ന്യൂയോര്‍ക്ക്: ആദ്യത്തെ കണ്‍മണി ആണായിരിക്കണമെന്നും, അവന്‍ അച്ഛനെ പോലെയിരിക്കണമെന്നുമാണ് ചലച്ചിത്രഗാനത്തില്‍ നമ്മള്‍ കേട്ടിട്ടുള്ളത്. കണ്‍മണി ആണായാലും പെണ്ണായാലും കാണാന്‍ അച്ഛനെ പോലെയാണെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് അത് വളരെ നല്ലതാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ജനിച്ച ഉടന്‍ കുഞ്ഞിനെ കാണാന്‍ അച്ഛനെ പോലെയാണെങ്കില്‍ കുഞ്ഞിന് മറ്റു കുഞ്ഞുങ്ങളെ അപേക്ഷിച്ച് ആദ്യ ഒരുവര്‍ഷത്തിനു ശേഷം കൂടുതല്‍ ആരോഗ്യമുണ്ടാകുമെന്ന് അമേരിക്കയിലെ ബിങ്ഹംടണ്‍ സര്‍വ്വകലാശാല, സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനനത്തില്‍ പറയുന്നത്.
715 കുടുംബങ്ങളെ നിരീക്ഷിച്ചാണ് ഗവേഷകസംഘം പഠനം നടത്തിയത്. കുഞ്ഞുങ്ങള്‍ കാണാന്‍ അച്ഛനെ പോലെയാണെങ്കില്‍ അച്ഛന്‍മാര്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടും. ഇതാണ് കുഞ്ഞിന്റെ ആരോഗ്യത്തെ സഹായിക്കുന്നത് എന്ന് പഠനം പറയുന്നു.
കുഞ്ഞുങ്ങളുടെ ആരോഗ്യാവസ്ഥ എന്താണെന്ന് അമ്മമാരില്‍ നിന്ന് ചോദിച്ചറിയുകയാണ് ഗവേഷകര്‍ ആദ്യം ചെയ്തത്. മോശം, തൃപ്തികരം, നല്ലത്, വളരെ നല്ലത്, ഏറെ മികച്ചത് എന്നിങ്ങനെ ഏതുവിഭാഗത്തിലാണ് കുഞ്ഞിന്റെ ആരോഗ്യമെന്ന് തരം തിരിക്കാന്‍ ഗവേഷകര്‍ അമ്മമാരോട് ആവശ്യപ്പെട്ടു.
ഈ വിവരങ്ങള്‍ പരിശോധിച്ച് കുഞ്ഞിന് ആസ്ത്മ പോലുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യം ഗവേഷകര്‍ പരിശോധിച്ചു. കൂടാതെ ജനിച്ചതു മുതല്‍ കുഞ്ഞിനെ കാണിക്കാനായി എത്രതവണ ഡോക്ടറുടെ അടുക്കലെത്തി, അടിയന്തിര വിഭാഗത്തില്‍ എത്രതവണ പ്രവേശിപ്പിക്കേണ്ടി വന്നു, ദൈര്‍ഘ്യം കൂടിയ ആശുപത്രി സന്ദര്‍ശനം ഏത് തുടങ്ങിയ വിവരങ്ങളും ഗവേഷകര്‍ ശേഖരിച്ചു.
ഈ വിവരങ്ങള്‍ അപഗ്രഥിച്ചാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. ജനനസമയത്ത് കാണാന്‍ അച്ഛന്‍മാരെ പോലെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആദ്യ പിറന്നാളിനു ശേഷം കൂടുതല്‍ ആരോഗ്യമുണ്ടെന്നാണ് ഇവരുടെ നിഗമനം. ഈ രൂപസാദൃശ്യമുള്ള കുഞ്ഞുങ്ങള്‍ക്കൊപ്പം അച്ഛന്‍മാര്‍ കൂടുതല്‍ സമയം ചെലവഴിക്കും. രൂപസാദൃശ്യമില്ലാത്ത കുഞ്ഞുങ്ങള്‍ക്കൊപ്പം അച്ഛന്‍മാര്‍ ചെലവഴിക്കുന്നതിനേക്കാള്‍ പ്രതിമാസം രണ്ടര ദിവസം അധികം സമയമാണ് രൂപസാദൃശ്യമുള്ള അച്ഛന്‍മാര്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം ചെലവഴിക്കുന്നത് പഠനത്തില്‍ പറയുന്നു.
കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ അച്ഛന്‍മാര്‍ക്കുള്ള പങ്ക് ഏറെ പ്രാധാന്യമുള്ളതാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത് എന്ന് ഗവേഷകസംഘത്തിലെ ഡോക്ടര്‍ പോളചെക് പറയുന്നു. അച്ഛന്‍മാര്‍ അകന്നു താമസിക്കുന്നവരാണെങ്കില്‍ അത്തരം കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും പഠനം പറയുന്നു.
ജേര്‍ണല്‍ ഓഫ് ഹെല്‍ത്ത് എക്കണോമിക്‌സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.