ന്യൂദൽഹി: രാമൻ തന്റെ ഹൃദയത്തിലാണ് ഉള്ളതെന്നും തനിക്ക് എന്തെങ്കിലും പ്രഹസന പരിപാടികൾ നടത്തേണ്ട കാര്യമില്ലെന്നും രാജ്യസഭാ എം.പി കപിൽ സിബൽ. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യങ്ങൾക്ക് പിന്നാലെയായിരുന്നു കപിൽ സിബലിന്റെ പ്രസ്താവന.
‘രാമൻ എന്റെ ഹൃദയത്തിലുണ്ട്. എനിക്ക് പ്രഹസനം നടത്തേണ്ട കാര്യമില്ല. ഞാൻ എന്റെ ഹൃദയത്തിൽ നിന്നാണ് സംസാരിക്കുന്നത്. അതുകൊണ്ട് ഈ കാര്യങ്ങൾ ഒന്നും എനിക്ക് വിഷയമല്ല. രാമൻ എന്റെ ഹൃദയത്തിൽ ഉണ്ടെങ്കിൽ, എന്റെ ജീവിതത്തിലുടനീളം വഴി കാട്ടിയിട്ടുണ്ടെങ്കിൽ അതിനർത്ഥം ഞാൻ ശരിയായ എന്തൊക്കെയോ ചെയ്തിട്ടുണ്ടെന്നാണ്,’ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് കപിൽ സിബൽ പറഞ്ഞു.
രാമക്ഷേത്രത്തിന്റെ നിർമ്മാണം മുഴുവൻ പ്രഹസനം ആണെന്നും ബി.ജെ.പിയുടെ പെരുമാറ്റം രാമനുമായി യാതൊരു സാമ്യവുമില്ലെന്നും സിബൽ പറഞ്ഞു.
‘ഇത് മുഴുവൻ പ്രഹസനമാണ്. അവർ രാമനെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ അവരുടെ പെരുമാറ്റവും സ്വഭാവവും രാമന്റെ ഏഴയലത്ത് വരില്ല. സത്യസന്ധത, സഹിഷ്ണുത, ത്യാഗം, മറ്റുള്ളവരോടുള്ള ബഹുമാനം എന്നിവയൊക്കെയാണ് രാമന്റെ ഗുണങ്ങളിൽ ചിലത്. എന്നാൽ അവർ ഇതിൽ നിന്ന് നേർ വിപരീതമാണ്,’ സിബൽ പറഞ്ഞു.
പുതിയ ക്രിമിനൽ നിയമങ്ങൾ കൊളോണിയൽ നിയമങ്ങളെക്കാൾ കൂടുതൽ ഗുരുതരമാണെന്നും അവയ്ക്ക് ഇന്ത്യൻ ഗുണങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.
‘ ആദ്യം തന്നെ ഈ ബില്ലുകൾ പാസാക്കിയ രീതി. നമ്മുടെ ഭരണഘടന സംവിധാനങ്ങൾ ബില്ലുകൾ ഈ വിധത്തിൽ അല്ല പാസാക്കേണ്ടത്. നിങ്ങൾ ലോക്സഭയിൽ നിന്ന് 100 പേരെയും രാജ്യസഭയിൽ നിന്ന് 46 പേരെയും സസ്പെൻഡ് ചെയ്തു.
ഈ ബില്ലുകൾ കമ്മിറ്റിയിൽ ചർച്ച ചെയ്തപ്പോൾ പ്രഗത്ഭരായ അഭിഭാഷകരുമായി ബില്ലുകൾ ചർച്ച ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ അവർ തങ്ങളുടെ നേതാക്കൾക്ക് പറയുന്നത് അനുസരിക്കുകയാണ് ചെയ്തത്.
അവർ അത് പാർലമെന്റിൽ കൊണ്ടുവരികയും യാതൊരു ചർച്ചയും ഇല്ലാതെ പാസാക്കുകയും ചെയ്തു,’ സിബൽ പറഞ്ഞു.
പുതിയ ബില്ലുകൾ 90 ശതമാനവും നിലവിലുള്ള നിയമങ്ങളുടെ പരിഭാഷപ്പെടുത്തിയ പതിപ്പാണെന്നും കൊളോണിയൽ നിയമങ്ങളെക്കാൾ കൂടുതൽ ഗുരുതരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlight: ‘Lord Ram in my heart, don’t need to show off’: Kapil Sibal on attending consecration ceremony at Ayodhya