| Wednesday, 28th November 2018, 4:42 pm

18 മലകളും തിരിച്ചുപിടിക്കും; അയ്യപ്പന്റെ അമ്മാവന്‍ സംസാരിക്കുന്നു

ജംഷീന മുല്ലപ്പാട്ട്

ല്ലാ പ്രായത്തിലുമുള്‍പ്പെട്ട സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്ന ശേഷം വിശ്വാസത്തെ ആയുധമാക്കി തീവ്രഹിന്ദുത്വ സംഘടനകളും സംഘപരിവാര്‍ സംഘടനകളും കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.

ഈ ഘട്ടത്തില്‍ ശബരിമലയടക്കമുള്ള 18 മലകളില്‍ നിന്നും കുടിയിറക്കപ്പെട്ട മല അരയ- ആദിവാസിസമൂഹം തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമിക്കും വിഭവങ്ങള്‍ക്കും ക്ഷേത്രസ്വത്തിനും മേലുള്ള അവകാശങ്ങള്‍ ഉന്നയിക്കുകയും പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശബരിമല അയ്യപ്പന്റെ അമ്മാവന്‍ സ്ഥാനീയനായ പി.ആര്‍ പൊന്നപ്പന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

ശബരിമല അയ്യപ്പനുമായുള്ള ബന്ധം

ഞങ്ങളുടെ കാരണവന്‍മാര്‍ തൊട്ട് പറഞ്ഞ് കേട്ടുള്ള അറിവാണ് ഞങ്ങള്‍ക്കുള്ളത്. ഞങ്ങള്‍ ശബരിമലയില്‍ പോകാറില്ല. ചെറുപ്പത്തില്‍ അച്ഛനമ്മമാരോട് ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് നമ്മള്‍ മാത്രം ശബരിമലയില്‍ പോകാത്തതെന്ന്, നമുക്ക് പോകണം എന്ന ആഗ്രഹമുണ്ടല്ലോ എന്നൊക്കെ. അപ്പോള്‍ അവര്‍ പറഞ്ഞു -“ശബരിമലയില്‍ നമുക്ക് പോകാന്‍ പാടില്ല മോനെ… നമ്മള്‍ ശബരിമല അയ്യപ്പന്റെ അമ്മാവന്‍ സ്ഥാനീയരാണ്. അമ്മാവന്‍ സ്ഥാനീയര്‍ മരുമകന്റെ അടുത്ത് പോകാന്‍ പാടില്ല”.-ഇന്നുവരെ ഞങ്ങളുടെ കുടുംബക്കാരാരും ശബരിമലയില്‍ പോയിട്ടില്ല. ഞങ്ങള്‍ പോകുകയും ഇല്ല.

ശബരിമല അയ്യപ്പന്റെ അമ്മാവന്‍സ്ഥാനീയരുടെ എത്രാമത്തെ തലമുറയാണ്.

ആദ്യത്തെ ആളുടെ പേര് കണ്ടന്‍, രണ്ടാമത്തെ ആള് ഇട്ട്യാതി, മൂന്നാമത്തെ രാമന്‍, നാലാമത്തെ തലമുറയാണ് ഞങ്ങളുടെത്. നാലാമത്തെ തലമുറവരെയാണ് ഓര്‍മ്മയുള്ളത്.

പന്തളം മുന്‍ രാജകുടുംബവും തന്ത്രി കുടുംബവും മല അരയരും ശബരിമലയില്‍ ഉന്നയിക്കുന്ന അവകാശവാദം

കേരളചരിത്രത്തില്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ ഏഴാം നൂറ്റാണ്ട് വരെ ഇരുളടഞ്ഞതാണെന്നാണ് പറയുന്നത്. ആര്‍ക്കുമറിയില്ല. ആ ചരിത്രം മുഴുവന്‍ കുഴിച്ച് മൂടിയിട്ടിരിക്കുകയാണ്.

