മെസി ഫിഫ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡിന് അര്‍ഹനല്ല; വിമർശനവുമായി ജര്‍മന്‍ ഇതിഹാസം
Football
മെസി ഫിഫ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡിന് അര്‍ഹനല്ല; വിമർശനവുമായി ജര്‍മന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th January 2024, 12:27 pm

2023 ഫിഫ ബെസ്റ്റ് പ്ലെയര്‍ ആയി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വിജിയന്‍ സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ടിനെ മറികടന്നാണ് മെസിയുടെ ഈ നേട്ടം

ഇപ്പോഴിതാ മെസി ഈ അവാര്‍ഡ് നേടിയതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ജര്‍മന്‍ ഇതിഹാസതാരമായ ലോതര്‍ മത്തൗസ്.

2023ല്‍ മെസി വലിയ കിരീടങ്ങള്‍ ഒന്നും നേടിയിട്ടില്ലെന്നും മെസി ഫിഫ മെന്‍സ് ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡിന് അര്‍ഹനല്ലെന്നുമാണ് ജര്‍മന്‍ ഇതിഹാസം പറഞ്ഞത്. ഡച്ച് ലാന്‍ഡിനോട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മത്തൗസ്.

‘മെസി ഇത്തവണത്തെ ഫിഫ ബെസ്റ്റ് അവാര്‍ഡ് നേടാന്‍ അര്‍ഹനല്ല. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ പാരീസിലും ഇന്റര്‍ മയാമിലും മെസി ഒന്നും ചെയ്തില്ല അവിടെ മെസി വലിയ ഹൈപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. അവിടെനിന്നും മെസിക്ക് വലിയ കിരീടങ്ങള്‍ ഒന്നും കഴിഞ്ഞിട്ടില്ല.

2023ലെ മികച്ച പ്രകടനങ്ങള്‍ നോക്കുകയാണെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായ ഹാലണ്ടിനെ മറികടക്കാന്‍ സാധിക്കില്ല. അവന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം വലിയ കിരീടങ്ങള്‍ നേടി. അവന്റെ ഗോള്‍ സ്‌കോറിങ് മികവ് വളരെ ശ്രദ്ധേയമായിരുന്നു,’ ലോതര്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം മികച്ച പ്രകടനമായിരുന്നു ഏര്‍ലിങ് ഹാലണ്ട് നടത്തിയത്. പെപ്പ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, സൂപ്പര്‍ കപ്പ് തുടങ്ങിയ കിരീടങ്ങളെല്ലാം ഹാലണ്ട് നേടി. മാഞ്ചസ്റ്റര്‍ സിറ്റിക്കായി 52 ഗോളുകളാണ് നോര്‍വിജിയന്‍ സൂപ്പര്‍താരം നേടിയത്.

അതേസമയം അര്‍ജന്റീനന്‍ സൂപ്പര്‍ താരം മെസി ഫ്രഞ്ച് ലീഗില്‍ പാരീസ് സെയ്ന്റ് ജെര്‍മെനൊപ്പം ലീഗ് വണ്‍ കിരീടം നേടിയിരുന്നു. പാരീസില്‍ നിന്ന് മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് കൂടുമാറിയ മെസി അമേരിക്കന്‍ ക്ലബ്ബിനൊപ്പം ലീഗ്‌സ് കപ്പ് കിരീടവും നേടി. ഇന്റര്‍ മയാമിക്കായി 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് മെസി നേടിയത്.

Content Highlight: Lothar Matthaus criticize Lionel Messi Fifa Best Men’s Player award 2023.