കോഴിക്കോട്: പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിന്റെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മസ്ജിദുകളിലെ ലൗഡ് സ്പീക്കര്‍ ബാങ്ക് വിളിക്കും അടിയന്തര പ്രാധാന്യമുള്ള അറിയിപ്പുകള്‍ക്കും മാത്രമല്ലാതെ ഉച്ചത്തില്‍ പുറത്തേക്കു വിടുന്നത് നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന് ശിഹാബ് തങ്ങള്‍ ചന്ദ്രിക ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
മസ്ജിദിനുള്ളില്‍ നടക്കുന്ന അനുഷ്ഠാനകര്‍മ്മങ്ങളിലും അനുബന്ധ ചടങ്ങുകളിലും മൈക്ക് ഉപയോഗിക്കുന്നത് അവിടെ സന്നിഹിതരായവര്‍ക്കു മാത്രം കേള്‍ക്കുന്ന വിധത്തിലായിരിക്കണം. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിവിധ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കും പരിസരവാസികള്‍ക്കും പള്ളികളില്‍ നിന്നുള്ള നീണ്ടുനില്‍ക്കുന്ന ഉച്ചഭാഷിണി ഉപയോഗം ബുദ്ധിമുട്ടുണ്ടാക്കരുത്.
അതിന്റെ പേരില്‍ പരാതികളുയരുന്നതും ഭിന്നതകള്‍ വളരുന്നതും സമൂഹത്തില്‍ സംഘര്‍ഷമുടലെടുക്കുന്നതും ഖേദകരമാണെന്നും ശബ്ദഘോഷങ്ങളല്ല; ഉള്ളില്‍ തട്ടുന്ന സൗമ്യമായ ഉദ്‌ബോധനവും അതിലൂടെ രൂപപ്പെടുന്ന ആത്മീയാന്തരീക്ഷവുമാണ് വിശ്വാസത്തെ കൂടുതല്‍ പ്രകാശമുള്ളതാക്കുകയെന്നും ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക് പോസ്റ്റ് വലിയ വിവാദമായിരുന്നുു. ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന മത സംഘടനയുടെ പ്രവര്‍ത്തകര്‍ പി.കെ ഫിറോസിനെതിരെ രംഗത്ത് വന്നിരുന്നു.