| Friday, 30th August 2024, 8:02 pm

ക്രിക്കറ്റില്‍ താരങ്ങള്‍ റെക്കോഡ് സൃഷ്ടിക്കുന്നത് സാധാരണം, എന്നാലത് ഒരു ഗ്രൗണ്ട് ചെയ്താലോ? ചരിത്ര നേട്ടത്തില്‍ ക്രിക്കറ്റിന്റെ മക്ക

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്ക-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ലോര്‍ഡ്‌സില്‍ തുടരുകയാണ്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ശ്രീലങ്ക ഇംഗ്ലണ്ടിനെ പുറത്താക്കി ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 427 റണ്‍സാണ് സ്വന്തമാക്കിയത്. ഇതിഹാസ താരം ജോ റൂട്ട്, യുവതാരം ഗസ് ആറ്റ്കിന്‍സണ്‍ എന്നിവരുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്.

റൂട്ട് 206 പന്തില്‍ 143 റണ്‍സ് നേടിയപ്പോള്‍ 115 പന്തില്‍ 118 റണ്‍സാണ് ആറ്റ്കിന്‍സണ്‍ അടിച്ചെടുത്തത്. താരത്തിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ 250 ടെസ്റ്റ് സെഞ്ച്വറി പിറക്കുന്ന ആദ്യ വേദിയെന്ന നേട്ടമാണ് ലോര്‍ഡ്‌സിനെ തേടിയെത്തിയത്.

മറ്റൊരു ഗ്രൗണ്ടിലും ഇതുവരെ 200 ടെസ്റ്റ് സെഞ്ച്വറികള്‍ പോലും പിറന്നിട്ടില്ല.

ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍ പിറവിയെടുത്ത ഗ്രൗണ്ടുകള്‍

(ഗ്രൗണ്ട് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്, ലണ്ടന്‍, ഇംഗ്ലണ്ട് – 250*

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്, ഓസ്‌ട്രേലിയ – 191

അഡ്‌ലെയ്ഡ് ഓവല്‍, ഓസ്‌ട്രേലിയ – 188

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്, ഓസ്‌ട്രേലിയ – 187

കെന്നിങ്ടണ്‍ ഓവല്‍, ലണ്ടന്‍, ഇംഗ്ലണ്ട് – 178

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് കാര്യങ്ങള്‍ അത്രകണ്ട് പന്തിയല്ല. നിലവില്‍ 28 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 115ന് ആറ് എന്ന നിലയിലാണ് ശ്രീലങ്ക.

നിഷാന്‍ മധുശങ്ക (15 പന്തില്‍ ഏഴ്), ദിമുത് കരുണരത്‌നെ (26 പന്തില്‍ ഏഴ്), പാതും നിസങ്ക (18 പന്തില്‍ 12), ഏയ്ഞ്ചലോ മാത്യൂസ് (36 പന്തില്‍ 22), ക്യാപ്റ്റന്‍ ധനഞ്ഡയ ഡി സില്‍വ (മൂന്ന് പന്തില്‍ പൂജ്യം), ദിനേഷ് ചണ്ഡിമല്‍ (33 പന്തില്‍ 23) എന്നിവരുടെ വിക്കറ്റാണ് ലങ്കക്ക് നഷ്ടമായത്.

മാത്യു പോട്‌സ്, ഒലി സ്‌റ്റോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

13 പന്തില്‍ 19 റണ്‍സുമായി മിലന്‍ രത്‌നായകെയും 24 പന്തില്‍ 13 റണ്‍സുമായി കാമിന്ദു മെന്‍ഡിസുമാണ് ക്രീസില്‍.

Content Highlight: Lord’s Venue became 1st ever Venue with 250 Test Centuries

We use cookies to give you the best possible experience. Learn more