തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ഭഗവാന്‍ ശ്രീ അയ്യപ്പന്‍ സഹായിക്കുമെന്നു മന്ത്രി ഇ.പി ജയരാജന്‍. ശബരിമല വിഷയം തങ്ങള്‍ക്കു സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ശബരിമല വിഷയത്തില്‍ ജനങ്ങള്‍ ഞങ്ങളുടെ നിലപാട് അംഗീകരിച്ചു. ഇടതുപക്ഷം ശരിയായ നിലപാട് അന്നും ഇന്നും എടുത്തുകൊണ്ടിരിക്കുകയാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭഗവാന്‍ ശ്രീ അയ്യപ്പന്‍ ഞങ്ങളെ സഹായിക്കും.’- അദ്ദേഹം പറഞ്ഞു,
അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി. സുധാകരന്‍ നടത്തിയ ‘പൂതന’ പ്രയോഗം സാഹിത്യാത്മക പരാമര്‍ശമാണെന്നും അദ്ദേഹം ന്യായീകരിച്ചു. പുരാണങ്ങളിലുള്ളതു സുധാകരന്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.
പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് ജി. സുധാകരന്‍ പറഞ്ഞത്.
തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ‘കഴിഞ്ഞ തവണ 38,000 വോട്ടിന് തോറ്റപ്പോഴും സി.ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ള പ്രചാരണം നടത്തുകയാണ്.
അരൂരില്‍ ഒരു വികസനവുമില്ലെന്ന് പറയുന്ന ഷാനിമോള്‍ ഉസ്മാന്‍ എങ്ങനെയാണ് വികസനം കൊണ്ടു വരിക.വീണ്ടും അരൂരില്‍ ഒരു ഇടതു എം.എല്‍.എ യാണ് വേണ്ടത്.’- സുധാകരന്‍ പറഞ്ഞു. സുധാകരന്റെ പ്രസ്താവന സി.പി.ഐ.എം തള്ളിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സുധാകരന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീവിരുദ്ധ നിലപാട് അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എം എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സുധാകരന്റെ വിവാദ പ്രസ്താവനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. വിഷയത്തില്‍ ഡി.ജി.പിയും ആലപ്പുഴ ജില്ലാകലക്ടറും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു.
സുധാകരനെതിരെ ഷാനിമോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാനിമോള്‍ കമ്മീഷന് പരാതി നല്‍കിയത്. പെരുമാറ്റച്ചട്ട ലംഘനത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നാണ് പരാതി.