ALSO READ: ശബരിമലയിലേത് കുട്ടിച്ചാത്തന്‍ ; ഇപ്പോള്‍ നടക്കുന്നതെല്ലാം ആചാര ലംഘനം; ആര്‍ രാമാനന്ദ് സംസാരിക്കുന്നു

അത് പുറത്തെടുത്താല്‍ ഇന്നത്തെ അവസ്ഥയ്ക്ക് ഒത്തിരി വ്യത്യാസം വരും.

ഞങ്ങള്‍ ആയിര്‍ രാജാക്കന്‍മാരുടെ പരമ്പരയില്‍പ്പെട്ടതാണെന്നാണ് പറയുന്നത്. രാജവംശത്തില്‍പ്പെട്ടത്. ആയിര്‍ ലോപിച്ചാണ് അരയര്‍ ആവുന്നത്. അങ്ങനെ ആ പരമ്പരയില്‍പ്പെട്ടതുകൊണ്ട് ഈ ചരിത്രം മൂടപ്പെട്ടിരിക്കയാണ്.

മല അരയ സമുദായത്തിന്റെ ഗോത്രാചാരത്തിനും സംസ്‌കാരത്തിനും മേല്‍ ബ്രാഹ്മണാധിനിവേശം ഉണ്ടായിട്ടില്ലേ

ഉണ്ട്. ഇപ്പോള്‍ ഉള്ളതൊന്നും പഴയകാലത്തെയല്ല. പണ്ട് കാലത്ത് ഹൈന്ദവര്‍, ഞങ്ങള്‍ മല അരയന്മാരുടെ പഞ്ചാലങ്കാര പൂജ, ആ പൂജ എനിയ്ക്ക് കൃത്യമായിട്ട് അറിയില്ല. ഏറ്റവും ഉത്തമമായ പൂജയാണെന്നാണ് പറഞ്ഞിരുന്നത്.

പഞ്ചലങ്കാര പൂജ, വറപൊടി, തേനഭിഷേകം, ഇങ്ങനെയൊക്കെ ശബരിമലയില്‍ നടത്തിക്കൊണ്ടിരുന്നതാണ്. അതിനൊക്കെ മാറ്റം വന്നു. സത്യത്തില്‍ അവിടത്തെ ഒരു രാജാവായിരുന്നു അതിന്റെ മന്ത്രിമാരടക്കം പരിവാരങ്ങളാണ് ഇപ്പുറത്തേക്കുള്ള ഈ കൊച്ചുകളിത്താ, മാളിയേക്കി തൊട്ടുള്ള മാളികപ്പുറത്തമ്മ എന്നിങ്ങനെ. ഇവരെല്ലാം അതിന്റെ പരിവാരങ്ങളാണ്. രാജാവിരിക്കുന്നത് തൊട്ട് കാവലിന് ആള്‍ക്കാറുണ്ടാകുമല്ലോ. അങ്ങനെയുള്ള ആള്‍ക്കാരായിരുന്നു. ഇതെല്ലാം കാലഘട്ടത്തിനനുസരിച്ച് ബ്രാഹ്മണിക്കലായി.

ഒരു കാലഘട്ടത്തില്‍ വാത്മീകി ആരായിരുന്നു… അത് കാട്ടാളനാണെന്നാണ് പറയുന്നത്. വേദവ്യാസനാരാ… കാളീയരക്തിയുടെ മകനാണ്. വേദങ്ങളെഴുതിയത് തന്നെ വേദവ്യാസനാണ്. മഹാഭാരതം ഇതെല്ലാം എഴുതിയത് കാട്ടാളനാണ്. അദ്ദേഹം എഴുതിയതല്ലേ ഇന്ന് മുഴുവന്‍ നടത്തപ്പെടുന്നത്.

