| Monday, 2nd October 2017, 12:24 pm

'യഥാര്‍ത്ഥ രാവണന്‍ സ്റ്റേജിലിരിക്കുന്ന ഈ ബി.ജെ.പി നേതാവാണ്'; ദസറ ആഘോഷത്തിനിടെ 'ശ്രീരാമന്റെ കണ്ടെത്തല്‍'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ സിരോഹിയില്‍ നടക്കുന്ന ദസറ ആഘോഷത്തില്‍ പങ്കെടുക്കാന്‍ നിരവധി ആളുകാണ് വര്‍ഷാവര്‍ഷം എത്തുന്നത്. എന്നാല്‍ ഇക്കൊല്ലം സംഭവിച്ച കഥയിലെ ട്വിസ്റ്റ് ആരും പ്രതീക്ഷിക്കാത്തതായിരുന്നു.

തിന്മയ്ക്കു മേല്‍ നന്മ വിജയം കൈവരിക്കുന്നതിന്റെ ആഘോഷമാണ് ദസറ. ഭീമാകാരനായ രാവണന്റെ രൂപത്തെ രാമവേഷം കെട്ടിയ ആള്‍ അമ്പെയ്ത് തീ കൊളുത്തുന്നതോടെയാണ് ആഘോഷം അവസാനിക്കുക. രാമലീല എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്.

ട്വിസ്‌റ്റെന്താണെന്നല്ലേ? രാമനായി വേഷം കെട്ടിയ മനോജ് കുമാര്‍ മാലി രാവണനെ അമ്പെയ്യുന്നതിന് പകരം വേദിയിലിരിക്കുകയായിരുന്ന ബി.ജെ.പിയുടെ മണ്ഡലം പ്രസിഡന്റ് സുരേഷ് സഗര്‍വാന്‍ഷിയെ ആണ് നന്മയുടെ ശത്രുവായി പ്രഖ്യാപിച്ചത്.

“യഥാര്‍ത്ഥ രാവണന്‍ വേദിയിലിരിക്കുന്ന ഇയാളാണ്. എല്ലാ വിഷയവും രാഷ്ട്രീയമാക്കി മാറ്റുന്നയാള്‍. ഈ സമയത്ത് രാമ ഭഗവാന്‍ ദു:ഖിതനായിട്ടായിരിക്കും തിരികെ വരിക” എന്നു പറഞ്ഞായിരുന്നു മാലി സുരേഷിന് എതിരെ തിരിഞ്ഞത്. മുന്‍സിപ്പല്‍ കൗണ്‍സിലില്‍ നിന്നും ഇയാള്‍ പണം സമ്പാദിക്കാറുണ്ടെന്നും മാലി ആരോപിച്ചു.


Also Read:  ഹാദിയയെ ഈ നരകയാതനയിലേക്ക് തള്ളി വിട്ടതില്‍ എസ്.ഡി.പി.ഐയ്ക്കും ഷെഫിന്‍ ജഹാനുമുള്ള പങ്ക്; ഷാഹിന എഴുതുന്നു


നവരാത്രി ആഘോഷങ്ങള്‍ക്കായുള്ള ഫണ്ടില്‍ നിന്നും പതിനായിരക്കണക്കിന് രൂപ ഇയാള്‍ മുക്കിയെന്നാണ് ആരോപണം.

തുടര്‍ന്ന് മാലിയും അദ്ദേഹത്തിനൊപ്പം പരിപാടി അവതരിപ്പിച്ചിരുന്ന നൂറോളം കലാകാരന്മാരും മുദ്രാവാക്യങ്ങളുയര്‍ത്തി കൊണ്ട് പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. ഇതോടെ സംഘാടകരും കാണികളും അമ്പരന്നു. ഒടുവില്‍ കാണികള്‍ക്കിടയില്‍ നിന്നൊരു കുട്ടിയെ രാമനാക്കി വേഷം കെട്ടിച്ചാണ് രാമലീല അവസാനിപ്പിച്ചത്.

അതേസമയം തനിക്കെതിരായ ആരോപണം സംഘര്‍ഷം സൃഷ്ടിക്കാനുള്ളതാണെന്നും പരിപാടി അലങ്കോലമാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more