| Thursday, 16th March 2023, 10:26 am

സൗദിയില്‍ ഉച്ചഭാഷിണി നിരോധിച്ചോ? ദേശീയ മാധ്യങ്ങളുടെയും ഹിന്ദുത്വ പ്രചരണങ്ങളുടെയും വാസ്തവമിത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റമദാന്‍ മാസത്തോട് അനുബന്ധിച്ച് സൗദി ഇസ്‌ലാമിക മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറുമായി ബന്ധപ്പെട്ട് ദേശീയ മാധ്യങ്ങളിലും തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളിലും വ്യാജ പ്രചരണം. റമദാന്‍ മാസത്തില്‍ ഇഫ്താറും ബാങ്ക് വിളിയുമൊക്കെ സൗദി നിരോധിച്ചു എന്നാണ് പ്രചരണം. സര്‍ക്കുലറില്‍ പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

തീവ്ര ഹിന്ദുത്വ പ്രചാരകന്‍ പ്രതീഷ് വിശ്വനാഥ് മുതല്‍ ന്യൂസ് 18, ദി പ്രിന്റ്, ലൈവ് ഹിന്ദുസ്ഥാന്‍, എ.ബി.പി ന്യൂസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തിരുന്നു. സൗദിയില്‍ പള്ളികളില്‍ ലൗഡ് സ്പീക്കറുകള്‍ അനുവദനീയമല്ലെന്ന തലക്കെട്ടിലാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയത്.

സൗദി ഇസ്‌ലാമിക മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറിനെ ഉദ്ധരിച്ച് ‘മസ്ജിദുകളിലെ ഉച്ചഭാഷിണിയും ഇഫ്താര്‍ വിരുന്നും നിരോധിച്ചു, ഇഅ്തികാഫിനു പ്രാര്‍ത്ഥിക്കാനായി പള്ളികളില്‍ താമസിക്കുന്നതിന് ഐ.ഡി പ്രൂഫ് നിര്‍ബന്ധമാക്കി. പ്രാര്‍ത്ഥനകളുടെ ദൈര്‍ഘ്യം കുറയ്ക്കാനും അവ സംപ്രേഷണം ചെയ്യുന്നത് തടയാനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്,’ എന്നാണ് പ്രതീഷ് വിശ്വനാഥ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.

ജനുവരിയിലെ ഉത്തരവ് സംബന്ധിച്ച് ഗള്‍ഫ് ന്യൂസില്‍ വന്ന വാര്‍ത്ത

ഇസ്‌ലാമിക രാജ്യമായ സൗദിയില്‍ പോലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഉച്ചഭാഷിണി അടക്കമുള്ള കാര്യത്തില്‍ ഇവിടെ എന്തുകൊണ്ട് നിരോധനമില്ലെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഹിന്ദുത്വ പ്രൊഫൈലുകള്‍ നടത്തുന്നത്.

സര്‍ക്കുലറിലെ വാസ്തവം

മാര്‍ച്ച് മൂന്നിനാണ് സൗദി മന്ത്രാലയം റമദാന്‍ മാസവുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഉച്ചഭാഷിണിയെക്കുറിച്ച് സര്‍ക്കുലറില്‍ ഒരു പരാമര്‍ശവുമില്ല.

സൗദി ഇസ്‌ലാമിക മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലർ

ഈ വര്‍ഷം ജനുവരി മുതല്‍ പള്ളികളില്‍ അധികമായുള്ള ലൗഡ് സ്പീക്കര്‍ ഒഴിവാക്കണമെന്നുള്ള വാര്‍ത്തയുടെ മറപിടിച്ചാണ് റമദാന്‍ മാസം ഉച്ചഭാഷിണി നിരോധിച്ചെന്നുള്ള തരത്തിലുള്ള പ്രചരണം നടക്കുന്നത്. നിലവിലുള്ള ഉത്തരവ് റമദാന്‍ മാസത്തിലും ബാധകമാകുമെന്ന് മാത്രമാണ് സര്‍ക്കുലറില്‍ പറയുന്നത്.

Content Highlight: Loudspeaker banned in Saudi? The reality of national media and Hindutva propaganda

We use cookies to give you the best possible experience. Learn more