| Friday, 31st May 2024, 11:11 am

ഫലസ്തീനെ സ്വതന്ത്ര രാജ്യമായി 80കളിൽ തന്നെ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്; ഇസ്രഈലിന്റെ ആക്രമണത്തെ പിന്തുണക്കില്ല; വിദേശകാര്യ വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: റഫയിലെ അഭയാർത്ഥി ക്യാമ്പിലെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയോർത്ത് ദുഃഖമുണ്ടെന്നും ഇസ്രഈലിന്റെ ആക്രമണം ക്രൂരമാണെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ. ഗസയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഫലസ്തീൻ മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള ഏക മാർഗമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഇസ്രഈൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘റഫയിലെ സാധാരണ ജനങ്ങളുടെ മരണം ഹൃദയഭേദകമാണ്. നിലവിൽ ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങളിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പരിഗണിക്കപ്പെടണം. ഇത് ഞങ്ങൾ നിരന്തരം ആവശ്യപ്പെടുന്നതാണ്. അതി ദാരുണമായ സംഭവം എന്ന നിലയിൽ ഇസ്രഈൽ ഇതിനകം തന്നെ ഇപ്പോൾ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്,’ ജയ്‌സ്വാൾ പറഞ്ഞു.

1980 കളിൽ ഫലസ്തീനെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. നോർവേ, അയർലൻഡ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ഈ അടുത്ത് ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘1980 കളുടെ അവസാനത്തിൽ തന്നെ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഫലസ്തീൻ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കപ്പെട്ടാൽ മാത്രമേ കാലങ്ങളായുള്ള ഇസ്രഈൽ-ഫലസ്തീൻ സംഘർഷത്തിന് പരിഹാരമുണ്ടാവുകയുള്ളു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആശയത്തെ ഇന്ത്യ വളരെ കാലമായി തന്നെ പിന്തുണക്കുന്നുണ്ട്. അതിൽ യാതൊരു വിധ മാറ്റവും ഉണ്ടാകില്ല,’ അദ്ദേഹം പറഞ്ഞു.

റഫയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ 50ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും 200 ൽ അധികം ആളുകൾക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി ഇസ്രഈൽ ടാങ്കറുകൾ റഫയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ആക്രമണം ഇനിയും നീളുമെന്നതാണിത് നൽകുന്ന സൂചന.

ഫെബ്രുവരിയിൽ ഹംഗറി ഒഴികയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ റഫയിലെ ആക്രമണത്തിനെതിരെ ഇസ്രഈലിന് മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlight: loss of civilian lives in Rfah a matter of deep concern

We use cookies to give you the best possible experience. Learn more