| Thursday, 2nd March 2023, 11:52 am

'അവൻ ടീമിലുള്ളവർക്ക് ശല്യം'; മെസിയെക്കാൾ മൂല്യമുള്ള യുവ അർജന്റൈൻ താരത്തിനെതിരെ വിമർശനം

സ്പോര്‍ട്സ് ഡെസ്‌ക്

അർജന്റീനക്കായി ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച് പ്രശംസ പിടിച്ചുപറ്റിയ താരമായിരുന്നു എൻസോ ഫെർണാണ്ടസ്. അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായകമായ പങ്കുവഹിച്ച താരത്തെ തേടി ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

ലോകകപ്പോടെ ട്രാൻസ്ഫർ വിപണിയിൽ മൂല്യം കുതിച്ചുയർന്ന എൻസോ ഫെർണാണ്ടസിനെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ നിന്നും റെക്കോർഡ് തുകയായ 121 മില്യൺ യൂറോ നൽകിയാണ് ചെൽസി തങ്ങളുടെ ക്യാമ്പിലേക്കെത്തിച്ചത്.

പ്രീമിയർ ലീഗിലെ തങ്ങളുടെ മോശം ഫോമിൽ നിന്നും കരകയറാനായിരുന്നു എൻസോയുടെ സൈനിങ്‌ കൊണ്ട് ചെൽസി ശ്രമിച്ചത്. എന്നാൽ ക്ലബ്ബിലെത്തി അഞ്ച് മത്സരങ്ങൾ കളിച്ചെങ്കിലും ടീമിനായി ഒരു അസിസ്റ്റ് സ്വന്തമാക്കാനെ എൻസോക്ക് ഇതുവരെ സാധിച്ചിട്ടുള്ളൂ.

എന്നാലിപ്പോൾ താരത്തിന്റെ മെന്റാലിറ്റിയെയും ശരീര ഭാഷയെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരമായ ഗബ്രിയേൽ ഗാബി അഗ്ബൻലഹോർ.

എൻസോ സഹതാരങ്ങൾക്ക് ശല്യമാണെണ് ഗബ്രിയേൽ ഗാബി വാദിക്കുന്നത്.

ടോക്ക്സ്പോർട്ടിന് നൽകിയ അഭിമുഖത്തിലായിരുന്നു എൻസോയെ പറ്റിയുള്ള തന്റെ അഭിപ്രായം ഗബ്രിയേൽ ഗാബി തുറന്ന് പറഞ്ഞത്.
“ഞാൻ കളിക്കാരുടെ ശരീര ഭാഷയെക്കുറിച്ച് വളരെ ആശങ്കവാനാണ്. ഹവേർട്ട്സ് കളിക്കളത്തിൽ കാര്യമായൊന്നും ചെയ്യുന്നില്ല.

സ്റ്റെർലിങ്‌ ഗ്രൗണ്ടിൽ മൊത്തം ഓടി നടക്കുന്നുണ്ട്, എന്നാൽ താരത്തിന് പന്ത് ലഭിക്കുന്നില്ല. എൻസോ നന്നായി കളിക്കുന്നുണ്ട് എന്നാൽ ടീമിലെ സഹ താരങ്ങൾക്ക് ശല്യമാകുന്ന രീതിയിലാണ് അവന്റെ മനോഭാവം. ഇവരൊന്നും തമ്മിൽ കളിക്കളത്തിൽ ഒരു ബന്ധവുമില്ല,’ ഗബ്രിയേൽ ഗാബി പറഞ്ഞു.

അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ജയിക്കാൻ ചെൽസിക്ക് സാധിച്ചിട്ടില്ല.


അതേസമയം പ്രീമിയർ ലീഗിൽ 24 മത്സരങ്ങളിൽ നിന്നും എട്ട് വിജയത്തോടെ 31 പോയിന്റുമായി ലീഗ് ടേബിളിൽ പത്താം സ്ഥാനത്താണ് ചെൽസി. മാർച്ച് നാലിന് ഇന്ത്യൻ സമയം രാത്രി 8:30ന് ലീഡ്സ് യുണൈറ്റഡിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Looks annoyed at his teammates Gabby Agbonlahor said about enzo Fernandez

We use cookies to give you the best possible experience. Learn more