മലപ്പുറം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അരീക്കോട് കീഴുപറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിലവതരിപ്പിച്ച പ്ലോട്ടില്‍ ഹുന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കറും. കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ആര്‍.എസ്.എസ് സ്ഥാപക നേതാക്കളിലൊരാളായ സവര്‍ക്കറേയും സ്വാതന്ത്ര്യസമര നായകനാക്കി അവതരിപ്പിച്ചത്.
പ്ലോട്ടിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ മുസ്‌ലിം ലീഗ്, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സവര്‍ക്കറെ സമര നായകനാക്കി അവതരിപ്പിച്ചത് പി.ടി.എ കമ്മിറ്റിയുടെ അറിവോടെയാണെന്നും വിഷയത്തില്‍ ഇതുവരെ വശദീകരണം ലഭിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ചരിത്രത്തെ വെള്ളപ്പൂശുന്നതും സാംസ്‌കാരിക സമൂഹത്തെ അധിക്ഷേപിക്കുന്നതുമാണിതെന്ന് എസ്.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു. സംഘപരിവാര്‍ അജണ്ട നടപ്പാക്കിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും അധ്യാപകര്‍ക്കെതിരേയും നടപടിയെടുക്കണമെന്ന് യൂത്ത് ലീഗും ആവശ്യപ്പെട്ടു.
എസ്.എസ്.എഫ് അരീക്കോട് ഡിവിഷന്‍ പുറപ്പെടുവിച്ച പ്രസ്താവന
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കീഴുപറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിലവതരിപ്പിച്ച പ്ലോട്ടില്‍ സവര്‍ക്കറെ ഉള്‍പ്പെടുത്തിയത് ചരിത്രത്തെ വെള്ളപ്പൂശുന്നതും സാംസ്‌കാരിക സമൂഹത്തെ അധിക്ഷേപിക്കുന്നതുമാണ്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ സെല്ലുലാര്‍ ജയിലില്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കാലയളവില്‍, 1913ല്‍, ഹിന്ദു മഹാസഭ നേതാവായ വി.ഡി. സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതിയ നിവേദനങ്ങള്‍ കുപ്രസിദ്ധമാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ മുന്നോട്ടുവച്ച മതേതര രാഷ്ട്രം എന്ന സങ്കല്‍പ്പത്തെ പാടേ എതിര്‍ത്തുകൊണ്ട്, ഇന്ത്യന്‍ ദേശീയത ‘ഹിന്ദു’ എന്ന സ്വത്വബോധത്തില്‍ അധിഷ്ഠിതമായി ഉടലെടുക്കേണ്ടതാണെന്ന് വാദിച്ച സവര്‍ക്കര്‍ ഗാന്ധി ഘാതകരില്‍ ആറാം പ്രതിയാണ്.