| Monday, 20th November 2023, 8:03 am

ഇംഗ്ലീഷ് ആരാധകര്‍ ഹാരി കെയ്‌നെ മിസ്സ് ചെയ്യും; ജര്‍മന്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ബയേണ്‍ മ്യൂണികിനായി ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. ഹാരി കെയ്ന്റെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജര്‍മന്‍ ഇതിഹാസം ലോത്തര്‍ മത്തയോസ്.

ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഹാരി കെയ്‌നെ നഷ്ടമാവുമെന്നും ബയേണ്‍ നടത്തിയത് ഏറ്റവും മികച്ച സൈനിങ് ആണെന്നുമാണ് മത്തയോസ് പറഞ്ഞത്.

‘ഫുട്‌ബോളിലെ മനോഹരമായ ട്രാന്‍സ്ഫര്‍! ബയേണ്‍ മ്യൂണിക്കിന് മാത്രമല്ല ബുണ്ടസ്ലിഗയ്ക്കും ജര്‍മനിക്കും ഇത് വളരെ മികച്ച ഒരു സൈനിങ് ആണ്. ഇംഗ്ലീഷ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഹാരി കെയ്‌നെ നഷ്ടമാകുമെന്ന് ഉറപ്പാണ്. കാരണം അവന്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബുണ്ടസ്ലീഗ ചരിത്രത്തില്‍ കെയ്ന്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുന്നു,’ മത്തയോസ് ഡെയ്ലി മെയിലിനോട് പറഞ്ഞു.

ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നും ഈ സീസണില്‍ ആണ് ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കില്‍ എത്തുന്നത്. ബയേണ്‍ മ്യൂണിക്കില്‍ സ്വപ്നതുല്യമായ പ്രകടനങ്ങളാണ് ഹാരി കെയ്ന്‍ നടത്തുന്നത്.

ബയേണ്‍ മ്യൂണിക്കിനായി 16 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഇതില്‍ മൂന്ന് തകര്‍പ്പന്‍ ഹാട്രിക്കുകളും ഉള്‍പ്പെടും.

ബുണ്ടസ്ലീഗയിലെ ചരിത്രനേട്ടവും ഹാരി കെയ്ന്‍ സ്വന്തം പേരില്‍ ആക്കിയിരുന്നു. ബുണ്ടസ്ലീഗ ചരിത്രത്തില്‍ ആദ്യ 11 മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന നേട്ടമായിരുന്നു ഹാരി കെയ്ന്‍ സ്വന്തമാക്കിയത്.

ബുണ്ടസ്ലീഗയില്‍ 11 മത്സരങ്ങളില്‍ ഒമ്പത് വിജയവും രണ്ട് സമനിലയുമായി 29 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്.

ബുണ്ടസ്ലീഗയില്‍ നവംബര്‍ 25ന് കോളനുമായാണ് ജര്‍മന്‍ വമ്പന്‍മാരുടെ അടുത്ത മത്സരം.

Content Highlight: Lothar Matthaus talks about harry kane signing in bayern munich.

We use cookies to give you the best possible experience. Learn more