| Saturday, 15th April 2023, 10:16 am

ക്രിസ്റ്റ്യാനോ വലിയ ഫ്‌ലോപ്പ്; മെസിയുടെ നേര്‍ വിപരീതമാണ് അദ്ദേഹം: മുന്‍ ജര്‍മന്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ ജര്‍മന്‍ ഇതിഹാസം ലോത്തര്‍ മത്തയോസ്. ഖത്തര്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ വലിയ ഫ്‌ലാപ്പ് ആയിരുന്നെന്നായിരുന്നു മത്തയോസ് പറഞ്ഞത്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ നേര്‍ വിപരീതമാണ് റൊണാള്‍ഡോയെന്നും അദ്ദേഹം പറഞ്ഞു. ജര്‍മന്‍ മാധ്യമമായ ബില്‍ഡിന് (BILD) നല്‍കിയ അഭിമുഖത്തിലാണ് മത്തയോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘തീര്‍ച്ചയായും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഖത്തര്‍ ലോകകപ്പിലെ വലിയ ഫ്ളോപ്പ് തന്നെയാണ്. ലയണല്‍ മെസിയുടെ നേര്‍ വിപരീതമാണ് റൊണാള്‍ഡോ. ഈഗോ കാരണം അദ്ദേഹം സ്വയം നശിക്കുകയും ടീമിനെ നശിപ്പിക്കുകയും ചെയ്തു. റൊണാള്‍ഡോ ഒരിക്കല്‍ മികച്ച ഫുട്ബോളര്‍ ആയിരുന്നു, വേള്‍ഡ് ക്ലാസ് ഗോള്‍ വേട്ടക്കാരനുമായിരുന്നു. പക്ഷെ ലോകപ്പില്‍ അദ്ദേഹം അതിനെല്ലാം കോട്ടം വരുത്തി. എനിക്ക് തോന്നുന്നില്ല റൊണാള്‍ഡോക്ക് ഇനി ഏതെങ്കിലുമൊരു ക്ലബ്ബില്‍ ഇടം പിടിക്കാനാകുമെന്ന്. ഇടക്ക് അദ്ദേഹത്തോട് സഹതാപം തോന്നും,’ മത്തയോസ് പറഞ്ഞു.

ലോത്തര്‍ മത്തയോസ് പലപ്പോഴും താരങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്ത് വരാറുണ്ട്. തന്റെ അഭിപ്രായങ്ങളില്‍ ഉറച്ചു നില്‍ക്കാറുമുണ്ട്. ഖത്തര്‍ ലോകകപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം റൊണാള്‍ഡോക്കെതിരെ രൂക്ഷ പരാമര്‍ശവുമായി രംഗത്തെത്തിയത്.

അതേസമയം, ക്ലബ്ബ് ഫുട്‌ബോളില്‍ തങ്ങളുടെ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും കാഴ്ചവെക്കുന്നത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ നൈസിനെതിരെ നടന്ന മത്സരത്തില്‍ മെസി ഗോള്‍ സ്‌കോര്‍ ചെയ്തതോടെ താരം യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകള്‍ക്കായി നേടുന്ന മൊത്തം ഗോളുകളുടെ എണ്ണം 702 തികഞ്ഞു.

നൈസിനെതിരെ പി.എസ്.ജി നേടിയ രണ്ട് ഗോളുകളില്‍ ഒന്ന് മെസിയുടെ സംഭാവനയായിരുന്നു. യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകള്‍ക്കായി 701 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. റൊണാള്‍ഡോയെക്കാള്‍ 105 മത്സരങ്ങള്‍ കുറച്ച് കളിച്ചിട്ടാണ് മെസി ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ബാഴ്സലോണക്കായി 778 മത്സരങ്ങള്‍ കളിച്ച മെസി 672 ഗോളുകളാണ് ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുള്ളത്. പി.എസ്.ജിയില്‍ 68 മത്സരങ്ങളില്‍ നിന്നും 30 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

ഈ സീസണില്‍ പാരിസ് ക്ലബ്ബിനായി 34 മത്സരങ്ങള്‍ കളിച്ച മെസി 19 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. റൊണാള്‍ഡോ തന്റെ ക്ലബ്ബായ അല്‍ നസറിനായി ഇതുവരെ 11 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി.

Content Highlights: Lothar Matthaus criticizes Cristiano Ronaldo

Latest Stories

We use cookies to give you the best possible experience. Learn more