അതിനകത്തൊരുപാട് മാറ്റം വന്നു. പിന്നെയുള്ളത് യഥാര്‍ത്ഥ രാമായണം, യഥാര്‍ത്ഥ ശിവപുരാണം ഇതൊക്കെ മറഞ്ഞുകിടക്കയാണ്. ഇതൊക്കെ കാലഘട്ടത്തിനനുസരിച്ച് ഒരോരുത്തരെഴുതും.

എഴുത്തച്ഛനാഴെുതിയിട്ടുള്ള രാമായണത്തില്‍ ബ്രാഹ്മണിക്കലായിട്ടുള്ള രാമായണത്തില്‍ പുള്ളിയുടെ ജാതിയുടെ അധിനിവേശത്തിന്റെ ആധികാരികത വെച്ച് വന്നിട്ടുള്ള തിരുത്തലുകളുണ്ട്. അത് മാറ്റിയിട്ടുണ്ട്. യഥാര്‍ത്ഥ രാമായണം നമ്മള്‍ കണ്ടുപിടിക്കണം. അതുപോലെ ശിവപുരാണം. ശിവപുരാണത്തില്‍ നിന്നാണ് ഇത് മുഴുവന്‍ പോയിരിക്കുന്നത്. ശിവപുരാണം കണ്ടുപിടിക്കണം. അത് പന്ത്രണ്ടോ പതിനാലോ വാല്യങ്ങളെങ്ങാനും ഉണ്ട്.

അത് ഗുരുവായൂര്‍ എവിടെയോ ഒരു ഇല്ലത്തുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. മുഴുവന്‍ വാല്യം വേറെ എവിടെയും എന്നാണ് പറയുന്നത്.

പറഞ്ഞുവരുന്നത് ഇതില്‍ നിന്ന് മനസിലാക്കാം പുരാതനമായത്, പഴയതെല്ലാം മാറ്റപ്പെട്ടുവെന്ന്. ഇപ്പോള്‍ ബി.ജെ.പി വരുമ്പോള്‍ ഗാന്ധിയെ കൊന്ന ഗോഡ്‌സെ നല്ലവനായില്ലെ. ഗാന്ധിജിയുടെ സ്ഥാനം പോയില്ലേ. അതുപോലെ ചരിത്രം മാറ്റപ്പെടും. അധികാരികള്‍ ചരിത്രത്തെ അവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി മാറ്റും.

ഈ ആര്യന്‍മാരെഴുതിയ, അവരുടെ പരമ്പരകളെഴുതിയ ചരിത്രമാണ് നമ്മള്‍ പഠിക്കുന്നത്. അതല്ല മോഹന്‍ജെദാരോയിലും ഹാരപ്പയിലുമൊക്കെ പോകണം. ദ്രാവിഡ സംസ്‌കാരം, സൈന്ധവ സംസ്‌കാരം നമ്മള്‍ പഠിക്കണം. എന്നാലെ ഇതിലെ യാഥാര്‍ത്ഥ്യം നമുക്ക് മനസിലാക്കാന്‍ പറ്റൂ.

