| Sunday, 22nd March 2020, 10:43 pm

ഗന്ധവും രുചിയും അറിയാതായെങ്കില്‍ സൂക്ഷിക്കുക, ചിലപ്പോള്‍ നിങ്ങള്‍ കൊവിഡിന്റെ സ്വകാര്യ വാഹകരാകാമെന്ന് പഠനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗന്ധം തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും കൊവിഡ് പിടിപെട്ടതിന്റെ ലക്ഷണമാവാമെന്ന് യു.കെയിലെ നാസിക സംബന്ധമായ പഠനത്തില്‍ പറയുന്നു. ചിലപ്പോള്‍ മറ്റൊരു ലക്ഷണങ്ങളും കാണിച്ചില്ലെന്നു വരാമെന്നും പഠനത്തില്‍ പറയുന്നു.

സൗത്ത് കൊറിയയിലും ചൈനയിലും ഇറ്റലിയിലും രോഗം പിടിപെട്ട മൂന്നിലൊന്നു രോഗികള്‍ക്കും ഗന്ധം തിരിച്ചറിയാന്‍ പറ്റാത്ത തരം അസുഖങ്ങളായ അനോസ്മിയ, ഹൈപോസ്മിയ എന്നിവ സ്ഥിരീകരിച്ചതായി യു.കെയിലെ ഇ.എന്‍.ടി വിദഗ്ദ്ധര്‍ അറിയിച്ചു.

‘സൗത്ത് കൊറിയയില്‍ വ്യാപകമായി നടന്ന പരിശോധനയില്‍ 30 ശതമാനത്തോളം രോഗികള്‍ക്കും അനോസ്മിയ ഉള്ളതായി കണ്ടെത്തിയിരുന്നു,’ ബ്രിട്ടീഷ് റിനോളജിക്കല്‍ സൊസൈറ്റി പ്രഫസര്‍ ക്ലേര്‍ ഹോപ്കിന്‍സും ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഓട്ടോറിനോളറിംഗൊളോജി പ്രസിഡന്റ് പ്രഫസര്‍ നിര്‍മല്‍ കുമാറും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ലോകത്ത് രോഗം സ്ഥിരീകരിച്ച പല രോഗികള്‍ക്കും കൊവിഡ് 109ന്റെ മറ്റു ലക്ഷണങ്ങളൊന്നും കാണിക്കാതെ മണവും രുചിയും കിട്ടാത്ത ലക്ഷണങ്ങളാണ് കാണിച്ചതെന്നും പ്രൊഫസര്‍മാര്‍ പറഞ്ഞു. അല്ലാത്തവര്‍ക്ക് വലിയ പനിയും ചുമയുമാണ് ലക്ഷണങ്ങളായി കണ്ടുവന്നത്.

‘രോഗം സ്ഥിരീകരിക്കുന്നവരില്‍ മറ്റു ലക്ഷണങ്ങളൊന്നുമില്ലാതെ അനോസ്മിയ മാത്രം റിപ്പോര്‍ട്ടു ചെയ്യുന്ന ആളുകളുടെ എണ്ണം കൂടുതലാണ്,’പ്രസ്താവനയില്‍ പറയുന്നു.

‘ഇറാനിലും വടക്കന്‍ ഇറ്റലിയിലും ഒറ്റപ്പെട്ട അനോസ്മിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇവര്‍ അറിയിച്ചു.

പനിയില്‍ നിന്നും ചുമയില്‍ നിന്നും മാറി ഇത്തരം അസുഖങ്ങള്‍ ഉണ്ടാവുമ്പോള്‍ ആരും തന്നെ സാധാരണ ഗതിയില്‍ പരിശോധിക്കാന്‍ തയ്യാറായിക്കോളണം എന്നില്ല. അവര്‍ കൊവിഡ് 19ന്റെ ഒളിഞ്ഞിരിക്കുന്ന വാഹകരാകാം എന്നും പ്രസ്താവനയില്‍ പറയുന്നു.

യുവാക്കളിലാണ് കൂടുതലായും ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നതെന്നും വിശദമാക്കുന്നു.

‘യുവാക്കളായ രോഗികളില്‍ ഗന്ധത്തിനുള്ള പ്രശ്‌നമൊഴിച്ചാല്‍ മറ്റു ലക്ഷണങ്ങളൊന്നും തന്നെ കാണില്ല. അവര്‍ക്ക് രുചിയും ഗന്ധവും തിരിച്ചറിയാന്‍ കഴിയാതെ വരികയാണ് ചെയ്യുക. അതിനര്‍ത്ഥം ഈ വൈറസുകള്‍ മൂക്കിലാണ് പിടിപെട്ടിരിക്കുന്നത് എന്നാണ്,’ കുമാര്‍ പറഞ്ഞു.

ഇത്തരത്തില്‍ രോഗലക്ഷണങ്ങള്‍ കാണുന്നവരോട് സെല്‍ഫ് ഐസൊലേഷനില്‍ പോകാനും നിര്‍ദേശിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more