കടലില്‍ നിന്നു കരയുയര്‍ത്തിയ പരശുരാമന്‍ മികച്ച എന്‍ജിനിയറെന്ന് മനോഹര്‍ പരീക്കര്‍
India
കടലില്‍ നിന്നു കരയുയര്‍ത്തിയ പരശുരാമന്‍ മികച്ച എന്‍ജിനിയറെന്ന് മനോഹര്‍ പരീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th September 2017, 7:29 pm

 

പനാജി: കടലില്‍നിന്ന് കര ഉയര്‍ത്തിയെടുത്തുവെന്നു വിശ്വസിക്കപ്പെടുന്ന പരശുരാമന്‍ മികച്ച എന്‍ജിനീയറായിരുന്നെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. പനാജിയില്‍ “എഞ്ചിനിയേഴ്‌സ് ഡേ”യോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പരശുരാമാന്‍ മികച്ച എഞ്ചിനിയറായിരുന്നെന്ന് പരീക്കര്‍ പറഞ്ഞത്.


Also Read: ‘കോഹ്‌ലിയോട് മുട്ടാന്‍ നില്‍ക്കരുത്’; ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസീസ് ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇതിഹാസം


കേരളത്തിലെന്നപോലെ പോലെ ഗോവ സൃഷ്ടിച്ചതും പരശുരാമനാണെന്ന ഐതീഹ്യം സംസ്ഥാനത്തുണ്ട്. ഈ കഥയെ അടിസ്ഥാനമാക്കിയാണ് പരീക്കറിന്റെ പ്രസ്താവന. എന്‍ജിനീയര്‍മാരുടെ മികവിനെ രാജ്യം അംഗീകരിക്കുന്ന ദിവസമാണെന്ന് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു പരീക്കറിന്റെ പരശുരാമനെക്കുറിച്ചുള്ള പരാമര്‍ശം.

“കടലില്‍നിന്ന് കര സൃഷ്ടിച്ചെടുക്കുന്ന എന്‍ജിനീയര്‍മാരുടെ വിഭാഗത്തിലാണ് പരശുരാമന്റെയും സ്ഥാനം. ഹസ്തിനപുരവും പാണ്ഡവന്മാരുടെ കൊട്ടാരവും പോലുള്ള ഒട്ടേറെ മാതൃകകള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ നമുക്കു പരിചിതമാണ്. എല്ലാത്തരം സാങ്കേതികതയും ഉപയോഗിച്ച് തയാറാക്കിയതായിരുന്നു അവയെല്ലാം. ഇന്ത്യയെ സംബന്ധിച്ച് എന്‍ജിനീയറിങ് ഏറെ പഴക്കമുള്ള കലയും വൈദഗ്ധ്യവുമാണ്. ആധുനികകാലത്ത് അത് അംഗീകരിക്കപ്പെടുന്നുണ്ട്.” പരീക്കര്‍ പറഞ്ഞു.

നേരത്തെയും മിത്തുകളെയും പുരാണങ്ങളെയും ശാസ്ത്രവുമായി ബന്ധിപ്പിച്ച് നിരവധി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടന്നത് ഗണപതി ഭഗവാന്റെ തല മാറ്റിയതാണെന്നും കര്‍ണന്റെ ജനനം ജനിതക ശാസ്ത്രത്തെക്കുറിച്ച് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഇന്ത്യക്കാര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിലായിരുന്നു മോദിയുടെ ഈ പരാമര്‍ശം.