2019ലെ ബജറ്റില്‍ നിന്ന് അപ്രത്യക്ഷമായ അതേ തുകയാണ് ഇപ്പോള്‍ ആര്‍.ബി.ഐയില്‍ നിന്നും പിടിച്ചുപറിക്കുന്നത്; ആ പണം എന്തിനു ചിലവഴിച്ചു? ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ്
Economic Crisis
2019ലെ ബജറ്റില്‍ നിന്ന് അപ്രത്യക്ഷമായ അതേ തുകയാണ് ഇപ്പോള്‍ ആര്‍.ബി.ഐയില്‍ നിന്നും പിടിച്ചുപറിക്കുന്നത്; ആ പണം എന്തിനു ചിലവഴിച്ചു? ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 11:35 am

 

ന്യൂദല്‍ഹി: 2019ലെ പൊതുബജറ്റില്‍ നിന്നും അപ്രത്യക്ഷമായ തുകയ്ക്ക് ഏതാണ്ട് തുല്യമായ തുകയാണ് ഇപ്പോള്‍ ആര്‍.ബി.ഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്നും കേന്ദ്രം സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്ന് കോണ്‍ഗ്രസ്. 1.76 ലക്ഷം കോടി രൂപയാണ് കരുതല്‍ ധനശേഖരത്തില്‍ നിന്നും ആര്‍.ബി.ഐ കേന്ദ്രത്തിനു നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തുവന്നത്.

‘ ആര്‍.ബി.ഐ ഇപ്പോള്‍ സര്‍ക്കാറിനു നല്‍കുന്ന 1.76ലക്ഷം കോടി രൂപ 2019ലെ ബജറ്റ് പ്രഖ്യാപനത്തില്‍ നിന്നും കാണാതായ തുകയ്ക്ക് ഏതാണ്ട് സമാനമാണ്. ആ പണം എവിടെ ചിലവഴിച്ചു? എന്തുകൊണ്ട് അത് ബജറ്റില്‍ നിന്നും അപ്രത്യക്ഷമായി? ആര്‍.ബി.ഐയെ ഇതുപോലെ കൊള്ളയടിക്കുന്നത് സാമ്പത്തിക രംഗത്തിന് കൂടുതല്‍ തിരിച്ചടിയാവുകയേയുള്ളൂ. ബാങ്കിന്റെ ക്രഡിറ്റ് റേറ്റിങ് കുറയാനും ഇടയാക്കും.’ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക അക്കൗണ്ടുകളില്‍ 1.7ലക്ഷം കോടി രൂപയോളം കാണാനില്ലെന്നു വ്യക്തമായിരുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ റതിന്‍ റോയിയായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ബിസിനസ് സ്റ്റാന്റേര്‍ഡിലെഴുതിയ ലേഖനത്തിലാണ് രണ്ടുലക്ഷം കോടിയോളം രൂപയുടെ അന്തരമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 2018-19 കാലയളവിലെ റവന്യൂ വരുമാനം സംബന്ധിച്ച ബജറ്റിലെ കണക്കും സാമ്പത്തിക സര്‍വ്വേയും പരിശോധിച്ചപ്പോഴാണ് ഇത്രവലിയ തുകയും അന്തരം കണ്ടെത്തിയത്.

സര്‍ക്കാര്‍ എത്ര വരുമാനം പ്രതീക്ഷിക്കുന്നുവെന്നതാണ് പുതുക്കിയ എസ്റ്റിമേറ്റ് എന്ന രീതിയില്‍ ബജറ്റില്‍ കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എത്രത്തോളം കിട്ടിയെന്ന് സാമ്പത്തിക സര്‍വ്വേയില്‍ പ്രൊവിഷണല്‍ ആക്ച്വല്‍സ് (പി.എ) ആയി കാണിക്കുന്നു.

ബജറ്റിനേക്കാള്‍ കൃത്യത സാമ്പത്തിക സര്‍വ്വേയിലെ ഈ കണക്കിനാണ്. 2018-19 വര്‍ഷത്തേക്ക് 17.3 ലക്ഷം കോടിയാണ് പുതുക്കിയ എസ്റ്റിമേറ്റായി ബജറ്റില്‍ കാണിക്കുന്നത്. എന്നാല്‍ സാമ്പത്തിക സര്‍വ്വേയുടെ പി.എയില്‍ 15.6 ലക്ഷം കോടി രൂപയെന്നാണ് കാണിക്കുന്നത്. അതായത് 1.7 ലക്ഷം കോടിയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാറിന്റെ ചെലവ് കണക്കിലും ഈ പൊരുത്തക്കേട് പ്രകടമായിരുന്നു. 2018-19 വര്‍ഷത്തേക്ക് 24.6 ലക്ഷം കോടിയാണ് ചെലവായി ബജറ്റില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക സര്‍വ്വേയില്‍ സര്‍ക്കാറിന്റെ ചെലവ് 23.1ലക്ഷം കോടിയാണ്. ഏതാണ്ട് 1.5 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.