തെലങ്കാനയിലെ 'ഓപ്പറേഷന്‍ താമര'; തുഷാര്‍ വെള്ളാപ്പള്ളിക്കും ജഗ്ഗു സ്വാമിക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്
national news
തെലങ്കാനയിലെ 'ഓപ്പറേഷന്‍ താമര'; തുഷാര്‍ വെള്ളാപ്പള്ളിക്കും ജഗ്ഗു സ്വാമിക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd November 2022, 3:34 pm

ഹൈദരാബാദ്: തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസിന്റെ എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ (ഓപ്പറേഷന്‍ താമര) ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടര്‍ ജഗ്ഗു സ്വാമിക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

തെലങ്കാന പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.

നവംബര്‍ 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ചുകൊണ്ട് തുഷാര്‍ വെള്ളാപ്പള്ളിക്കും ജഗ്ഗു സ്വാമിക്കും നേരത്തെ നോട്ടീസയച്ചിരുന്നു. ഇത് നവംബര്‍ 23ലേക്ക് നീട്ടിനല്‍കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് അംഗീകരിച്ചില്ല.

ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

എന്‍.ഡി.എ സഖ്യകക്ഷി ഭാരത് ധര്‍മ ജനസേനയുടെ (ബി.ഡി.ജെ.എസ്) നിലവിലെ പ്രസിഡന്റായ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെ എന്‍.ഡി.എയുടെ സംസ്ഥാന കണ്‍വീനര്‍ കൂടിയാണ്.

എം.എല്‍.എമാരെ വിലയ്ക്കുവാങ്ങാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ സതീഷ് ശര്‍മ എന്ന രാമചന്ദ്രഭാരതിയുടെ അടുത്ത സുഹൃത്താണ് ഡോക്ടര്‍ ജഗ്ഗു സ്വാമി. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇയാള്‍ കേസിലെ ഇടനിലക്കാരനാണെന്നാണ് സൂചന. ഇയാളെ അന്വേഷിച്ചായിരുന്നു നേരത്തെ തെലങ്കാന പൊലീസിന്റെ അന്വേഷണസംഘം കേരളത്തിലെത്തിയത്.

എന്നാല്‍ പ്രത്യേക അന്വേഷണസംഘം കേരളത്തിലെത്തിയതിന് പിന്നാലെ ജഗ്ഗു സ്വാമി ഒളിവില്‍ പോയിരുന്നു. ഇയാളുമായി പരിചയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനും ഇതേ കേസില്‍ ചൊവ്വാഴ്ച രാവിലെ തെലങ്കാന പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ ഹാജരാകാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ട് സന്തോഷ് പൊലീസിന് മറുപടിക്കത്ത് നല്‍കിയിരുന്നു.

ഏജന്റുമാരില്‍ പ്രധാനിയായ രാമചന്ദ്ര ഭാരതിയുമായി ഫോണ്‍ സംഭാഷണം നടത്തിയ തുഷാര്‍ വെള്ളാപ്പള്ളി എം.എല്‍.എമാര്‍ക്ക് അമ്പത് കോടി വീതം വാഗ്ദാനം ചെയ്തുവെന്ന വീഡിയോ തെളിവുകളടക്കമായിരുന്നു ടി.ആര്‍.സ് പൊലീസിന് കൈമാറിയത്.

പിന്നാലെ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുകയും തുഷാറിന്റെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി നോട്ടീസ് നല്‍കുകയുമായിരുന്നു. തുഷാറിന്റെ അസാന്നിധ്യത്തില്‍ ഓഫീസ് സെക്രട്ടറിയായിരുന്നു നോട്ടീസ് കൈപ്പറ്റിയത്.

നല്‍ഗോണ്ട ജില്ലാ പൊലീസ് മേധാവി രമ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പൊലീസ് അന്വേഷണ സംഘം കേരളത്തിലെത്തി കൊച്ചിയിലും കൊല്ലത്തുമായി പരിശോധന നടത്തിയിരുന്നു.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് തന്നെ സമീപിച്ചിട്ടില്ലെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്. പൊലീസ് തനിക്ക് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെന്നും എം.എല്‍.എമാരെ കൂറുമാറ്റാനുള്ള നീക്കത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും തുഷാര്‍ പറഞ്ഞിരുന്നു.

