ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ബോംബാക്രമണങ്ങളില്‍ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സാധാരണക്കാര്‍ക്ക് നേരെയുള്ള വിവേചന രഹിതമായ ബോംബാക്രമണത്തിലൂടെ ഇസ്രഈലിനുള്ള അന്താരാഷ്ട്ര പിന്തുണ നഷ്ടപ്പെടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഇസ്രഈല്‍ ഇത് തിരച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച ഒരു ധനസമാഹരണ പരിപാടിയില്‍ സംസാരിക്കവെയാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസയില്‍ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന ബോംബാക്രമണത്തിന്റെ പേരില്‍ തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന അന്താരാഷ്ട്ര പിന്തുണ നഷ്ടപ്പെടുന്ന കാര്യം ഇസ്രഈല്‍ തിരിച്ചറിയണമെന്നും ബൈഡന്‍ പറഞ്ഞു.
വൈറ്റ് ഹൈസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ഇസ്രഈല്‍ യുദ്ധമന്ത്രിസഭയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കവെയാണ് ബൈഡന്‍ വിമര്‍ശനം.
‘ഇസ്രഈലിന്റെ സുരക്ഷ അമേരിക്കയുടെ ബാധ്യതയാണ്, എന്നാല്‍ ഇപ്പോള്‍ അമേരിക്ക മാത്രമല്ല യൂറോപ്യന്‍ യൂണിയനടക്കം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള പിന്തുണയും അവര്‍ക്ക് ലഭിക്കുന്നുണ്ട്. പക്ഷെ, ഗസയില്‍ സാധാരക്കാര്‍ക്ക് നേരെ ഇസ്രഈല്‍ നടത്തുന്ന വിവേചന രഹിതമായ ബോംബിങ് കാരണം ആ പിന്തുണ അവര്‍ക്ക് നഷ്ടമാകാന്‍ തുടങ്ങിയിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ യാഥാസ്ഥിക സര്‍ക്കാറാണ് ഇപ്പോള്‍ ഇസ്രഈലിലുള്ളത്. ഈ സര്‍ക്കാറിനെ ഉടന്‍ പുനസംഘടിപ്പിക്കാന്‍ നെതന്യാഹു തയ്യാറാകണം,’ ബൈഡന്‍ പറഞ്ഞു.
content highlights: Losing support for Israel through indiscriminate bombing; Biden with criticism