എല്ലാവരുടെയും ജീവിതത്തില്‍ ഒരു നഷ്ടപ്രണയത്തിനുള്ള സ്കോപ്പ് ഉണ്ട്. കാമുകിയോ കാമുകനോ വിട്ടു പോയാലും ആ പ്രേമത്തിന്റെ ഓര്‍മകളും നോവുകളും നമ്മളില്‍ പലരുടെയും ഉള്ളില്‍ അവശേഷിക്കാനുള്ള സാധ്യതയുമുണ്ട്.
ചില സിനിമകളിലും ഇത്തരത്തില്‍ കാമുകി കാമുകന്മാര് ഒന്നിക്കാതെ പോകാറുണ്ട്. നഷ്ടപ്രണയങ്ങളുടെ ലിസ്റ്റില്‍ പ്രേക്ഷകര്‍ ഏറെ സെലിബ്രേറ്റ് ചെയ്തിട്ടുള്ളത് തൂവാനത്തുമ്പികളിലെ ജയകൃഷ്ണനേയും ക്ലാരയേയും, മായാനദിയിലെ മാത്തനേയും അപ്പുവിനേയും, പ്രേമത്തിലെ ജോര്‍ജിനെയും മലരിനെയുമൊക്കെയാണ്. കാലഘട്ടം അടിസ്ഥാനപ്പെടുത്തി പരിശോധിക്കുകയാണെങ്കില്‍ സിനിമകളില്‍ ചിത്രീകരിക്കുന്ന നഷ്ടപ്രണയങ്ങളില്‍ ചില ഇന്ട്രെസ്റ്റിംഗ് എലെമെന്റ്സ് കാണാന്‍ സാധിക്കും. അതായത്, ഓരോ കാലത്തും ആളുകള്‍ നെഞ്ചിലേറ്റിയ നഷ്ടപ്രണയ ജോഡികള്‍ക്ക് ചില സിമിലാരിറ്റികളുണ്ട്.
1990 മുതല്‍ 2000 വരെയുള്ള ചിത്രങ്ങളിലെ നഷ്ടപ്രണയങ്ങള്‍ എടുക്കുകയാണെങ്കില്‍ അതില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ മിക്കതും മോഹന്‍ലാലിന്റേതാണ്. അതില്‍ പ്രധാനപ്പെട്ട ചിലത് മാത്രമാണ് ഞാന്‍ പറയുന്നത്. മോഹന്‍ലാല്‍ നായകനായ ഉള്ളടക്കം, പവിത്രം, മിന്നാരം, കാലാപാനി, കമലദളം എന്നീ സിനിമകള്‍ക്കെല്ലാം നഷ്ടപ്രണയത്തിന്റെ ഒരു കഥ പറയാനുണ്ട്.
91 ല്‍ പുറത്തിറങ്ങിയ ഉള്ളടക്കം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണിയുടെ കാമുകിയും പിന്നീട് ഭാര്യയുമായ ശോഭനയുടെ കഥാപാത്രമായ ആനിയെ അദ്ദേഹത്തിന്റെ പേഷ്യന്റായ രേഷ്മ കൊലപ്പെടുത്തുകയാണ്. മാനസികാവസ്ഥ താളം തെറ്റിയ തന്നെ
തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്ന സണ്ണിയോടുള്ള പ്രണയം ഭാര്യയായ ആനിയെ കൊല്ലാന്‍ രേഷ്മയെ പ്രേരിപ്പിക്കുകയായിരുന്നു.
94ല്‍ തന്നെ ഇറങ്ങിയ മിന്നാരത്തിലും മോഹന്‍ലാലും ശോഭനയും തന്നെയായിരുന്നു ജോഡികള്‍. ഇതിന്റെ ഒടുക്കവും മരിച്ചുപോകാനായിരുന്നു നായികയുടെ വിധി. അക്കാലത്ത് സിനിമ കണ്ട് ഒരുപാട് കരയുകയും പിന്നീട് നായിക മരിച്ചുപോവേണ്ടതുണ്ടായിരുന്നോ എന്നും നമ്മളില്‍ പലരും സംശയിക്കുന്ന രീതിയിലുള്ള ക്ലൈമാക്സായിരുന്നു മിന്നാരത്തിന്റേത്. കോമഡി ട്രാക്കില്‍ മുന്നോട്ട് പോകുന്ന ഈ സിനിമ, അവസാനിക്കുന്നതിനു ഏതാനും മിനിട്ട് മുന്‍പായിരുന്നു നായികയുടെ രോഗം എല്ലാവരും അറിയുന്നത്. നായകന് മരുന്നെത്തിക്കാന്‍ വൈകിയ, സെക്കന്റുകളുടെ വ്യത്യാസത്തില്‍ നായിക മരണപ്പെട്ടു പോകുന്ന ട്രാജഡിയായി ഈ സിനിമ മാറി.