2022 ഒക്ടോബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. നാല് ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയില്‍ ചേരാന്‍ 100 കോടി രൂപ വാഗ്ദാനം നല്‍കിയെന്നതാണ് കേസ്. മൂന്ന് പേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാസര്‍ഗോഡ് സ്വദേശിയായ പുരോഹിതന്‍ രാമചന്ദ്രഭാരതി, കര്‍ണാടകയിലെ പുട്ടൂരിലെ സ്വാമി സിംഹയാജി, ഹൈദരാബാദിലെ വ്യവസായി നന്ദകുമാര്‍ കോര്‍ എന്നിവരായിരുന്നു അറസ്റ്റിലായത്.

അതേസമയം, തുഷാര്‍ വെള്ളാപ്പള്ളി ഏജന്റുമാര്‍ വഴി ടി.ആര്‍.എസ് (തെലങ്കാന രാഷ്ട്ര സമിതി) എം.എല്‍.എമാരുമായി സംസാരിക്കുന്ന ശബ്ദരേഖയായിരുന്നു ടി.ആര്‍.എസ് ആദ്യം പുറത്തുവിട്ടത്. രണ്ട് ദിവസത്തിനുള്ളില്‍ ഡീല്‍ ഉറപ്പിക്കാമെന്നായിരുന്നു ശബ്ദരേഖയില്‍ തുഷാര്‍ പറഞ്ഞത്. ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് കാര്യങ്ങള്‍ ഡീല്‍ ചെയ്ത് തരുമെന്ന് ഏജന്റുമാര്‍ക്ക് ഉറപ്പുനല്‍കുന്നതും പുറത്തുവിട്ട ശബ്ദരേഖയിലുണ്ടായിരുന്നു.

ഡീലിന് മുമ്പ് ഒന്ന് കാണണമെന്നും ഏജന്റ് നന്ദകുമാറിനോട് തുഷാര്‍ പറയുന്നതും ഓഡിയോയിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു തുഷാര്‍ വെളളാപ്പളളിയുടെ പ്രതികരണം.

എന്നാല്‍ തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമരക്ക്’ പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു തന്നെ ആരോപിച്ചിരുന്നു. നാല് ടി.ആര്‍.എസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച മൂന്ന് പേരെ കോടിക്കണക്കിന് രൂപയുമായി പൊലീസ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കെ.സി.ആറിന്റെ ആരോപണം.

ടി.ആര്‍.എസ് എം.എല്‍.എമാരെ ബി.ജെ.പിയിലെത്തിക്കാന്‍ തുഷാര്‍ ശ്രമിച്ചു. ഇതിനായി ടി.ആര്‍.എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുഷാര്‍ 100 കോടിയാണ് വാഗ്ദാനം ചെയ്തത്. നാല് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചു. കേസില്‍ അറസ്റ്റിലായ ഏജന്റുമാര്‍ പ്രവര്‍ത്തിച്ചത് തുഷാറിന്റെ നിര്‍ദേശപ്രകാരമെന്നും കെ.സി.ആര്‍ നവംബര്‍ മൂന്നിന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

തെലങ്കാന, ആന്ധ്രാപ്രദേശ്, ദല്‍ഹി, രാജസ്ഥാന്‍ സര്‍ക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. തുഷാര്‍ അമിത് ഷായുടെ നോമിനിയാണെന്നും കെ.സി.ആര്‍ പറഞ്ഞിരുന്നു. എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന, മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒളിക്യാമറ ദൃശ്യങ്ങളും കെ.സി.ആര്‍ പുറത്തുവിട്ടിരുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച വ്യക്തിയാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്ന് പറഞ്ഞ ചന്ദ്രശേഖര റാവു, തുഷാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇരിക്കുന്ന ചിത്രവും വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ മുഖ്യമന്ത്രി തെലങ്കാന ഹൈക്കോടതിക്ക് കൈമാറി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തെളിവുകള്‍ കൈമാറുമെന്നും കെ.സി.ആര്‍ വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളെ മുന്‍നിര്‍ത്തിക്കൊണ്ട് വിഷയം രാജ്യവ്യാപക ക്യാമ്പെയ്നാക്കി മാറ്റി മുന്നോട്ട് കൊണ്ടുപോകാനാണ് കെ.സി.ആറിന്റെ ശ്രമം.

അതേസമയം, ടി.ആര്‍.എസ് എം.എല്‍.എ രോഹിത് റെഡ്ഡിയെ വലവീശിപ്പിടിക്കാന്‍ ബി.ജെ.പി ശ്രമം നടത്തി എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നൂറ് കോടി രൂപ ബി.ജെ.പിയുടെ ബ്രോക്കര്‍മാര്‍ വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ തെലങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Content Highlight: Look out notice issued against Thushar Vellappally and Kerala doctor Jaggu Swamy in Telangana MLA poaching case