| Saturday, 1st July 2023, 8:20 pm

ഷാജന്‍ സ്‌കറിയക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കായി ലുക്ക് ഔട്ട്. കൊച്ചി സിറ്റി പൊലീസാണ് ഷാജന്‍ സ്‌കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് നോട്ടീസ് ഇറക്കിയത്. ഇയാള്‍ക്കായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. രണ്ടാഴ്ചയായി ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു.

സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എം.എല്‍.എ ശ്രീനിജനെതിരായ അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് വി.ജി. അരുണ്‍ തള്ളിയിരുന്നത്. എറണാകുളം സെഷന്‍സ് കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച്.

സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനെന്ന നിലയില്‍ ശ്രീനിജന്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ ദുരുപയോഗം ചെയ്യുന്നുവെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് ഷാജന്‍ നല്‍കിയത്.

വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി.വി. ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ശ്രീനിജന്റെ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്.

ഇതിന് പിന്നാലെ എം.എല്‍.എയുടെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഷാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആ ആവശ്യവും കോടതി തള്ളുകയായിരുന്നു.

മാധ്യമപ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്നാണ് കോടതി അന്ന് പറഞ്ഞത്. ഷാജന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ കോടതി അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഷാജന്‍ ഒളിവില്‍പോകുകയായിരുന്നു.

Content Highlight: Look out for Shajan Skaria, editor of Marunadan Malayali

We use cookies to give you the best possible experience. Learn more