|

അടുത്ത തവണ രണ്ട് ടീമുകള്‍ കൂടി വരാനില്ലേ, നമുക്ക് നോക്കാം; ചെന്നൈയില്‍ തുടരുമോയെന്ന ചോദ്യത്തില്‍ പ്രതികരണവുമായി ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മഹേന്ദ്ര സിംഗ് ധോണിയെന്ന തലയാണ് ഇതിനുള്ള കാരണവും.

ഐ.പി.എല്‍ ആരംഭം മുതല്‍ ചെന്നൈ ടീമിന്റെ നായകനാണ് ധോണി. ദേശീയ ടീമില്‍ നിന്ന് വിരമിച്ച ധോണി ഐ.പി.എല്ലില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്.

ഇപ്പോഴിതാ ചെന്നൈ ടീമിലെ തന്റെ ഭാവിയില്‍ അനിശ്ചിതത്വമുണ്ടെന്ന് പറയുകയാണ് ധോണി. പഞ്ചാബ് കിംഗ്‌സുമായുള്ള മത്സരത്തില്‍ ടോസിന് ശേഷമായിരുന്നു ധോണിയുടെ പ്രതികരണം.

ചെന്നൈയില്‍ തന്നെ വരും സീസണുകളിലും തുടരുമോയെന്നായിരുന്നു ധോണിയുടെ ചോദ്യം. 2022 ലെ സീസണില്‍ തന്നെ ചെന്നൈയോടൊപ്പം കാണാമെന്നായിരുന്നു ധോണിയുടെ മറുപടി.

‘അടുത്ത വര്‍ഷവും നിങ്ങള്‍ക്കെന്നെ മഞ്ഞ ജഴ്‌സിയില്‍ കാണാം. പക്ഷെ ധാരാളം അനിശ്ചിതത്വങ്ങളും ഉണ്ട്. പുതുതായി രണ്ട് ടീമുകള്‍ വരാനുണ്ട്. ഐ.പി.എല്‍ നിയമങ്ങള്‍ എന്തായിരിക്കുമെന്ന് പറയാനാകില്ല,’ ധോണി പറഞ്ഞു.

എത്ര വിദേശ താരങ്ങളേയും ഇന്ത്യന്‍ താരങ്ങളേയും ഒരു ടീമിന് നിലനിര്‍ത്താനാകുമെന്ന് അറിയില്ല. അതുകൊണ്ട് ചട്ടങ്ങളില്‍ എന്ത് മാറ്റമാണ് വരുന്നതെന്ന് നോക്കിയിട്ട് തീരുമാനിക്കാമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

അതേസമയം അടുത്ത വര്‍ഷത്തെ മെഗാ ലേലത്തിനു മുന്നോടിയായി ധോണിയെ ചെന്നൈ നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന. ചെന്നൈ ടീമിന്റെ ഉടമകളായ ഇന്ത്യാ സിമന്റ്‌സിന്റെ പ്രതിനിധിയാണ് ഇതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയത്.

മെഗാ ലേലത്തിനു മുന്നോടിയായി ഓരോ ടീമുകള്‍ക്കും വളരെ കുറച്ച് താരങ്ങളെ നിലനിര്‍ത്താന്‍ അവസരമുണ്ട്. ഈ അവകാശം ഉപയോഗിച്ച് ധോണിയെ വരും സീസണിലും നിലനിര്‍ത്തുമെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നല്‍കുന്ന സൂചന.

ഇത്തവണ ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ ഒരു സീസണിന്റെ ഇടവേളയ്ക്കുശേഷം വീണ്ടും പ്ലേഓഫില്‍ പ്രവേശിച്ചിരുന്നു. ടീമെന്ന നിലയില്‍ ചെന്നൈ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ബാറ്ററെന്ന നിലയില്‍ ധോണിയുടെ പ്രകടനം ശരാശരിക്കും താഴെയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lot of uncertainties around it: MS Dhoni on playing for CSK next season