അക്കാലത്തെ പ്രിയദര്ശന് സിനിമകളിലെ ഒരു പ്രത്യേകതയായിരുന്നു പെട്ടെന്നുണ്ടാകുന്ന കാരണങ്ങള്‍ മൂലം സിനിമയുടെ അവസാനം പ്രണയിതാക്കള്‍ ഒന്നിക്കാതെ പോകുന്നത്. പ്രിയദര്‍ശന്റെ തന്നെ 90 ന് മുന്നെ ഇറങ്ങിയ സിനിമകളായ ചിത്രത്തിലും വന്ദനത്തിലും ഇത്തരത്തില്‍ ഒടുക്കം നായകനും നായികയും പിരിയുകയാണ്.
92 ല്‍ പുറത്തിറങ്ങിയ കമലദളത്തില്‍ നന്ദഗോപാലിന്റെ ഭാര്യയായ സുമംഗല ആത്മഹത്യ ചെയ്യുകയാണ്. നന്ദഗോപാലിന്റെ സ്നേഹം കിട്ടുന്നില്ല എന്ന തോന്നലിനാലും, അയാള്‍ ദേഷ്യപ്പെട്ട് പറഞ്ഞ വാക്കുകളില്‍ പെട്ടെന്നുണ്ടായ വിഷമത്തിലുമാണ് സുമഗംല ആത്മഹത്യ ചെയ്യുന്നത്.
അവസാനം പറഞ്ഞ മോഹന്‍ലാല്‍ സിനിമകളിലെ പ്രണയവിരഹങ്ങള്‍ ഒഴിവാക്കാമായിരുന്നതാണല്ലോ എന്ന തോന്നലാണ് ഉണ്ടാക്കിയതെങ്കില്‍ 96 ല്‍ ഇറങ്ങിയ കാലാപാനിയിലെ പ്രണയം പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്നതാണ്. തബു അവതരിപ്പിച്ച പാര്‍വതി സ്വാതന്ത്ര സമര സേനാനിയായ തന്റെ ഭര്‍ത്താവ് ഗോവര്‍ദ്ധനനെ കാത്തിരിക്കുകയാണ്. ഭര്‍ത്താവ് ബ്രിട്ടീഷു്കാരാല് വധിക്കപ്പെട്ടത് അറിയാതെ റെയില്‍വേ സ്റ്റേഷനിലെത്തി, വരുന്ന ഓരോ ട്രെയിനിലും അദ്ദേഹമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകായിരുന്നു പാര്‍വതി. പ്രേക്ഷകന്റെ ഉള്ളില്‍ ഒരു നോവായി ഈ രംഗങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇതും പ്രിയദര്ശന് തന്നെ സംവിധാനം ചെയ്തതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത മരക്കാറില്‍ പോലും പ്രിയദര്ശന് നായകനെ കാമുകിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്ന വസ്തുതയും നമുക്ക് കാണാന്‍ സാധിക്കുന്നതാണ്.
ആ കാലത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ മതിലുകള്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ചിത്രമാണ്. ഒരിക്കല്‍ പോലും തമ്മില്‍ കാണാതെ ഒരു മതിലിനപ്പുറവും ഇപ്പുറവും നിന്ന് ശബ്ദം കൊണ്ട് പ്രണയിച്ച നാരായണിയേയും ബഷീറിനേയും നെഞ്ചിലേറ്റാത്ത ഏത് മലയാളിയാണ് ഉണ്ടാവുക?
ഒടുക്കം ബഷീര്‍ കണ്ണീരോടെ ജയില്‍ വിട്ടു പോകുന്ന രംഗം കാണികളെ വേദനിപ്പിക്കുന്നതായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങെളെടുത്താല് അതിലൊന്ന് മതിലുകള്‍ ആയിരിക്കുമെന്നത് തീര്‍ച്ച.
ഇനി 2000 ങ്ങളിലേക്ക് വന്നാല്‍ കുറച്ചു കൂടി കാല്പനികമായ നഷ്ടപ്രണയങ്ങളാണ് നമുക്ക് കാണാന്‍ സാധിക്കുക. ഈ കാലഘട്ടത്തിലെ നഷ്ടപ്രണയങ്ങളോടൊപ്പം തന്നെ എഴുത്തും, സംഗീതവും, സാഹിത്യവുമൊക്കെ ഇഴുകി ചേര്‍ന്നിരിക്കുന്നുണ്ട്.
അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് 2001ല്‍ പുറത്തിറങ്ങിയ മേഘമല്‍ഹാര്‍. വിവാഹശേഷം ഒരാളോട് തോന്നുന്ന ഇഷ്ടവും ഒടുവില്‍ അത് ചെറുപ്പത്തില്‍ നഷ്ടപ്പെട്ട ബാല്യകാല സുഹൃത്താണെന്ന് തിരിച്ചറിയുന്നതുമൊക്കെയാണ് ചിത്രത്തിന്റെ കഥ. എഴുത്തുകാരിയായ നന്ദിതയും രാജീവും തമ്മിലുള്ള തീവ്രമായ സ്നേഹബന്ധം ഉപേക്ഷിച്ചു അപരിചിതരായി അഭിനയിക്കേണ്ടി വരികയാണ് അവര്‍ക്ക്.
മേഘമല്‍ഹാറിലെ രാജീവനും നന്ദിതയുമായി അഭിനയിച്ച ബിജു മേനോനും സംയുക്ത വര്‍മയും വീണ്ടും നായികാനായകന്മാരായെത്തിയ സിനിമയായിരുന്നു മഴ. ഈ ചിത്രത്തില്‍ നായികയായ ഭദ്ര എഴുത്തുകാരിയും, നായകനായ രാമാനുജം ഗായകനും സംഗീത വാദ്യാരുമാണ്. ഈ ചിത്രത്തിലും ഇരുവരും പിരിഞ്ഞുപോവുകയും അസംതൃപ്തമായ ദാമ്പത്യം നയിക്കുകയും ചെയ്യുന്നു. നായികയുടെ ഭര്‍ത്താവിന് കാന്‍സര്‍ വരികയും നായകന്റെ ശബ്ദം നഷ്ടപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.
അടുത്തത് 2000ത്തില്‍ പുറത്തിറങ്ങിയ ദേവദൂതനാണ്. ഒരു ഫാന്റസി ലോകത്തിന്റെ മനോഹാരിതയോടെ പറഞ്ഞുപോയ ചിത്രമാണ് ദേവദൂതന്. ചിത്രത്തിലെ കോളേജും നായികയുടെ ഫ്ളാഷ്ബാക്കും സംഗീതവുമൊക്കെ അല്പം പാശ്ചാത്യസ്വഭാവത്തിലുള്ളതാണ്. വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം വാങ്ങാന്‍ പോകുന്ന കാഴ്ചയില്ലാത്ത മഹേശ്വറിനെ തന്റെ പിതാവ് കൊലപ്പെടുത്തിയതറിയാതെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന അലീനയാണ് ചിത്രത്തിലെ നായിക. ഇവരുടെ പ്രണയത്തിന് കൂടുതല്‍ തീവ്രത നല്‍കിയത് സംഗീതം കൂടിയായിരുന്നു. മറ്റ് നഷ്ടപ്രണയചിത്രങ്ങളില് നിന്നും ഈ ചിത്രത്തിനുണ്ടായ ഒരു വ്യത്യാസം സിനിമയുടെ ഒടുക്കം മരണത്തിലൂടെ ഇവര്‍ ഒന്നിക്കുന്നു എന്നുള്ളതാണ്.
90 കിഡ്സില്‍ പലരുടെയും പേഴ്സണല്‍ ഫേവറൈറ്റുകളിലൊരു ചിത്രമായിരിക്കും 2006 ല്‍ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ്. ഇതില്‍ കേന്ദ്രകഥാപാത്രങ്ങളായ സുകുവിന്റെയും താരയുടെയും പ്രണയത്തെക്കാള്‍ പ്രേക്ഷകരുടെ മനസിനെ സ്പര്‍ശിച്ചത് ഒരു പക്ഷെ റസിയയുടെയും മുരളിയുടെയും പ്രണയമായിരിക്കും. ഇവര്‍ തമ്മില്‍ കണക്ടടാവുന്നത് റസിയ എഴുതിയ എന്റെ ഖല്‍ബിലെ എന്ന പാട്ടിലൂടെയായിരുന്നു.
2010നും 2020നും ഇടയ്ക്ക് വന്ന നഷ്ടപ്രണയങ്ങള്‍ നോക്കുകയാണെങ്കില്‍ കുറച്ചുകൂടി റിയലിസ്റ്റിക് സ്വഭാവത്തിലുള്ളതാണ്. നമ്മുടെ ജീവിതത്തില്‍ സംഭവിച്ചതോ അല്ലെങ്കിലും നമ്മുടെ പരിചയക്കാര്‍ക്ക് സംഭവിച്ചതോ ഒക്കെയാണ് 2010 ന് ശേഷമുള്ള നഷ്ടപ്രണയങ്ങളില്‍ കാണുന്നത്.
