| Saturday, 2nd March 2024, 11:01 am

സിദ്ധാർത്ഥന്റെ മരണം; മുഖ്യപ്രതി സിൻജോ ജോൺസൻ ഉൾപ്പെടെ മൂന്നുപേർ പൊലീസ് പിടിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. മുഖ്യപ്രതി സിൻജോ ജോൺസൻ, കാശിനാഥൻ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. കൊല്ലം കരുനാഗപ്പള്ളിയിൽ വെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്.

ഒളിവിൽ പോയ സൗദ് റിസാൽ, കാശിനാഥൻ ആർ.എസ്., അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കെതിരെ വയനാട് ജില്ലാ പൊലീസ് നേരത്തെ ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേസിൽ പ്രതിച്ചേർത്ത 18 പേരിൽ ഇപ്പോൾ മൂന്ന് പേർ ഒളിവിലാണ്.

കഴിഞ്ഞ ദിവസം പ്രതിപ്പട്ടികയിൽ ഉള്ള 18 പേർക്കും മറ്റൊരു വിദ്യാർത്ഥിക്കും കോളേജ് ആന്റി റാഗിങ് കമ്മിറ്റി മൂന്ന് വർഷത്തേക്ക് പഠനവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇവർക്കിനി പ്രവേശനം നേടാൻ സാധിക്കില്ല. കൂടാതെ മറ്റു 12 വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്കും പഠന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അധ്യാപകർ വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് ആന്റി റാഗിങ് കമ്മിറ്റി തെളിവെടുത്ത പശ്ചാത്തലത്തിലാണ് 31 പേരെ കുറ്റക്കാരായി കണ്ടെത്തി നടപടി സ്വീകരിച്ചത്. വിദ്യാർത്ഥികളെ കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കാനും നിർദ്ദേശമുണ്ട്.

ഫെബ്രുവരി 18നായിരുന്നു സിദ്ധാർത്ഥനെ ക്യാമ്പസ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിനു തൊട്ടുമുൻപുള്ള മൂന്നു ദിവസങ്ങളിൽ സീനിയർ വിദ്യാർത്ഥികളും സഹപാഠികളും സിദ്ധാർത്ഥനെ ക്രൂരമർദനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു.

ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണയും ആരും സഹായത്തിന് എത്താത്തതിനെ തുടർന്നുണ്ടായ നിസ്സഹായതയും മൂലമുള്ള കടുത്ത മനോവിഷമത്തെ തുടർന്നാണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് നിഗമനം.

Content Highlight: Lookout notice against four accused in Sidharth death case

We use cookies to give you the best possible experience. Learn more