| Monday, 13th November 2023, 9:08 am

ലിയോ കാണാന്‍ ഹോളിവുഡും കൂടിയേ ബാക്കിയുള്ളുവെന്നാണ് തോന്നുന്നത്: വിജയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവംബര്‍ ഒന്നിന് നടന്ന ലിയോ സക്സസ് സെലിബ്രേഷന്‍ വലിയ ചലനമായിരുന്നു സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചത്. ലിയോ ഓഡിയോ ലോഞ്ചിന് അനുമതി ലഭിക്കാതിരുന്നത് പ്രേക്ഷകര്‍ക്ക് വലിയ നിരാശ സൃഷ്ടിച്ചിരുന്നു. എന്നാല്‍ റിലീസിന് പിന്നാലെ സക്സസ് മീറ്റ് പ്രഖ്യാപിച്ചത് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

സക്സസ് സെലിബ്രേഷനില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരുന്നത് ദളപതിയുടെ പ്രസംഗം കേള്‍ക്കാന്‍ വേണ്ടി തന്നെയായിരുന്നു. പതിവായുള്ള കുട്ടിക്കഥ ഉള്‍പ്പെടെ പറഞ്ഞ് തന്റെ പ്രസംഗത്തിലൂടെ വിജയ് സദസിനെ കയ്യിലെടുത്തിരുന്നു. ഈ പ്രസംഗത്തിലെ ഒരു വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. സംവിധായകന്‍ ലോകേഷ് കനകരാജിനെ പ്രശംസിക്കുന്നതിനിടക്ക് നടത്തിയ പരാമര്‍ശമാണ് വൈറലാവുന്നത്.

‘മാനഗരം വീണ്ടും കാണാന്‍ പ്രേരിപ്പിച്ചു. കൈതി വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിച്ചു. മാസ്റ്ററും വിക്രവും ഇന്ത്യയെ ആകെ തന്നെ കാണാന്‍ പ്രേരിപ്പിച്ചു. ലിയോ കാണാന്‍ ഹോളിവുഡും കൂടിയെ ബാക്കിയുള്ളുവെന്നാണ് തോന്നുന്നത്. തീര്‍ച്ചയായും അവരുടെ അടുത്തേക്കും ലോകേഷ് എത്തും. ഞാന്‍ ഒരുപാട് ഹാപ്പിയാണ് മാന്. കീപ് റോക്ക്,’ എന്നാണ് വിജയ് പറഞ്ഞത്.

ഒക്ടോബര്‍ 19നാണ് ലിയോ തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനേയോ ജനപ്രീതിയേയോ ബാധിച്ചിരുന്നില്ല. 540 കോടിയാണ് ആഗോളതലത്തില്‍ ലിയോ സ്വന്തമാക്കിയിരിക്കുന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ 200 കോടി കളക്ഷനാണ് ലിയോ സ്വന്തമാക്കിയത്. ചിത്രത്തിന്റെ വിദേശ വിതരണക്കാരായ ഫാര്‍സ് ഫിലിമാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ മാത്രം 58 കോടിയാണ് ലിയോ നേടിയത്. കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രമെന്ന രജനികാന്തിന്റെ ജയിലറിന്റെ റെക്കോര്‍ഡ് മറികടന്നാണ് ലിയോ ഒന്നാം സ്ഥാനത്ത് എത്തിയത്. ജയിലര്‍ കേരളത്തില്‍ ആകെ 57 കോടി രൂപയായിരുന്നു നേടിയത്.

തൃഷ, മാത്യു തോമസ്, ഇയല്‍, ഗൗതം വാസുദേവ് മേനോന്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്‍, മഡോണ, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു.

Content Highlight: Looks like Hollywood is left to watch Leo, says Vijay

We use cookies to give you the best possible experience. Learn more