[]ന്യൂദല്‍ഹി: രാജ്യത്തെ കായികരംഗത്തിന്റെ പുരോഗമനത്തിനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കായികമന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കായികമന്ത്രി ജിതേന്ദ്ര സിങ്. സച്ചിനോടുള്ള ആദരസൂചകമായി ഒരു പരിപാടി സംഘടിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“രാജ്യത്തെ കായികരംഗത്തിന്റെ ഉന്നമനത്തിനായി സച്ചിന്‍ യുവജന കാര്യകായികമന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിന് മുമ്പായി ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.” മന്ത്രി പറഞ്ഞു.
“ഈ രാജ്യത്തിന്റെയും ഇവിടത്തെ യുവത്വത്തിന്റെയും പ്രതീകമാണ് അദ്ദേഹം. ഞാനും അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹത്തിന് പുരസ്‌കാരം നല്‍കാന്‍ ആലോചിക്കുന്നുണ്ട്. അനുമോദനച്ചടങ്ങും പരിഗണനയിലുണ്ട്. ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈയില്‍ സച്ചിന്റെ വിരമിക്കല്‍ മത്സരം കാണാന്‍ പോകുമോ എന്ന ചോദ്യത്തിന് അങ്ങനെ പ്രതീക്ഷിക്കുന്നതായി സിങ് മറുപടി നല്‍കി.
സച്ചിന്റെ അവസാനമത്സരം ഒരു യാത്രയയപ്പായി മാറ്റുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഇതൊരു യാത്രയയപ്പല്ല. ഇത് അദ്ദേഹത്തിന് പുതിയൊരു തുടക്കമാണ്.
രാജ്യത്തെ നിരവധി യുവാക്കളെ കായികമേഖലയിലേയ്ക്ക് ആകര്‍ഷിക്കാന്‍ സച്ചിന് കഴിയും.” മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്നാമത് സുല്‍ത്താന്‍ ജോഹര്‍ കപ്പ് നേടിയ ജൂനിയര്‍ ഹോക്കി ടീമിന് നല്‍കിയ അനുമോദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിയറിലെ 200ാമത് ടെസ്‌റ്റോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണെന്ന് സച്ചിന്‍ പ്രഖ്യാപിച്ചത് അടുത്ത കാലത്താണ്. വെസ്റ്റിന്‍ഡീസിനെതിരെ മുംബൈയിലാണ് ഈ മത്സരം നടക്കുക.