മുംബൈ: ഉച്ചഭാഷിണി ഒരു മതത്തിനും അനിവാര്യമായ ഘടകമല്ലെന്ന് ബോംബൈ ഹൈക്കോടതി. പൊതുതാത്പര്യത്തെ മുന്‍നിര്‍ത്തി ലൗഡ്സ്പീക്കറുകള്‍ക്ക് അനുമതി നല്‍കരുതെന്നും കോടതി ഉത്തരവിട്ടു. രണ്ട് ഹൗസിങ് അസോസിയേഷനുകള്‍ ഫയല്‍ ചെയ്ത ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
അമിതമായ ശബ്ദം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. കുര്‍ള ഈസ്റ്റിലെ ജാഗോ നെഹ്‌റുനഗര്‍ റസിഡന്റസ് വെല്‍ഫെയര്‍ അസോസിയേഷന്‍, ശിവസൃഷ്ടി കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി അസോസിയേഷന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്.
സമീപത്തെ മസ്ജിദില്‍ നിന്നുള്ള ശബ്ദ മലിനീകരണത്തിനെതിരെയാണ് അസോസിയേഷനുകള്‍ ഹരജി നല്‍കിയത്. ശബ്ദ മലിനീകരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
പ്രസ്തുത ഹരജി പരിഗണിക്കവെ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ഒരു വ്യക്തിയുടെയും അവകാശങ്ങളെയും ലംഘിക്കുന്നില്ലെന്നും കോടതി പറഞ്ഞു. അനുമതി നിഷേധിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19,25 എന്നിവയുടെ ലംഘനമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 38,70,136 വകുപ്പുകള്‍ പ്രകാരം വിഷയത്തില്‍ നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു. വേണമെങ്കില്‍ പരിസ്ഥിതി നിയമങ്ങളും നടപടിക്കായി ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
പകല്‍ സമയങ്ങളില്‍ ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്ദം 55 ഡെസിബെല്ലിലും രാത്രിയില്‍ 45 ഡെസിബെല്ലിലും കൂടരുതെന്നും കോടതി നിര്‍ദേശിച്ചു.
എന്നാല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ 2023-ലെ സത്യവാങ്മൂലമനുസരിച്ച്, ബന്ധപ്പെട്ട രണ്ട് പള്ളികളിലെ ഡെസിബല്‍ അളവ് 80 ഡെസിബെല്ലിന് മുകളിലായിരുന്നു.
ശബ്ദം പുറപ്പെടുവിക്കുന്ന ഗാഡ്ജെറ്റുകളിലെ ഡെസിബല്‍ അളവ് നിയന്ത്രിക്കാന്‍ ഇന്‍-ബില്‍റ്റ് സംവിധാനം നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. നടപടി നേരിട്ടാല്‍ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും കോടതി പറഞ്ഞു.
പരാതിക്കാരുടെ വിവരങ്ങള്‍ എതിര്‍കക്ഷികളോട് വെളിപ്പെടുത്തില്ലെന്ന് അധികാരികള്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
Content Highlight: Loudspeaker not essential to any religion: Bombay HC