കൊച്ചി: വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പില്‍ വിജയിച്ച സ്ത്രീക്ക് ഒന്നാം സമ്മാനമായ 40.95 ലക്ഷം രൂപ നല്‍കണമെന്ന് ഹൈക്കോടതി.
ലോട്ടറി ബിസിനസില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു ലോട്ടറി ഏജന്റിന്റെ ഭാര്യയാണെന്ന് പറഞ്ഞ് വിജയിക്ക ലോട്ടറി വകുപ്പ് സമ്മാനത്തുക നിഷേധിച്ചിരുന്നു.
സമ്മാനത്തുക നിഷേധിച്ച ലോട്ടറി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് പി. ഷിദ കോടതിയെ സമീപിക്കുകയായിരുന്നു.
2015ലായിരുന്നു ലോട്ടറി വകുപ്പ് ഫലം പ്രസിദ്ധീകരിച്ചത്. ടിക്കറ്റിന്റെ ഉടമയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാന ലോട്ടറി ഡയരക്ടര്‍ക്ക് ഷിദ ടിക്കറ്റ് സമര്‍പ്പിക്കുകയും ചെയ്തു.
പാലക്കാട്ടെ ഒരു ഏജന്റില്‍ നിന്നാണ് ലോട്ടറി വാങ്ങിയതെന്ന് ഹരജിക്കാരി പറഞ്ഞു. ഹര്‍ജിക്കാരി ‘മഞ്ജു ലോട്ടറി ഏജന്‍സി’ എന്ന ലോട്ടറി ഏജന്‍സി ഉടമയുടെ ഭാര്യയാണെന്നും ഇയാള്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉള്ളതിനാല്‍, വകുപ്പിന് ഷിദയ്ക്ക് സമ്മാന തുക നല്‍കാന്‍ പറ്റില്ലെന്നുമായിരുന്നു വകുപ്പിന്റെ വാദം.
എന്നാല്‍, ലോട്ടറി ടിക്കറ്റ് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തുക മാത്രമാണ് അതോറിറ്റിയുടെ കടമയെന്ന് കോടതി പറഞ്ഞു. ഹരജിക്കാരി ഹാജരാക്കിയ ടിക്കറ്റിന്റെ യഥാര്‍ത്ഥതയെക്കുറിച്ച് യാതൊരു തര്‍ക്കവുമില്ലെന്നും ഹരജിക്കാരി ഭര്‍ത്താവില്‍ നിന്നോ മറ്റേതെങ്കിലും വ്യക്തിയില്‍ നിന്നോ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുകയും അതില്‍ സമ്മാനം നേടുകയും ചെയ്താല്‍ സമ്മാനത്തുക അവകാശപ്പെടുന്നതില്‍ നിന്നും വിലക്കുന്ന ഒരു നിയമവുമില്ലെന്നും കോടതി പറഞ്ഞു.
ഹരജിക്കാരിക്കെതിരായ ആരോപണങ്ങള്‍ ശരിയാണെങ്കില്‍, വകുപ്പ് അവര്‍ക്കെതിരെ കുറഞ്ഞത് ഒരു ക്രിമിനല്‍ കേസെങ്കിലും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും ലോട്ടറി വകുപ്പിന്റെ പേരില്‍ പരാതിക്കാരനെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു.