| Friday, 27th July 2018, 10:15 pm

ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉറപ്പില്‍ ലോറി സമരം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ലോറി ഉടമകള്‍ ഒരാഴ്ചയായി നടത്തിവന്ന സമരം പിന്‍വലിച്ചു. ഈ മാസം 20 മുതല്‍ തുടങ്ങിയ സമരമാണ് കേന്ദ്ര മന്ത്രി പിയുഷ് ഗോയലുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്.

ലോറി ഉടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കി. കേന്ദ്ര ധനമന്ത്രാലയമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്.

ഡീസല്‍വില ചരക്ക് സേവന നികുതി (ജി.എസ്.ടി)യുടെ പരിധിയില്‍ കൊണ്ടുവരിക, ടോള്‍ നിരക്ക് കുറയ്ക്കുക എന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.


Read:  നടുക്കടലില്‍ സഹായം തേടി ഗര്‍ഭിണികളടക്കം 40 അഭയാര്‍ഥികള്‍; തീരത്തടുക്കാന്‍ അനുമതി നിഷേധിച്ച് നാലു രാജ്യങ്ങള്‍


93 ലക്ഷത്തോളം അംഗങ്ങളുള്ള യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കു നീക്കത്തെ ഗുരുതരമായി തന്നെ ബാധിച്ചിരുന്നു. കേരളത്തെയും സമരം കാര്യമായി ബാധിച്ചിരുന്നു.

വിവിധ ചെക്ക്പോസ്റ്റുകള്‍ വഴി ഓരോ ദിവസവും സംസ്ഥാനത്തെത്തുന്ന ലോറികളുടെയെണ്ണം 8000 ല്‍നിന്ന് 1000 ആയി ചുരുങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഉപയോഗിച്ച് അവശ്യ വസ്തുക്കള്‍ എത്തിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ ഫലം കാണാതായതോടെയാണ് ലോറി ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.

We use cookies to give you the best possible experience. Learn more