പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ മുന്‍ ജര്‍മന്‍ ഇതിഹാസം ലോത്തര്‍ മത്തയോസ് നടത്തിയ വിവാദ പരാമര്‍ശം ശ്രദ്ധ നേടുകയാണിപ്പോള്‍. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ ഫ്ളോപ്പ് ക്രിസ്റ്റ്യാനോ ആണെന്നാണ് മത്തയോസ് പറഞ്ഞത്.
‘തീര്‍ച്ചയായും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഖത്തര്‍ ലോകകപ്പിലെ വലിയ ഫ്ളോപ്പ് തന്നെയാണ്. ലയണല്‍ മെസിയുടെ നേര്‍ വിപരീതമാണ് റൊണാള്‍ഡോ. ഈഗോ കാരണം അദ്ദേഹം സ്വയം നശിക്കുകയും ടീമിനെ നശിപ്പിക്കുകയും ചെയ്തു.
ശരിയാണ് റൊണാള്‍ഡോ ഒരിക്കല്‍ മികച്ച ഫുട്ബോളര്‍ ആയിരുന്നു, വേള്‍ഡ് ക്ലാസ് ഗോള്‍ വേട്ടക്കാരനുമായിരുന്നു. പക്ഷെ ഇപ്പോള്‍ അയാള്‍ അതിനെല്ലാം കോട്ടം വരുത്തി. എനിക്ക് തോന്നുന്നില്ല റൊണാള്‍ഡോക്ക് ഇനി ഏതെങ്കിലുമൊരു ക്ലബ്ബില്‍ ഇടം പിടിക്കാനാകുമെന്ന്. ഇടക്ക് അദ്ദേഹത്തോട് സഹതാപം തോന്നും,’ മത്തയോസ് പറഞ്ഞു.
ലോത്തര്‍ മത്തയോസ് പലപ്പോഴും താരങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്ത് വരാറുണ്ട്. തന്റെ അഭിപ്രായങ്ങളില്‍ ഉറച്ചു നില്‍ക്കാറുമുണ്ട്. ഖത്തര്‍ ലോകകപ്പ് സമാപിച്ചതിന് ശേഷം അദ്ദേഹം റൊണാള്‍ഡോക്കെതിരെ രംഗത്ത് വരികയായിരുന്നു.
അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.