ഹിന്ദുത്വ സംഘപരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ച്

ഇതിനെല്ലാം മാറ്റങ്ങള്‍ ഉണ്ടാവണം, മാറ്റങ്ങള്‍ വരും. അതിന് ഒരിക്കലും പ്രതിഷേധിച്ചിട്ട് കാര്യമില്ല. ഈ മാളികപ്പുറത്തമ്മ എന്ന് പറഞ്ഞാല്‍ ഋതുമതിയായ സ്ത്രീയാണ്. ഋതുമതിയായ സ്ത്രീ അവിടെ ഇരിക്കുമ്പോള്‍ അവിടെ യുവതികള്‍ക്ക് പോകാന്‍ പാടില്ല എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണെന്നെ ഞാന്‍ പറയൂ. മല അരയദൈവങ്ങള്‍ക്ക് താന്ത്രികവിധിയിലും പുരാണത്തിലും ഒരു വിധിയില്ല അവരുടെ ദൈവങ്ങള്‍ക്ക്. അതിനൊരാചാരവുമില്ല. ഇവര് കല്‍പ്പിക്കുന്ന ആചാരങ്ങള്‍ അവര്‍ ചെയ്യുന്നു. ആചാരമെന്തായിരുന്നെന്ന് പൂര്‍വികര്‍ക്കെ അറിയൂ. അതൊക്കെ മാറ്റപ്പെട്ടു. അറിയാവുന്നവരാണെങ്കിലും അത് മൂടപ്പെട്ടു. രേഖകളുണ്ടെങ്കില്‍ അത് തിരിച്ചും മറിച്ചുമിട്ടിരിക്കുകയാണ്. 18 മലകളിലെ രാജാക്കന്‍മാരുടെ പടികളാണ് ഒരോ പടിയും. ഒരോ പടിയിലും ഒരോ രാജാക്കന്‍മാരുടെ പേരെഴുതിയിട്ടുണ്ടെന്നാണ് പറയുന്നത്. ഒന്നാമത്തെ പടിയില്‍ കരിമല അരയന്‍ എന്ന് പറഞ്ഞ് എഴുതിയിരിക്കുകയാണ്.

ദേവസ്വം ബോര്‍ഡ് പടി തിരിച്ചിട്ടു. ജിയോളജിക്കല്‍ സര്‍വേയോ മറ്റോ നടത്തിയാല്‍ അത് ബോധ്യമാകും. സര്‍വേ നടത്തണം. അങ്ങനെയാണെങ്കില്‍ ഒരു കമ്മീഷന്‍ വെച്ചിട്ട് സര്‍വേ നടത്തിയിട്ട് അതിന്റെ രേഖകളെടുക്കട്ടെ. ഉള്ള രേഖകള്‍ കാണുമല്ലോ. വാമൊഴിയായാലും വരമൊഴിയായാലും ഈ രേഖകളെടുത്തിട്ട് യാഥാര്‍ത്ഥ്യം മനസിലാക്കട്ടെ.

ചരിത്രമുണ്ട്. ഞങ്ങള്‍ക്ക് ശബരിമലയില്‍ പോകാന്‍ വയ്യെങ്കിലും ഇവിടെ ഞങ്ങളുടെ പെരിയാറ്റമ്പലത്തില്‍ എല്ലാ സ്ത്രീകളും പോകുന്നുണ്ട്.

രജസ്വലയായ സ്ത്രീയാണെങ്കില്‍ കൂടി അവര്‍ക്കും ഈ താന്ത്രികവിധി പ്രകാരം 41 ദിവസത്തെ വ്രത മെടുക്കാം…അതിനും വിധിയുണ്ടെന്നാണ് പറയുന്നത്.

പൂര്‍വികരുടെ കാലത്ത് സന്നിധാനത്ത് സത്രീകള്‍ കയറിയിരുന്നോ

അവിടെ ഒന്നാമത് വനമാണ്. ചിലപ്പോള്‍ കൊള്ളക്കാര്‍ കാണാം. വനത്തിലൂടെയുള്ള യാത്രയാണ് പണ്ട്. അവിടെ ബാക്കിയുള്ള ഞങ്ങളുടെ ആളുകളെല്ലാം പ്രായഭേദമന്യേ പൂജയും ചോറൂണുമൊക്കെ നടത്തിയിട്ടുള്ളതാണ്. അന്നേരം നാട്ടില്‍ നിന്ന് പോകുകയാണെങ്കില്‍ ഈ സ്ത്രീകളെക്കൊണ്ട് പോകുമ്പോള്‍ വനത്തില്‍ ആക്രമണമുണ്ടായിക്കഴിഞ്ഞാല്‍ രക്ഷിക്കാന്‍ കൊണ്ടുപോകുന്നവര്‍ക്ക് സാധിക്കില്ല.

