്റിക്വ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st June 2023, 4:16 pm

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുടെ പുതിയ പരിശീലകനായി ലൂയിസ് എന്റിക്വ് ചുമതലയേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ പി.എസ്.ജിയുമായി പിരിയുകയാണെന്ന വിവരം നേരത്തെ അറിയിച്ചിരുന്നു. ഗാള്‍ട്ടിയറിന് പകരക്കാരനായി മുന്‍ ബയേണ്‍ മ്യൂണിക്ക് കോച്ച് ജൂലിയന്‍ നഗല്‍സ്മാനെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തിയിരുന്നെങ്കിലും സാധ്യമായില്ല.

തുടര്‍ന്നാണ് എന്റിക്വിനെ പാരീസിയന്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചത്. പി.എസ്.ജിയില്‍ സൂപ്പര്‍താരം നെയ്മര്‍ ഉണ്ടായിരിക്കണമെന്ന് എന്റിക്വ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലയണല്‍ മെസി ക്ലബ്ബ് വിട്ടതോടെ നെയ്മറും പാരീസിയന്‍ ക്ലബ്ബിന്റെ പടിയിറങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഫ്രഞ്ച് മീഡിയ ഔട്ട്‌ലെറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം നെയ്മറിനെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ എന്റിക്വ് പി.എസ്.ജിയോട് ആവശ്യപ്പെടുകയായിരുന്നു. 2015ല്‍ ബാഴ്‌സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടുമ്പോള്‍ ക്ലബ്ബില്‍ ഇരുവരും ഒരുമിച്ചായിരുന്നു. താരത്തെ സ്‌ക്വാഡില്‍ നിലനിര്‍ത്തിയാല്‍ അദ്ദേഹത്തിന് പഴയ ഫോമിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയും എന്റിക്വ് പി.എസ്.ജിക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പി.എസ്.ജിയില്‍ 2025 വരെ നെയ്മര്‍ക്ക് കരാര്‍ ഉണ്ടെങ്കിലും താരത്തെ പുറത്താക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മറിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ച പി.എസ്.ജി നെയ്മറടക്കം പലരെയും പുറത്താക്കാന്‍ പദ്ധതിയിടുകയായിരുന്നു.

നെയ്മറെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്‌കൈ സ്‌പോര്‍ട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Louis Enrique wants Neymar Jr to continue with PSG