കളത്തില്‍ കൂടുതല്‍ നല്‍കുന്ന താരത്തെയാണ് എനിക്കിഷ്ടം; ഗോട്ട് ഡിബേറ്റില്‍ മുന്‍ താരം
Football
കളത്തില്‍ കൂടുതല്‍ നല്‍കുന്ന താരത്തെയാണ് എനിക്കിഷ്ടം; ഗോട്ട് ഡിബേറ്റില്‍ മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th August 2023, 10:27 pm

ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ ഇഷ്ട താരത്തെ തെരഞ്ഞെടുത്ത് മുന്‍ ആഴ്സണല്‍ പ്ലെയര്‍ ലോറന്‍. 2003-04 സീസണിലെ പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ കിരീടം നേടിയപ്പോള്‍ ലോറന്‍ ടീമിലുണ്ടായിരുന്നു.

നോര്‍ത്ത് ലണ്ടന്‍ മത്സരത്തിനിടെ ലോറന്‍ നിരവധി തവണ റൊണാള്‍ഡോയെ നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും, ലയണല്‍ മെസിയാണ് മികച്ച താരമെന്നാണ് ലോറന്‍ അഭിപ്രായപ്പെട്ടത്. മെസിയാണ് കളത്തില്‍ കൂടുതല്‍ കാഴ്ച വെക്കുന്ന താരമെന്ന് പറഞ്ഞ ലോറന്‍ റൊണാള്‍ഡോയുടെ മാനസിക ദൃഢതയെ പ്രശംസിക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘എന്റെ അഭിപ്രായത്തില്‍ ലയണല്‍ മെസിയാണ് ബെസ്റ്റ്. ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹം നിങ്ങള്‍ക്ക് കളത്തില്‍ കൂടുതല്‍ നല്‍കും. പക്ഷെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മെന്റല്‍ സ്ട്രെങ്ത് ആണ് അദ്ദേഹത്തെ ഇത്രയധികം സക്സസ് ആക്കിയത്. എന്നിരുന്നാലും ഞാന്‍ മെസിയെ ചൂസ് ചെയ്യും,’ ലോറന്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. യു.എസ് ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ നടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്റര്‍ മയാമിയെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

Content Highlights: Loren praises Lionel Messi