യുവതിളെയായിരിക്കുമല്ലോ കൂടുതലും ആക്രമിക്കുള്ളൂ..പിള്ളേരെ ആക്രമിക്കില്ലല്ലോ…സ്വത്തുക്കളൊന്നും കൊണ്ട് ശബരിമലയിലേക്ക് പോകില്ലല്ലോ..അങ്ങനെ പോകുമ്പോള്‍ യുവതികളായ സ്ത്രീകള്‍ക്ക് നേരെ ആക്രമണമുണ്ടാകാം. വനത്തിനുള്ളില്‍ കൊള്ളക്കാരും പിടിച്ചുപറിക്കാരും ഉണ്ടാകാം. ആ ഒരു വിഷയത്തിന്റെ പേരിലാണ് അവരെ ഒഴിവാക്കിയത് എന്നാണ് എന്റെ വിശ്വാസം.

പിന്നെ ബ്രാഹ്മണിക്കല്‍ നിയമം വന്നപ്പോള്‍ രജസ്വല എന്ന് പറഞ്ഞു മാറ്റിനിര്‍ത്തുന്നു. രജസ്വല എന്ന് പറഞ്ഞാല്‍ ഒരു സ്ത്രീയ്ക്ക് അണ്ഡമുണ്ടാകുന്നു അവര്‍ക്ക് അടുത്ത തലമുറ സൃഷ്ടിക്കുവാനുള്ള കഴിവുണ്ടാകുന്നു.

ALSO READ: ഫാഷിസ്റ്റ് കാലത്തെ മാധ്യമപ്രവര്‍ത്തനം-കാരവന്‍ എഡിറ്റര്‍ വിനോദ് ജോസ് സംസാരിക്കുന്നു

ഞങ്ങളുടെ കാഴ്ചപ്പാടില്‍ ആ സ്ത്രീയെ ദേവിയെപ്പോലെ ആരാധിക്കുന്ന, ബഹുമാനിക്കുന്ന മാളികപ്പുറത്ത് ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് തന്നെ കയറ്റിയിരുത്തി എല്ലാ സാധനങ്ങളും അവിടെ എത്തിച്ചുകൊടുത്ത് കാവലിന് ആളെയും നിര്‍ത്തി.

പ്രായഭേദമന്യേ സ്ത്രീകള്‍ പോയിക്കൊണ്ടിരുന്നതാണ്. അവിടെ സ്ത്രീകള്‍ താമസിച്ചിരുന്നു. അതാണല്ലോ തെളിവ്. ഋതുമതിയായ സ്ത്രീയെയാണ് മാളികപ്പുറത്തേക്ക് മാറ്റിയിരുത്തിയിരിക്കുന്നത്. അങ്ങനെയാണ് മാളികപ്പുറത്തമ്മ എന്ന പേര് വന്നിരിക്കുന്നത്.അല്ലെങ്കില്‍ മാളികപ്പുറത്തമ്മ എന്ന വിളിക്കണോ.. ഏതെങ്കിലും ദേവിയുടെ പേരിട്ട് വിളിച്ചാ പോരെ.

മല അരയര്‍ക്കും മലപണ്ടാരങ്ങള്‍ക്കും നഷ്ടപ്പെട്ട അവകാശങ്ങളും ഭൂമിയും തിരിച്ചുകിട്ടേണ്ടതല്ലേ

ഞങ്ങള്‍ക്കൊരു വിശാലമായ കാഴ്ചപ്പാടുള്ള സമൂഹമാണ്. എന്തും കൊടുത്തേ ശീലമുള്ളൂ… ഇന്നും വിശന്നുവരുന്നവന് ആഹാരം കൊടുത്തേ ശീലമുള്ളൂ. ഞങ്ങള്‍ക്കെല്ലാവര്‍ക്കും എല്ലാം ഉണ്ടായിരുന്നതാണ്.

