അഹമ്മദാബാദ്: സീതയെ തട്ടികൊണ്ടുപോയത് രാമനാണെന്ന് ഗുജറാത്തിലെ പാഠപുസ്തകം. ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്സ്റ്റ് ബുക്ക്‌സ് പുറത്തിറക്കിയ 12ാംക്ലാസ് സംസ്‌കൃത പാഠപുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയിലാണ് രാമായണത്തിലെ അടിസ്ഥാന വിവരങ്ങള്‍ തെറ്റായി നല്‍കിയിരിക്കുന്നത്.
കാളിദാസന്റെ രഘുവംശത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്താണ് തെറ്റ് കൂടിയിരിക്കുന്നത്. “രാമന്‍ സീതയെ തട്ടിക്കൊണ്ടുപോയതിനെ പറ്റി ലക്ഷ്മണന്‍ രാമനോടു വിവരിക്കുന്നതിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ പരാമര്‍ശമുണ്ട്” എന്നാണ് പാഠഭാഗത്തെ പരാമര്‍ശം. കൂടാതെ ധാരാളം അക്ഷരത്തെറ്റുകളും ഇന്‍ട്രൊഡക്ഷന്‍ ടു സാന്‍സ്‌ക്രിറ്റ് ലിറ്ററേച്ചര്‍ എന്ന പുസ്തകത്തിലുണ്ട്.
ആദ്യം തെറ്റിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ജി.എസ്.ബി.എസ്.ടി.യുടെ എക്സ്‌ക്യൂട്ടീവ് പ്രസിഡന്റ്, ഡോക്ടര്‍ നിതിന്‍ പേത്താനി പിന്നീട് പരിഭാഷയിലുണ്ടായ പിഴവാണ് തെറ്റിനു കാരണമെന്നും ഗുജറാത്തിയിലുള്ള പുസ്തകത്തില്‍ തെറ്റു സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തിയാലുടനെ നടപടിയെടുക്കുമെന്നും പ്രൂഫ് റീഡെഴ്‌സിനെതിരെയും മൊഴിമാറ്റം നടത്തിയവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും പേത്താനി പറഞ്ഞു. തെറ്റ് പറ്റിയ ഭാഗം ശരിയാക്കി പഠിപ്പിക്കാന്‍ അധ്യാപകരോട് നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.