തോല്‍വി എന്ന വാക്കിന് പുതിയ പര്യായം; എന്നാലും നൈറ്റ് റൈഡേഴ്‌സേ...
Sports News
തോല്‍വി എന്ന വാക്കിന് പുതിയ പര്യായം; എന്നാലും നൈറ്റ് റൈഡേഴ്‌സേ...
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st July 2023, 11:14 am

മേജര്‍ ലീഗ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയമേറ്റുവാങ്ങി ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സ്. നേരത്തെ ഹാട്രിക് തോല്‍വിയേറ്റുവാങ്ങിയ എല്‍.എ.കെ.ആര്‍, കഴിഞ്ഞ മത്സരത്തില്‍ വാഷിങ്ടണ്‍ ഫ്രീഡത്തിനോട് പരാജയപ്പെട്ടിരുന്നു.

ഇന്ന് പുലര്‍ച്ച നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വാഷിങ്ടണ്‍ ഫ്രീഡം നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്തുവിട്ടത്. മോറിസ് വില്ലിലെ ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വാഷിങ്ടണ്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആന്ദ്രേ റസലും റിലി റൂസോയും തകര്‍ത്തടിച്ചെങ്കിലും വിജയം മാത്രം നൈറ്റ് റൈഡേഴ്‌സില്‍ നിന്നും അകന്നുനിന്നു. 37 പന്തില്‍ നിന്നും ആറ് സിക്‌സറും ആറ് ബൗണ്ടറിയുമായി 189.19 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 70 റണ്‍സുമായി റസല്‍ പുറത്താകാതെ നിന്നപ്പോള്‍ 30 പന്തില്‍ 41 റണ്‍സായിരുന്നു റൂസോയുടെ സമ്പാദ്യം.

ക്യാപ്റ്റന്‍ സുനില്‍ നരെയ്ന്‍ അടക്കമുള്ളവരെല്ലാം തന്നെ വീണ്ടും പരാജയപ്പെട്ടപ്പോള്‍ നൈറ്റ് റൈഡേഴ്‌സ് ഇന്നിങ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 175 റണ്‍സ് എന്ന സ്‌കോറിലെത്തി.

വാഷിങ്ടണ്ണിനായി ക്യാപ്റ്റന്‍ മോയസ് ഹെന്‍ റിക്വെസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍കോ യാന്‍സെന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. സൗരഭ് നേത്രാവല്‍ക്കര്‍, അകീല്‍ ഹൊസൈന്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയത്.

176 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റ് വീശിയ വാഷിങ്ടണ്‍ ഓപ്പണര്‍മാരുടെ കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. മാത്യൂ ഷോര്‍ട്ട് 35 പന്തില്‍ നിന്നും 43 റണ്‍സടിച്ചപ്പോള്‍ ആന്ദ്രയസ് ഗോസ് 15 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 40 റണ്‍സ് നേടി പുറത്തായി.

19 പന്തില്‍ 29 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സും 17 പന്തില്‍ പുറത്താകാതെ 26 റണ്‍സ് നേടിയ ഒബുസ് പിനറുമാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഒടുവില്‍ 11 പന്തും ആറ് വിക്കറ്റും ബാക്കിനില്‍ക്കെ ഫ്രീഡം വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും വാഷിങ്ടണ്ണിനായി.

മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഇതുവരെ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാത്ത ഏക ടീമാണ് നൈറ്റ് റൈഡേഴ്‌സ്. ജൂലൈ 23നാണ് നൈറ്റ് റൈഡേഴ്‌സിന്റെ അവസാന മത്സരം. സീസണിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമായ സിയാറ്റില്‍ ഓര്‍ക്കാസാണ് എതിരാളികള്‍.

 

Content Highlight: Los Angeles Knight Riders lost 4th consecutive match in MLC