| Sunday, 3rd May 2020, 2:26 pm

ബി.ജെ.പി നേതാവിന്റെ തോട്ടത്തിലേക്ക് അതിര്‍ത്തി കടന്ന് ലോറി; കളക്ടര്‍ അനുമതി നല്‍കിയെന്ന് ആരോപണം; പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ഇടുക്കിയിലെ തീവ്ര ബാധിത മേഖലയായ കരുണാപുരം പഞ്ചായത്തിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും കുമ്മായവുമായി വന്ന ലോറി നാട്ടുകാര്‍ തടഞ്ഞു. അനധികൃതമായാണ് പൊലീസ് ലോറി കടത്തിവിട്ടതെന്നാരോപിച്ച് പഞ്ചായത്തംഗമുള്‍പ്പെടെ പൊലീസ് ജീപ്പിന് മുന്നില്‍ കിടന്നു പ്രതിഷേധിച്ചു.

എന്നാല്‍ ലോറികടക്കുന്നതിന് കളക്ടറുടെ പാസ് ഉണ്ടെന്ന് പറഞ്ഞ പൊലീസ് പ്രതിഷേധിച്ച് പഞ്ചായത്തംഗവും സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ള നാലുപേര്‍ക്കെതിരെ കേസെടുത്തു.

ബി.ജെ.പി പ്രാദേശിക നേതാവായ മോഹന്‍ദാസിന്റെ തോട്ടത്തിലേക്കാണ് തമിഴ്‌നാട്ടില്‍ നിന്ന് കുമ്മായവുമായി ലോറിയെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം രഞ്ചു ബിജു ഉള്‍പ്പെടെയുള്ളവര്‍ ലോറി തടയുകയായിരുന്നു.

കളക്ടറുടെ പാസുണ്ടെന്നും അതിനാലാണ് ചെക്ക് പോസ്റ്റില്‍ നിന്നും കടത്തിവിട്ടതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം.

ലോറിയില്‍ നിന്നും സാധനങ്ങള്‍ ഇറക്കാനും പ്രതിഷേധിച്ചവര്‍ അനുവദിച്ചില്ല. തുടര്‍ന്ന് പൊലീസുമായി ഉന്തുംതള്ളുമാവുകയായിരുന്നു. പൊലീസ് ഒത്തുകളിച്ചെന്നാരോപിച്ച് പഞ്ചായത്തംഗവും സംഘവും ജീപ്പിനുമുന്നില്‍ കിടന്നു പ്രതിഷേധിച്ചു.

അതേസമയം ആളുകള്‍ കൂട്ടം കൂടിയതിനെ തുടര്‍ന്നാണ് നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്നാണ് കേസ്.

സംഭവസ്ഥലത്തിന് തൊട്ടടുത്താണ് കൊവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ വീട്. ഇതുപോലൊരു സമയത്ത് അതിര്‍ത്തി കടന്ന് ലോറി എത്തുക എന്നു പറയുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്ന് പഞ്ചായത്തംഗം രഞ്ചു ബിജു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more