ഇങ്ങനെപോയാല്‍ ലെവന്‍ഡോസ്‌കിയുടെ റെക്കോഡും അവന്‍ തകര്‍ക്കും; ജര്‍മന്‍ ഇതിഹാസം
Football
ഇങ്ങനെപോയാല്‍ ലെവന്‍ഡോസ്‌കിയുടെ റെക്കോഡും അവന്‍ തകര്‍ക്കും; ജര്‍മന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th November 2023, 12:08 pm

ബയേണ്‍ മ്യൂണികിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്ന്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം ബുണ്ടസ്ലീഗയില്‍ നടന്ന മത്സരത്തില്‍ ഹെയ്ഡന്‍ഹൈമിനെതിരെ 4-2ന്റെ തകര്‍പ്പന്‍ വിജയം ബയേണ്‍ സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ഇരട്ടഗോള്‍ നേടി മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ കാഴ്ചവെച്ചത്. ഈ സാഹചര്യത്തില്‍ ഹാരി കെയ്‌നിന്റെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തെയൂസ്.

റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിയുടെ റെക്കോഡ് ഹാരി കെയ്ന്‍ മറികടക്കുമെന്നാണ് മത്തെയൂസ് പറഞ്ഞത്.

2021-22 ബുണ്ടസ്ലീഗ സീസണില്‍ 41 ഗോളുകള്‍ ആണ് ലെവന്‍ഡോസ്‌ക്കി നേടിയത്. പോളിഷ് സ്ട്രൈക്കറുടെ ഈ നേട്ടം കെയ്ന്‍ മറികടക്കുമെന്നാണ് ജര്‍മന്‍ ഇതിഹാസം പറഞ്ഞത്.

‘ഞാനിപ്പോള്‍ ഒരു പ്രവചനം നടത്തുന്നു. ഈ സീസണില്‍ ഹാരി കെയ്‌നിന് പരിക്കുകള്‍ ഒന്നും പറ്റിയില്ലെങ്കില്‍ അവന്‍ തീര്‍ച്ചയായും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ റെക്കോഡ് തകര്‍ക്കും,’ മത്തെയൂസ് സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ഈ സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നുമാണ് താരം ജര്‍മന്‍ വമ്പന്‍മാരോടൊപ്പം ചേര്‍ന്നത്. സീസണിന്റെ തുടക്കം മുതല്‍ മികച്ച ഫോമിലാണ് താരം കളിച്ചത്. നിലവില്‍ ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും ഏഴ് അസിസ്റ്റുകളും ആണ് ഇംഗ്ലീഷ് നായകന്‍ സ്വന്തമാക്കിയത്.

ഈ പ്രകടനത്തിലൂടെ ബുണ്ടസ്ലീഗയില്‍ പുതിയ റെക്കോഡ് നേട്ടത്തിലെത്താനും താരത്തിന് സാധിച്ചു. ബുണ്ടസ്ലീഗാ ചരിത്രത്തില്‍ ആദ്യ 11 മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന നേട്ടത്തിലേക്കാണ് ഹാരി കെയ്ന്‍ നടന്നുകയറിയത്.

ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത് പോളണ്ട് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ആയിരുന്നു. 2019 സീസണില്‍ ലെവന്‍ഡോസ്‌കി ആദ്യ 11 മത്സരങ്ങളില്‍ നിന്നും 16 ഗോളുകള്‍ ആണ് നേടിയിരുന്നത്. ഈ റെക്കോഡ് ആണ് ഇപ്പോള്‍ കെയ്ന്‍ മറികടന്നത്. ഇതേ ഫോം തുടര്‍ന്നാല്‍ പല പുതിയ നേട്ടങ്ങളും ഹാരി കെയ്ന്‍ കീഴടക്കും എന്നുറപ്പാണ്.

നിലവില്‍ ബുണ്ടസ്ലീഗയില്‍ 11 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയവും രണ്ട് സമനിലയുമായി 29 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്.

Content Highlight: Lothar matthaus predict Harry Kane will break Robert lewandowski record.