അതിഥി ദേവോ ഭവ എന്ന വിശ്വാസം പിന്തുടര്‍ന്ന് ആര് വന്നാലും സത്യസന്ധമായി സ്വീകരിക്കും. പുറത്ത് നിന്ന് വരുന്നവരുടെ കള്ളത്തരം മനസിലാക്കുന്നില്ല. ഇന്നും കേരളത്തിലെ ആദിവാസികളോ ഏതെങ്കിലും ഗ്രാമത്തിലുള്ളവരോ ആയിരിക്കും സത്യസന്ധതയോടെ ജീവിക്കുന്നവര്‍.

കൊടുത്ത ശീലിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് ഇത് മുഴുവന്‍ വേണമെന്ന് ഇന്നും ആവശ്യപ്പെടുന്നില്ല. ഞങ്ങളെ സംബന്ധിച്ച് എല്ലാവരും ഒന്നിച്ച് കൊണ്ടുപോകണം. ഇത് ജനം മനസിലാക്കണം.

മല അരയ സമുദായത്തിന് ശബരിമലയില്‍ അവകാശമില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പറയുന്നു

കണ്ഠരര് രാജീവര്‍ക്കല്ല, ഇന്നത്തെ തന്ത്രിയ്ക്ക് അങ്ങനെ പറയാനൊരവകാശവുമില്ല. ഇവിടത്തെ ആദിവാസികള്‍ക്ക് അല്ലെങ്കില്‍ മല അരയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ശബരിമലയെക്കുറിച്ച് ആധികാരികമായിട്ട് അല്ലെങ്കില്‍ അവസാവ വാക്ക് പറയാനുള്ള അധികാരം.

അവരാണ് അതിന്റെ അവകാശികള്‍. അവരേക്കാള്‍ കൂടുതല്‍ അറിവ് ഈ തന്ത്രിയ്‌ക്കോ ഇന്നുള്ള ആര്‍ക്കുമില്ല.

ശബരിമലയിലെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡില്‍ പരാതി നല്‍കിയിട്ടുണ്ടോ

ഇതിനെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡില്‍ അപേക്ഷിച്ച് ഞങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോയ ഒരു ആളാണ്. അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ മുന്‍പ് ഇരുന്ന ആളായിരുന്നു. അന്ന് ഞാന്‍ വെച്ച ഡിമാന്റ് ഇങ്ങനെയാണ്. നമ്മള്‍ നൂറവകാശമെങ്കിലും ചോദിച്ചാലേ ഒരവകാശമെങ്കിലും കിട്ടു.

അന്നിത് കൊടുക്കാന്‍ പോയവര്‍ പറഞ്ഞത് ആദ്യം ഇത് പൊന്നമ്പലമേട്ടിലെങ്കിലും കിട്ടട്ടേ…മറ്റ് കാര്യങ്ങള്‍ പിന്നെ ചോദിക്കാം എന്നാണ്. ഇക്കാരണത്താലാണ് അത് മാത്രം അവകാശപ്പെട്ടത്.

ഞാന്‍ അന്നുമിന്നുമെന്നും പറയുന്നു ശബരിമല അവകാശപ്പെട്ടത് മല അരയ സമുദായത്തിനാണ്. അവര്‍ക്ക് അത് മുഴുവന്‍ കൊടുക്കണമെന്ന് പറയാന്‍ നമുക്കാവില്ലല്ലോ. എല്ലാവരും ഒരേ രീതിയില്‍ ഒരുമിച്ച് ജീവിക്കണം. ഇത്തരത്തില്‍ വിശാല കാഴ്ചപ്പാടില്‍ ചിന്തിച്ചത് കൊണ്ടാണ് ഞങ്ങള്‍ക്കെല്ലാം നഷ്ടപ്പെട്ടത്.

മുഴുവന്‍ തിരിച്ചുതരണമെന്നാണ് ആഗ്രഹം.

ശബരിമല അയ്യപ്പന്റെ അവകാശം ഹിന്ദുക്കള്‍ക്ക് മാത്രമാണെന്ന് അവര്‍ ഉന്നയിക്കുന്നു.