2012 ല്‍ പുറത്തിറങ്ങിയ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ രവിയുടെയും സൈനുവിന്റേയും പ്രണയവും പ്രേക്ഷകരെ ഏറെ വേദനിപ്പിച്ചതായിരുന്നു. രജിസ്ട്രാര്‍ ഓഫീസിലേക്കുള്ള യാത്രാമധ്യേ രവിയെ തടഞ്ഞ മണിയുടെ പൊലീസ് കഥാപാത്രത്തോട് സിനിമ കണ്ടവര്‍ക്കെല്ലാം ദേഷ്യം തോന്നും.
2013 ല്‍ പുറത്തിറങ്ങിയ അന്നയും റസൂലും ആവിഷ്കരണത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. ഇതിലും റിയലിസ്റ്റിക്കായ പ്രണയം ഒടുക്കം ട്രാജഡിയാവുകയാണ്. വേദനകള്‍ മാത്രമുള്ള തന്റെ വീട്ടില്‍ നിന്നും റസൂലിനൊപ്പം സന്തോഷകരമായ ജീവിതം പ്രതീക്ഷിച്ച് ഇറങ്ങിപോകുന്ന അന്നയെ അവര്‍ നിര്‍ബന്ധപൂര്‍വ്വം തിരിച്ചുകൊണ്ടുപോവുകയാണ്. സര്‍വ്വപ്രതീക്ഷകളും നശിച്ച അന്ന ഒടുവില്‍ മരണത്തിലാണ് അഭയം പ്രാപിക്കുന്നത്.
കേരളത്തില്‍ തരംഗമായ പ്രേമമായിരുമായിരുന്നു ജോര്‍ജിന്റേതും മലരിന്റേതും. 2015 ല്‍ പുറത്തിറങ്ങിയ പ്രേമത്തില്‍ ജോര്‍ജിന്റെ കൗമാരകാലത്തെ വണ്‍സൈഡ് ലൗവായ മേരിയെക്കാളും മുതിര്‍ന്നപ്പോള്‍ വിവാഹം ചെയ്ത സെലിനെക്കാളും കോളേജ് കാലത്ത് നഷ്ടമായ മലരിനെയാണ് പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത്. ടീച്ചര്‍ വിദ്യാര്‍ത്ഥി പ്രണയം, ഇന്റര്‍സ്റ്റേറ്റ് പ്രണയം എന്നീ ഘടകങ്ങളും നന്നായി വര്‍ക്കൗട്ടായി.
2015 ല്‍ തന്നെ പുറത്തിറങ്ങിയ ചാര്‍ളിയിലും പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ട ഒരു നഷ്ടപ്രണയമുണ്ട്. കുഞ്ഞപ്പന്റേയും ചക്കുപുരക്കല്‍ ത്രേസ്യയുടെതും. കുഞ്ഞപ്പന്റെ വാക്കുകളിലൂടെ മാത്രമാണ് ഇവരുടെ പ്രണയം ചിത്രത്തില്‍ കാണിക്കുന്നത്. ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയ ത്രേസ്യയെ കുഞ്ഞപ്പന് വീണ്ടും കാണുമ്പോള്‍ പ്രേക്ഷകന്റെ മനസും നിറയും. ചാര്‍ളിയിലെ ഏറ്റവും മനോഹരമായ രംഗങ്ങളിലൊന്നാണ് കുഞ്ഞപ്പനും ത്രേസ്യയും കണ്ടുമുട്ടുന്നത്.
2016 ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തില്‍ അനിതയുടെയും കൃഷ്ണന്റേയും പ്രണയം അറിഞ്ഞിട്ടും മുറച്ചെറുക്കനായ ഗംഗ അവളെ വിവാഹം ചെയ്യുന്നു. അനിതയും കൃഷ്ണനെയും ഒന്നാകുമെന്ന് കാണികള്‍ പ്രതീക്ഷിരുന്ന സമയത്താണ് അത് നടക്കാതെ പോകുന്നത്.
2016 ല്‍ തന്നെ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരത്തിലെ മഹേഷും സൗമ്യയും തമ്മിലുള്ള പ്രണയവും അത് നഷ്ടമാകുന്ന രീതിയുമൊക്കെ നമ്മുടെ ജീവിതത്തിലും സംഭവിക്കുന്ന ഒന്നാണ്.
2017 ല്‍ പുറത്തിറങ്ങിയ മായാനദിയും നായകന് മരിക്കുന്ന ട്രാജഡിയിലാണ് അവസാനിക്കുന്നത്. ഇതിലെ മാത്തനും അപ്പുവും നമ്മളില്‍ പലരുടെയും ഇഷ്ടജോഡികളാണ്.