അയ്യപ്പന് ജാതിയോ മതമോ ഒന്നുമില്ല. അയ്യപ്പനൊരു രാജ്യത്തിന്റെ അവകാശി, ഒരു രാജകുമാരനായിരുന്നു. 18 മല ഭരിച്ചിരുന്ന ആളായിരുന്നു.

അദ്ദേഹത്തിന് എല്ലാവരും ഒരുപോലെയായിരുന്നു. അതാണല്ലോ പന്തളത്ത് രാജാവിനെ യുദ്ധത്തില്‍ സഹായിച്ചത്.

അവിടെ ജാതിയോ മതമോ ഇല്ല. ആര്‍ക്കുവേണമെങ്കിലും ഏത് സമയത്തും ചെല്ലാം. ഹിന്ദു എന്ന് പറഞ്ഞാല്‍ ഒരു മതമായിട്ട് പോലും ഞാന്‍ അംഗീകരിക്കുന്നില്ല,.

ഹിന്ദു ഒരു സംസ്‌കാരമാണ്. അതിന് മുന്‍പ് ദ്രാവിഡ സംസ്‌കാരം, സൈന്ധവ സംസ്‌കാരം. ഞാന്‍ സൈന്ധവനാണോ ഹിന്ദുവാണോ.. എന്നല്ല. ഹിന്ദുമതം സ്ഥാപിച്ച ആള്‍ ഇല്ലല്ലോ. അങ്ങനെ ഒരാളില്ല. ഹിന്ദുമതം ഇന്നയാള്‍ സ്ഥാപിച്ചു എന്ന് എവിടെയെങ്കിലും രേഖകളുണ്ടോ. ഇല്ല

ബൈബിളില്‍ ക്രിസ്തുവാണ് ക്രിസ്തുമതം സ്ഥാപിച്ചത് എന്ന് പറയുന്നുണ്ട്. നബിയാണ് മുസ്‌ലിം മതം സ്ഥാപിച്ചത് എന്നൊക്കെ പറയുന്നുണ്ട്. ഹിന്ദുവിന് ഇങ്ങനെയൊരു ആചാര്യനോ ഇന്നയാള്‍ സ്ഥാപിച്ചുവെന്നോ പറയാനില്ല. അത് പല ജാതികള്‍ പല സംസ്‌കാരങ്ങള്‍ കൂട്ടി ഇന്നിപ്പോ അത് ഹിന്ദു സംസ്‌കാരമായിട്ട് പോകുന്നു. അതിന് മുന്‍പ് ദ്രാവിഡ സംസ്‌കരമുണ്ടായിരുന്നു, സൈന്ധവ സംസ്‌കാരമുണ്ടായിരുന്നു.

ആദ്യത്തെത് സൈന്ധവ സംസ്‌കാരമാണ്. ദക്ഷിണേന്ത്യയില്‍, കേരളത്തിലൊക്കെ വേട സംസ്‌കാരമായിരുന്നു. ശിവന്‍- വേടന്‍, വേടസംസ്‌കാരമായിരുന്നു ഇവിടുത്തേത്. അതെങ്ങനാ ഹിന്ദുമതമാകുന്നത്.

എല്ലാവരിലും മാറ്റം വന്ന് കഴിഞ്ഞപ്പോള്‍ എല്ലാവരെയും കൂട്ടി. വേട സംസ്‌കാരവും ദ്രാവിഡ സംസ്‌കാരവും കൂട്ടിക്കലര്‍ത്തി ഒരു ഹിന്ദു മജോറിറ്റിയായി കഴിഞ്ഞപ്പോള്‍ അതിനെ ഹിന്ദുസംസ്‌കാരമാക്കി, ആ ഒരു സംസ്‌കാരത്തിലേക്ക് അങ്ങോട്ട് നീങ്ങുന്നു. അല്ലാതെ ഒരു മതമല്ല ഹിന്ദു. അങ്ങനെ അംഗീകരിക്കാനും പറ്റില്ല.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം